/indian-express-malayalam/media/media_files/uHA9HeOefz7fivVLclN3.jpg)
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ 'ഹൃദയഭേദകമാണെന്നും, എന്നാൽ ഇതെല്ലാം പരിചിതമാണെന്നും' സ്വരഭാസ്കർ. അധിക്ഷേപകർക്കെതിരെ സംസാരിച്ച മലയാള സിനിമയിലെ സ്ത്രീകളെ അഭിനന്ദിക്കാനും സ്വര മറന്നില്ല. ബോളിവുഡിലും സമാനമായ അനുഭവമുണ്ടെന്നും സ്വര കൂട്ടിച്ചേർത്തു. 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചതിന് ശേഷം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു സ്വര പ്രതികരണം രേഖപ്പെടുത്തിയത്.
“തിരുത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ വായിക്കാൻ ഞാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു, കണ്ടെത്തലുകൾ ഹൃദയഭേദകവും പരിചിതവുമാണ്! ചില ചിന്തകൾ ഇതാ..," സ്വരയുടെ നീണ്ട കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെ.
“ഒടുവിൽ ഞാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ച് വായിക്കാൻ തുടങ്ങി. മറ്റെന്തിനേക്കാളും മുമ്പ്, ലൈംഗികാതിക്രമങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ നിരന്തരം ശബ്ദമുയർത്തുന്ന വിമൻ ഇൻ സിനിമാ കളക്ടീവിലെ (ഡബ്ല്യുസിസി) ധീരരായ സ്ത്രീകൾക്ക് ആലിംഗനവും നന്ദിയും അറിയിക്കുന്നു. അവരാണ് സിനിമയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ ഒരു വിദഗ്ധ സമിതി പരിശോധിക്കണമെന്നും ഹേമ കമ്മിറ്റി പരിഹാരങ്ങൾ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടത്, ലൈംഗിക പീഡനവും അക്രമവും അനുഭവിച്ച എല്ലാ സ്ത്രീകളും പരസ്പരം കൈകോർത്ത് പിടിച്ച് സാന്ത്വനമേകി. നിങ്ങൾ ആണ് ഹീറോസ്. വലിയ അധികാര സ്ഥാനങ്ങളിലുള്ള ആളുകൾ ഇതിനകം ചെയ്യേണ്ട ജോലിയാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങളോട് ബഹുമാനവും ഐക്യദാർഢ്യവും! ”
റിപ്പോർട്ട് കണ്ടെത്തലുകൾ ഹൃദയഭേദകവും പരിചിതവുമാണെന്ന് സ്വര പറഞ്ഞു. “കമ്മിറ്റിയുടെ കണ്ടെത്തലുകൾ വായിക്കുന്നത് ഹൃദയഭേദകമാണ്. പരിചിതമാണ് എന്നതിനാൽ തന്നെ കൂടുതൽ ഹൃദയഭേദകമാണ്. റിപ്പോർട്ടുകളിലെ വിശദാംശങ്ങൾ അതുപോലെ എന്നല്ല, എന്നാൽ സ്ത്രീകൾ സാക്ഷ്യപ്പെടുത്തിയ ആ സാഹചര്യം എല്ലാവർക്കും പരിചിതമാണ്. ഷോബിസ് എല്ലായ്പ്പോഴും പുരുഷ കേന്ദ്രീകൃത വ്യവസായമാണ്, പുരുഷാധിപത്യ ശക്തിയാണ് നിയന്ത്രിക്കുന്നത്. അതിന് തടസ്സം നിൽക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. തടസ്സപ്പെടുത്തുന്നയാൾ പറയുന്നത് ധാർമ്മികമായ ശരിയാണെങ്കിൽ പോലും. ”
ഷോബിസ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുരുഷന്മാരുടെ തെറ്റായ പ്രവൃത്തികൾ അവഗണിക്കപ്പെടുന്നുവെന്നും സ്വര കൂട്ടിച്ചേർത്തു. “ഷോബിസ് പുരുഷാധിപത്യം മാത്രമല്ല, അതിന് ഫ്യൂഡൽ സ്വഭാവവും ഉണ്ട്. വിജയികളായ അഭിനേതാക്കളും സംവിധായകരും നിർമ്മാതാക്കളും അർദ്ധദൈവങ്ങളുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു, അവർ ചെയ്യുന്നതെന്തും ശരിയായി മാറുന്നു! ആരെങ്കിലും ശബ്ദമുയർത്തിയാൽ അവരെ 'പ്രശ്‌നമുണ്ടാക്കുന്നവർ' എന്ന് മുദ്രകുത്തുന്നു. നിശബ്ദതയാണ് കൺവെൻഷൻ. നിശബ്ദത പ്രായോഗികമാണ്, നിശബ്ദതയ്ക്ക് പ്രതിഫലം ലഭിക്കും, ”അവർ കൂട്ടിച്ചേർത്തു.
ഷോബിസിന് "കൊള്ളയടിക്കുന്ന അന്തരീക്ഷം" ഉണ്ടെന്നും അത് സാധാരണമായി മാറിയിരിക്കുന്നെന്നും സ്വര പറയുന്നു. “ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നു. ഇങ്ങനെയാണ് ഷോബിസിലെ ലൈംഗികാതിക്രമം സാധാരണ നിലയിലാകുന്നത്. അധികാരത്തിൻ്റെ കടിഞ്ഞാൺ പിടിക്കുന്നവാണ് ചട്ടക്കൂട് സൃഷ്ടിക്കുന്നത്. സ്ത്രീകൾക്ക് ജോലി വേണമെങ്കിൽ മറ്റ് വഴികളില്ല എന്ന അവസ്ഥ സൃഷ്ടിക്കുന്നു."
മറ്റ് ഭാഷാ സിനിമാ വ്യവസായങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് സ്വര തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്, ആളുകൾ സംസാരിക്കുന്നത് വരെ "നിലവിലുള്ള അധികാര ദുർവിനിയോഗം ദുർബലരായവർ വഹിക്കും" എന്നാണ് സ്വര പറയുന്നത്.
“ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ അനുഭവങ്ങൾ വിശദീകരിക്കുന്നു, പക്ഷേ അത് സൂപ്പർസ്റ്റാർ ദിലീപ് ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന, ഒരു നടിയ്ക്ക് എതിരെ നടന്ന ലൈംഗികാതിക്രമത്തിൻ്റെ ഭയാനകമായ കേസ് വന്നതുകൊണ്ടാണ്. ഡബ്ല്യുസിസിയിലെ ഈ സ്ത്രീകളും അവരുടെ അഭ്യുദയകാംക്ഷികളും അഭൂതപൂർവമായ എന്തെങ്കിലും ചെയ്തു: നീതിയും തുല്യ പരിഗണനയും ആവശ്യപ്പെട്ട് അവർ ഒന്നിച്ചു. ഇന്ത്യയിലെ മറ്റ് ഭാഷാ വ്യവസായങ്ങൾ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ടോ? നമുക്ക് ചുറ്റും ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കാത്തിടത്തോളം, നിലവിലുള്ള അധികാര ദുർവിനിയോഗത്തിൻ്റെ ആഘാതം ദുർബലരായവർ വഹിക്കുന്നത് തുടരും.”
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us