/indian-express-malayalam/media/media_files/2025/01/24/7dTtjnZdZSzKU2uOeNcG.jpg)
Anpodu Kanmani Movie Review & Rating:
Anpodu Kanmani Movie Review & Rating: അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത 'അന്‍പോടു കണ്‍മണി' തിയേറ്ററുകളിലെത്തി. നവദമ്പതികളുടെ ജീവിതത്തിൽ സമൂഹം ചെലുത്തുന്ന സമ്മർദ്ദങ്ങളെ കുറിച്ചും അതവരിൽ ഉണ്ടാക്കുന്ന വൈകാരികമായ പ്രശ്നങ്ങളെ കുറിച്ചുമാണ് ചിത്രം പറയുന്നത്.
സിനിമ പറയുന്ന വിഷയം എല്ലാവർക്കും പരിചിതമായ ഒന്നാണ്. മലബാറിലെ ഗ്രാമീന്താരക്ഷത്തിലാണ് കഥ നടക്കുന്നത്. നാട്ടിലൊരു കൽ പണ (ചെങ്കല്ല് മട) നടത്തുന്ന ചെറുപ്പക്കാരനാണ് നകുലൻ. അമ്മയും നകുലനും മാത്രമുള്ള ആ വീട്ടിലേക്ക് മരുമകളായി ശാലിനി കൂടി എത്തുകയാണ്.
വിവാഹശേഷമുള്ള ആദ്യത്തെ കുറച്ചുമാസങ്ങൾ രസകരമായി കടന്നുപോയെങ്കിലും പിന്നീടങ്ങോട്ട് നകുലന്റെയും ശാലിനിയുടെ മനസമാധാനം ഇല്ലാതാവുകയാണ്. നിരന്തരം മനുഷ്യരുടെ സ്വകാര്യജീവിതത്തെ ഓഡിറ്റ് ചെയ്യുന്ന, അങ്ങനെ ചെയ്യുന്നതിൽ എന്താണ് ശരിക്കേട് എന്നു പോലും മനസ്സിലാകാത്ത, ചുറ്റുപ്പാടുമുള്ള മനുഷ്യർ നൽകുന്ന സമ്മർദ്ദങ്ങളിൽ പെട്ട് ഉഴറുകയാണ് നകുലനും ശാലിനിയും.
ഓരോ മനുഷ്യരുടെയും ജീവിതം നിർബന്ധമായും കടന്നുപോവണമെന്ന് സമൂഹം ശഠിക്കുന്ന ചില നിർബന്ധങ്ങളുണ്ട്. പഠനം, ജോലി, വിവാഹം, കുട്ടികൾ അങ്ങനെ പോവുന്നു ആ ചെക്ക് ലിസ്റ്റ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ കൃത്യമായൊരു ടൈം ഫ്രെയിമിന് അകത്ത് ഇതൊക്കെ സ്വാഭാവികമായി നടന്നില്ലെങ്കിൽ ചുറ്റുപാടു നിന്നും ചോദ്യങ്ങളുയരും. ആദ്യം കുശലാന്വേഷണമാണെങ്കിൽ പിന്നീട് അതു കളിയാക്കലും കുറ്റപ്പെടുത്തലുമായി മാറും. അന്യന്റെ ജീവിതത്തിലേക്കുള്ള സമൂഹത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങളെ വളരെ സ്വാഭാവികതയോടെ അവതരിപ്പിക്കുകയാണ് 'അന്‍പോടു കണ്‍മണി'.
മറ്റുള്ളവരുടെ ഇടപ്പെടലുകളാൽ ജീവിതം ദുസ്സഹമാകുന്ന കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് അർജുനും അനഘയും മാലാ പാർവതിയും. ഇമോഷണൽ രംഗങ്ങളിലൊക്കെ ഹൃദയം തൊടുന്ന പ്രകടനമാണ് മൂവരും കാഴ്ച വയ്ക്കുന്നത്. കേൾവിക്കാരനെ വേദനിപ്പിക്കുമോ എന്നു പോലും നോക്കാതെ ഇൻസെൻസിറ്റീവായി കമന്റുകൾ പറയുന്ന നാട്ടുകാരെയും വളരെ സ്വാഭാവികതയോടെ തന്നെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിലെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ. അല്‍ത്താഫ് സലിം, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.
പറയാനുദ്ദേശിച്ച കഥ കൃത്യമായി പറഞ്ഞുപോവുമ്പോഴും സിനിമ എന്ന രീതിയിൽ 'അൻപോടു കൺമണി' വീക്കായി പോവുന്ന ചില ഏരിയകളുണ്ട്. അതിലൊന്ന് ചിത്രത്തിന്റെ ട്രീറ്റ്‌മെന്റാണ്. ആദ്യം മുതൽ അവസാനം വരെ ഒരേ മീറ്ററിൽ, സിനിമാറ്റിക്കായ മുഹൂർത്തങ്ങളോ, എക്സൈറ്റ് ചെയ്യിക്കുന്ന കഥാസന്ദർഭങ്ങളോ ഇല്ലാതെ പ്ലെയിനായിട്ടാണ് 'അൻപോടു കൺമണി'യുടെ പ്രയാണം.
