/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/01/14/p0F6HP65Cn6FGCy2uUsH.jpg)
Pravinkoodu Shappu Movie Review & Rating
Pravinkoodu Shappu Movie Review & Rating: ജനപ്രിയതാരങ്ങളായ ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്നു, ഹിറ്റ്‌മേക്കറായ അൻവർ റഷീദ് നിർമ്മിക്കുന്നു- എന്നിങ്ങനെ ആദ്യം മുതൽ ഏറെ പ്രതീക്ഷകൾ തന്ന ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. കഴിഞ്ഞ ഡിസംബറിൽ തിയേറ്ററിൽ എത്താനിരുന്ന ചിത്രം ഒടുവിൽ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ട്രെയിലർ സമ്മാനിച്ച ആകാംക്ഷയും കൗതുകവും നിലനിർത്താൻ കഴിയാതെ, പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാതെ, വിരസമായൊരു കാഴ്ചയായി മാറി നിരാശപ്പെടുത്തുകയാണ് പ്രാവിൻകൂട് ഷാപ്പ്.
ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കള്ളുകുടിയും ചീട്ടുകളിയുമൊക്കെയായി ഷാപ്പ് സജീവമായ, മഴയുള്ളൊരു രാത്രിയിൽ ഷാപ്പിനകത്തൊരു മരണം നടക്കുന്നു. ഷാപ്പുടമ കൊമ്പൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നു. ബാബു എന്തിനു മരിച്ചു? ബാബുവിന്റേത് ആത്മഹത്യയോ കൊലപാതകമോ?സംഭവം നടക്കുമ്പോൾ ഷാപ്പിനകത്ത് ഉണ്ടായ 11 പേരും അതോടെ സംശയത്തിന്റെ നിഴലിൽ ആവുന്നു.
കേസന്വേഷണത്തിന്റെ ചുമതല എസ് ഐ സന്തോഷ് (ബേസിൽ ജോസഫ്) ഏറ്റെടുക്കുന്നു. താനൊരു ഘ്രാണശക്തിയുള്ള അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് സ്വയം വിശ്വസിക്കുന്ന പൊലീസുകാരനാണ് സന്തോഷ്. സംഭവസ്ഥലത്തു നിന്നും ലഭിക്കുന്ന ചെറിയ ചെറിയ തെളിവുകളിൽ നിന്നുപോലും അയാൾ ഞൊടിയിടയിൽ ക്രൈം സീൻ മനസ്സിലാക്കിയെടുക്കുന്നു. പ്രാവിൻകൂട് ഷാപ്പ് കേസിന്റെ കാര്യത്തിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. വളരെ പെട്ടെന്നു തന്നെ സന്തോഷ് തന്റേതായ ചില കണ്ടെത്തലുകളിൽ എത്തിച്ചേരുന്നു. എന്നാൽ, ആ കണ്ടെത്തലുകൾ തന്നെയാണോ സത്യം? യഥാർത്ഥ കൊലയാളി ആരാണ്? ചിത്രത്തിന്റെ രണ്ടാം പകുതിയുടെ പര്യടനം ഈ ചോദ്യങ്ങൾക്കു പിന്നാലെയാണ്.
അൽപ്പം കിറുക്കുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു പൊലീസ് ഓഫീസറായാണ് ബേസിൽ ചിത്രത്തിൽ എത്തുന്നത്. അയാളുടെ ചൈൽഡ് ഹുഡ് ട്രോമകളുടെ അനന്തരഫലമാണ് അയാളിലെ ഈ അസ്വാഭാവികത എന്നു വരുത്തി തീർക്കാൻ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ടെങ്കിലും അതത്ര കൺവീൻസിംഗ് അല്ല. ആ കഥാപാത്രസൃഷ്ടിയിലെ അപാകത ചിത്രത്തിലുടനീളം കല്ലുകടിയാവുന്നുണ്ട്. വളരെ ബുദ്ധിമാനായി പെരുമാറുന്ന ആ കഥാപാത്രം അടുത്തനിമിഷം ശിക്കാരി ശംഭുവായി മാറുന്നു. ആ കഥാപാത്രം പ്രേക്ഷകരുമായി കണക്റ്റ് ആവാതെ പോവുന്നത് ക്യാരക്ടർ ആർക്കിലെ ഈ കുഴപ്പങ്ങൾ കാരണമാണ്. ശാരീരിക പരിമിതികളുള്ള കണ്ണൻ എന്ന കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജ് ഏറ്റവും ശ്രദ്ധയോടെ തന്നെ സൗബിൻ പകർത്തിയിരിക്കുന്നു. ചെമ്പൻ വിനോദ്, ചാന്ദ്നി ശ്രീധരൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ പലയിടത്തും ഡാർക്ക് ഹ്യൂമർ കൊണ്ടുവരാൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ടെങ്കിലും അതത്ര ഏശുന്നില്ല. മാത്രമല്ല, പലയിടത്തും ആ ഡാർക്ക് ഹ്യൂമർ ട്രീറ്റ്‌മെന്റ് അരോചകമായി തോന്നുന്നു. ഒരു മരണത്തെ ആ ഷാപ്പിലുള്ളവർ ഡീൽ ചെയ്യുന്ന രീതിയൊക്കെ വളരെ ആർട്ടിഫിഷ്യലും വിചിത്രവുമായി അനുഭവപ്പെട്ടു. ആ വൈചിത്ര്യത്തെ ന്യായീകരിക്കാവുന്ന രീതിയിലുള്ള വെടിക്കോപ്പൊന്നും ചിത്രം കരുതിവയ്ക്കുന്നുമില്ല.
നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രത്തിന്റെ വൺ ലൈൻ കൗതുകം ജനിപ്പിക്കുന്ന ഒന്നാണെങ്കിലും അതിനെ എൻഗേജിങ് ആയി അവതരിപ്പിക്കാൻ ചിത്രത്തിനു സാധിക്കുന്നില്ല. തിരക്കഥയിലെ ഫോക്കസ് ഇല്ലായ്മയും വളരെ അമച്വറായ സമീപനവുമാണ് പ്രാവിൻകൂട് ഷാപ്പിനു തിരിച്ചടിയായിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.