/indian-express-malayalam/media/media_files/ZP2sJCgBM5BLxTyHcNUv.jpg)
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയുടെ അണിയറയിലെ പുഴുകുത്തുകളും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്ന് ഉയർന്ന ലൈംഗികാരോപണങ്ങളും താരസംഘടനയായ അമ്മയെ വരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അമ്മയിൽ ഭാരവാഹികളായവർ ഉൾപ്പെടെ ലൈംഗികാരോപണങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിൽ താരസംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവയ്ക്കുകയും അമ്മയുടെ 17 അംഗ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്.
ജൂനിയർ ആർട്ടിസ്റ്റുകളും സിനിമയിൽ അവസരങ്ങൾ തേടുന്ന പുതുമുഖ നടിമാരുമൊക്കെയാണ് കഴിഞ്ഞ ദിവസം വരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ മുൻനിര നടിമാരും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ നിന്നും കയ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടുവെന്നും അതിനാലാണ് താൻ മലയാളത്തിൽ തുടരാതിരുന്നതെന്നുമായിരുന്നു സുപർണയുടെ വാക്കുകൾ. സിനിമയിൽ അഭിനയിക്കുമ്പോൾ പലതരത്തിലുള്ള സമ്മര്‍ദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആ സമ്മർദങ്ങൾക്ക് താൻ നിന്നുകൊടുത്തില്ലെന്നുമാണ് വൈശാലി, ഞാൻ ഗന്ധർവൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുപർണ വ്യക്തമാക്കിയത്.
അതിലും ഗുരുതരമായൊരു ആരോപണമാണ് തെന്നിന്ത്യൻ നടിയായ രാധിക ശരത് കുമാർ ഇന്ന് ഉന്നയിച്ചിരിക്കുന്നത്. മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവമാണ് രാധിക വെളിപ്പെടുത്തിയത്. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയത്.
"കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി പുരുഷന്മാർ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരിൽ പ്രത്യേകം ഫോൾഡറുകൾ ഉണ്ട്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയി. ഭയന്ന് പിന്നീട് ലൊക്കേഷനിലെ കാരവാൻ ഉപയോഗിച്ചില്ല," രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
"പാടില്ലാത്തത് പലതും കേരളത്തിൽ നടക്കുന്നു. അന്നവരോട് ശക്തമായി പ്രതികരിച്ചു," എന്നും രാധിക പറഞ്ഞു. മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ദിലീപ് ചിത്രങ്ങളായ രാമലീല, പവി കെയർ ടേക്കർ എന്നിവയിലാണ് സമീപകാലത്ത് രാധിക അഭിനയിച്ച മലയാളചിത്രങ്ങൾ.
സെറ്റിൽ സ്ത്രീകൾക്ക് ബാത്ത് റൂം സൗകര്യമൊരുക്കാനും വസ്ത്രം മാറാനുമൊക്കെ സൗകര്യങ്ങൾ ഉണ്ടാവണമെന്നും, അത്തരം സൗകര്യങ്ങളില്ലാത്ത സാഹചര്യങ്ങളിൽ കാരവാനിൽ എങ്കിലും അതിനുള്ള സൗകര്യമൊരുക്കണമെന്നുമൊക്കെ ചർച്ചകൾ നടക്കുന്ന സമയത്താണ് കാരവാനിന്റെ മറവിൽ ഇത്തരം ചൂഷണങ്ങൾ നടക്കുന്നുവെന്ന രാധികയുടെ വെളിപ്പെടുത്തൽ.
Read More
- എന്റെ ഉണ്ണികണ്ണനെന്ന് ദിവ്യ ഉണ്ണി; അമ്മയുടെ കാർബൺ കോപ്പി തന്നെയെന്ന് ആരാധകർ
- അനിയത്തിയുടെ ബ്രൈഡൽ ഷവർ ആഘോഷമാക്കി അഹാന; ചിത്രങ്ങൾ
- നടനാവണമെന്നു പറഞ്ഞപ്പോൾ വീട്ടിൽ നിന്നു പുറത്താക്കി, അക്കൗണ്ടിലുള്ളത് 18 രൂപ മാത്രം: വിജയ് വർമ്മ
- മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, ഒന്നിച്ച് നിൽക്കേണ്ടിടത്തെല്ലാം കൂടെ നിന്നിട്ടുണ്ട്: സജിത മഠത്തിൽ
- ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൃദയഭേദകം, ബോളിവുഡിലും സമാന അവസ്ഥ: സ്വര ഭാസ്കർ
- മുകേഷും ബി.ഉണ്ണികൃഷ്ണനും നയരൂപീകരണ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്?
- സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക
- സൂപ്പർസ്റ്റാർ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? ചിന്മയി ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.