മറ്റൊന്ന്, വിഷയത്തിലെ പുതുമയില്ലായ്മയാണ്. കേരളത്തിന്റെ സാഹചര്യത്തിൽ വളർന്ന ഏതൊരു മനുഷ്യനും പരിചിതമായൊരു പ്ലോട്ടിനെ അതുപോലെ തന്നെ സ്ക്രീനിൽ എത്തിക്കുകയാണ് ചിത്രം. ആ വിഷയം ആദ്യമായി പറയുന്ന ചിത്രമെന്ന പ്രത്യേകതയും ഇവിടെ 'അൻപോടു കൺമണി'യ്ക്ക് അവകാശപ്പെടാനാകില്ല. കാരണം, സമാനമായ വിഷയം കൈകാര്യം ചെയ്ത ചിത്രങ്ങൾ മലയാളത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. സമീപകാലത്തിറങ്ങിയ 'വിശേഷം' എന്ന ചിത്രം കൈകാര്യം ചെയ്തതും ഇതേ പ്രമേയമാണ്. ചിത്രത്തിലെ ചില രംഗങ്ങൾക്കു പോലും വിശേഷവുമായി സാമ്യതകളുണ്ട്. അനീഷ് കൊടുവള്ളിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിയേറ്റിവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിലെ 'വടക്കു ദിക്കിലൊരു' എന്നു തുടങ്ങുന്ന കല്യാണപാട്ടൊക്കെ കണ്ടിരിക്കാനും കേട്ടിരിക്കാനും രസമുണ്ട്. സാമുവൽ എബിയാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. സരിൻ രവീന്ദ്രൻ്റെ ഛായാഗ്രഹണം കണ്ണൂരിലെ ഏതോ ഒരു നാട്ടിൻപ്പുറത്തു ക്യാമറ കൊണ്ടുപോയി ഫിറ്റ് ചെയ്ത് നാട്ടിൻപ്പുറജീവിതം ഒപ്പിയെടുത്തതുപോലെ സ്വാഭാവികത തോന്നിപ്പിക്കുന്നു. സുനിൽ എസ് പിള്ളയാണ് ചിത്രത്തിന്റെ എഡിറ്റർ. പ്രത്യേകിച്ച് ഇംപാക്റ്റൊന്നുമുണ്ടാക്കാതെ അനാവശ്യമായി വന്നുപോവുന്ന ചില രംഗങ്ങൾ ഒന്നുകൂടി ട്രിം ചെയ്തിരുന്നെങ്കിൽ ആവർത്തവിരസത കുറയ്ക്കാമായിരുന്നു.
വലിയ കോലാഹലങ്ങളോ ബഹളമോ ഇല്ലാതെ പതിഞ്ഞ താളത്തിൽ മുന്നേറി ശുഭപര്യവസാനിയായിട്ടാണ് ചിത്രം അവസാനിക്കുന്നതെങ്കിലും, സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് കടുത്ത വിയോജിപ്പുണ്ട്. ഒട്ടും സെൻസിബിൾ അല്ലാതെയാണ് സംവിധായകനും തിരക്കഥാകൃത്തും ഈ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്.
സർക്കാരിന്റെ കേരള ജനനി–ജന്മരക്ഷാ പദ്ധതിയ്ക്ക് ആണ് സംവിധായകനും കൂട്ടരും ചിത്രം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്. ഒരു ബോധവത്കരണ ഫിലിം എന്ന രീതിയിൽ ചിത്രം അവതരിപ്പിക്കപ്പെടുമ്പോൾ അതിൽ തീർച്ചയായും ഉണ്ടാവേണ്ട സെൻസിറ്റീവായൊരു അപ്രോച്ച് 'അൻപോടു കൺമണി'യിൽ ഇല്ലാതെ പോയി. സമാനമായ അവസ്ഥകളിലൂടെ കടന്നുപോവുന്ന, സിനിമയിൽ കാണിക്കുന്നതുപോലെ ജീവിതം 'സോകാൾഡ് ശുഭപര്യവസാനി'യായി പരിണമിക്കാൻ സാധ്യതയില്ലാത്ത ജീവിതാവസ്ഥകളിലൂടെ കടന്നുപോവുന്നവരെ കൂടുതൽ മുറിപ്പെടുത്താനേ ഈ ഇൻസെൻസിറ്റീവ് സമീപനം കാരണമാവൂ. സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ടും തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടും ജീവിതം ദുസ്സഹമായി മാറുന്ന മനുഷ്യർ അൽപ്പം കൂടി സഹാനുഭൂതി അർഹിക്കുന്നുണ്ട്. മാതൃത്വമാണ് ഒരു സ്ത്രീയുടെ ജീവിതത്തിന്റെ പൂർണതയെന്ന കാഴ്ചപ്പാടിൽ തന്നെയാണ് 'അൻപോടു കൺമണി'യും ഒടുവിൽ ലാൻഡ് ചെയ്യുന്നത്.
Read More
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- ത്രിൽ അത്ര പോരാ, ആവറേജ് ചിത്രം; 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' റിവ്യൂ; Dominic And The Ladies Purse Review
- New malayalam OTT Releases: ഏറ്റവും പുതിയ 9 മലയാളചിത്രങ്ങൾ ഒടിടിയിൽ
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
- ഡിറ്റക്ടീവായി മമ്മൂട്ടി, ഒപ്പം ഗോകുൽ സുരേഷും; ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് റിവ്യൂ; Dominic And The Ladies Purse Review
- കഷ്ടകാലം ഒഴിയാതെ സെയ്ഫ് അലി ഖാൻ; നഷ്ടപ്പെടുക 15000 കോടിയുടെ സ്വത്തുക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.