/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/01/30/EgKXrF3Q786Ucbim7BRe.jpg)
Ponman Movie Review & Rating
Oru Jaathi Jaathakam Movie Review & Rating: വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം' ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കേവലം കോമഡിയ്ക്കായി ഹോമോ സെക്ഷ്വാലിറ്റി പോലുള്ള വിഷയങ്ങളെ അപക്വമായി കൈകാര്യം ചെയ്യുന്ന 'ഒരു ജാതി ജാതകം' , ഇത്തരം വിഷയങ്ങളെ ഒരു ചിത്രം എങ്ങനെ സമീപിക്കരുത് എന്നതിനുള്ള ഉദാഹരണമാണ്.
കഥയിലേക്കു വന്നാൽ, മുപ്പത്തെട്ടുകാരനായ ജയേഷിനെ സംബന്ധിച്ച് കല്യാണം കഴിഞ്ഞ് സെറ്റിലാവുക എന്നതാണ് ജീവിതത്തിലെ പരമ പ്രധാനമായ കര്യം. തന്റെ തറവാട്ടു മഹിമയിൽ അഭിമാനിക്കുന്ന, പെണ്ണിന്റെ നിറവും സൗന്ദര്യവും വരെ വിഷയമായ, ജാതകപ്പൊരുത്തത്തിനു പ്രാധാന്യം നൽകുന്ന, മെയിൽ ഷോവനിസ്റ്റായ ഒരാളാണ് ജയേഷ്. 'അതിനൊന്നും എന്നെ കിട്ടില്ല ഞാൻ മാപ്രത്തെ ജയേഷ്' ആണെന്ന് നാഴികയ്ക്കു നാൽപ്പതുവട്ടം വീമ്പു പറയുന്ന ഒരാൾ. ഇവിടെ, ജയേഷിനു പെണ്ണുകിട്ടാതെ പോവുന്നത് പെൺകുട്ടികളുടെ ഭാഗത്തുനിന്നുള്ള ഡിമാന്റിനേക്കാൾ ജയേഷിന്റെ തന്നെ ഡിമാന്റുകൾ കൊണ്ടാണ്. ജയേഷിന്റെ പെണ്ണുകാണൽ യാത്രകളും അതിനിടെ ഉണ്ടാവുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.
മെയിൽ ഷോവനിസ്റ്റും അൽപ്പം ലൗഡുമായ ജയേഷ് എന്ന കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ വിനീത് ശ്രമിച്ചിട്ടുണ്ട്. പക്ഷേ, കോമഡിയായി ചെയ്ത പല രംഗങ്ങളും വല്ലാതെ അരോചകമാവുന്നുണ്ട്. കഥാന്ത്യത്തിൽ ജയേഷിന്റെ പത്തിയൊന്നു താഴുമ്പോൾ മാത്രമാണ് അൽപ്പമെങ്കിലും ആ കഥാപാത്രത്തോട് ഒരു കണക്ഷൻ തോന്നുന്നത്.
നിഖില വിമൽ, യാദു, ഇഷ തൽവാർ, സയനോര ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത തുടങ്ങി ഒരുപറ്റം നായികമാർ ചിത്രത്തിൽ പല രംഗങ്ങളിലായി വന്നുപോവുന്നുണ്ടെങ്കിലും ആർക്കും വലിയ റോളൊന്നുമില്ല കഥാഗതിയിൽ. ബാബു ആൻ്റണി, പി പി കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ, പൂജ മോഹൻരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഗായകൻ വിധു പ്രതാപ്, അവതാരക വർഷ എന്നിവരും ചിത്രത്തിൽ വന്നുപോവുന്നുണ്ട്.
ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ, സംഭാഷണങ്ങൾ, ബോഡി ഷേമിംഗ്, സ്ത്രീവിരുദ്ധത, അപഹാസ്യമായ വിളികളെ നോർമെലൈസ് ചെയ്യുന്ന രീതി, ക്വിയർ ഫോബിക് മനോഭാവം എന്നിവയോടൊക്കെ കടുത്ത വിയോജിപ്പുണ്ട്. എല്‍ജിബിടിക്യു വിഭാഗങ്ങളോട് സിനിമ ചെയ്യുന്ന ദ്രോഹം ചെറുതല്ല.സാമൂഹികവും നിയമപരവുമായ മേഖലകളിൽ പൂർണ്ണമായും അംഗീകരിക്കപ്പെടാനുള്ള ക്വിയർ മനുഷ്യരുടെ യാത്ര പോരാട്ടങ്ങൾ നിറഞ്ഞതാണ്. അടിസ്ഥാന അവകാശങ്ങൾക്കും സാമൂഹികമായ അംഗീകാരത്തിനും നീതിക്കും സ്വത്വത്തിനും വേണ്ടി പോലും അവർ നിത്യേന പോരാടുകയാണ്. അതിനിടയിലാണ്, ആ മനുഷ്യരെ പരിഹസിക്കുന്ന ഇത്തരം ചിത്രങ്ങൾ വരുന്നത്. ചിത്രത്തിൽ ഉടനീളം കുണ്ടൻ, മഴവില്ല് തുടങ്ങിയ വിളികൾ കോമഡിയ്ക്കായി ഇട്ടുകൊടുക്കുന്ന കാഴ്ച സങ്കടകരമാണ്. മനുഷ്യരുടെ സെക്ഷ്വാലിറ്റി, അതിലെ വൈവിധ്യങ്ങൾ, സമൂഹത്തിന്റെ പൊതുബോധം മൂലം ക്വിയർ മനുഷ്യർ നേരിടുന്ന യാതനകൾ എന്നിവയെ കുറിച്ചൊന്നും എഴുത്തുകാരനും സംവിധായകനും യാതൊരുവിധ ധാരണയുമില്ലെന്ന് ചിത്രം കാണുമ്പോൾ മനസ്സിലാവും.
കാഴ്ചക്കാരിൽ വലിയ രീതിയിലുള്ള അസ്വസ്ഥതയാണ് ചിത്രത്തിലെ പല രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടാക്കുന്നത്. വളരെ സെൻസിറ്റീവായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാവേണ്ട ജാഗ്രത ഈ ചിത്രത്തിൽ ഉടനീളം മിസ്സിംഗ് ആണ്.
വിനീത് ശ്രീനിവാസനെ പോലെ പുതിയ കാലത്തിൽ നിന്നുള്ള ഒരാൾ ഇത്തരമൊരു ചിത്രത്തിനു കൈക്കൊടുത്തു എന്നതാണ് ഏറ്റവും സങ്കടകരമായി തോന്നിയ മറ്റൊരു കാര്യം. 'ഞാൻ വേണ്ടെന്നു വച്ച സിനിമകളാണ് മലയാളസിനിമയ്ക്ക് ഞാൻ നൽകിയ ഏറ്റവും വലിയ സംഭാവന' എന്നു പറഞ്ഞ ഒരു അച്ഛന്റെ മകനാണ് വിനീത്. പ്രോബ്ലമാറ്റിക്കും അരോചകവുമായ രംഗങ്ങളും സംഭാഷണങ്ങളും ഈ ചിത്രത്തിൽ ആവശ്യമുണ്ടോ എന്നൊരു തിരുത്തെങ്കിലും അങ്ങനെയൊരാളിൽ നിന്ന് ഉണ്ടാവേണ്ടതായിരുന്നു.
രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. ഒട്ടും സെൻസിബിൾ അല്ലാതെ ആദ്യാവസാനം കഥ പറഞ്ഞുപോവുന്ന ചിത്രം, ഇടയ്ക്ക് ചില പുരോഗമനപരമായ ആശയങ്ങൾ മുന്നോട്ടുവച്ച് മാറിയ കാലത്തിനൊപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമ്പേ പരാജയപ്പെടുകയാണ്. കുടം കമിഴ്ത്തി വച്ച് വെള്ളം ഒഴിക്കുന്നതുപോലെയുള്ള ഒരു പാഴ്ശ്രമം മാത്രമായി അതു മാറുന്നു.
Read More
- Ponman Review: പറയേണ്ട വിഷയം കൃത്യമായി പറയുന്ന ചിത്രം; ഈ പൊൻമാന് തിളക്കമേറെയാണ്, റിവ്യൂ
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- Anpodu Kanmani Review: സുപരിചിതമായ വിഷയം പ്ലെയിനായി പറഞ്ഞുപോവുന്ന അൻപോടു കൺമണി; റിവ്യൂ
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- ത്രിൽ അത്ര പോരാ, ആവറേജ് ചിത്രം; 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' റിവ്യൂ; Dominic And The Ladies Purse Review
- New malayalam OTT Releases: ഏറ്റവും പുതിയ 9 മലയാളചിത്രങ്ങൾ ഒടിടിയിൽ
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.