/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/01/30/yHshg1WqBoJIOpIgwc0V.jpg)
Ponman Movie Review & Rating
Ponman Movie Review & Rating: സ്ത്രീധനം ചോദിക്കരുത്, വാങ്ങരുത് എന്നൊക്കെ നിയമം പറയുമ്പോഴും കേരളത്തിൽ പലയിടങ്ങളിലും ഇന്നും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീധന സമ്പ്രദായം നിലവിലുണ്ട് എന്നത് പകൽ പോലെ സത്യമാണ്.സ്ത്രീധനത്തെ ചൊല്ലിയുള്ള ഗാർഹിക പീഡനകേസുകളും നിത്യം വാർത്തയാണ്. അത്തരമൊരു സാഹചര്യത്തിൽ നിന്ന്, സ്ത്രീധന സമ്പ്രദായത്തെയും അതു സമൂഹത്തിലും കുടുംബാന്തരീക്ഷത്തിലുമുണ്ടാക്കുന്ന സമ്മർദ്ദത്തെയും പ്രശ്നബാധിതമായ സാമൂഹികാവസ്ഥകളെയും വളരെ ബ്രില്ല്യന്റായി പറഞ്ഞുപോവുകയാണ് ജോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'.
പൂർണമായും കൊല്ലത്തിന്റെ പശ്ചാത്തലത്തിലാണ് 'പൊൻമാൻ' ഒരുക്കിയിരിക്കുന്നത്. കൊല്ലത്തിന്‍റെ കടലോരപ്രദേശത്താണ് കഥയുടെ ഭൂമിക. പാർട്ടിയെ ജീവനായി കാണുന്ന ചെറുപ്പക്കാരനാണ് ബ്രൂണോ (ആനന്ദ് മൻമഥൻ). പള്ളിയുടെ മതിലിൽ പാർട്ടി നോട്ടീസ് ഒട്ടിച്ചതിനെ തുടർന്നുണ്ടായ കശപിശയിൽ ബ്രൂണോ വിശ്വാസികളിൽ ഒരാളെ കൈവയ്ക്കുന്നു. അതോടെ പള്ളിക്കാർ ബ്രൂണോയ്ക്ക് എതിരെ തിരിയുന്നു, ഇലക്ഷൻ അടുത്തിരിക്കുന്നതിനാൽ പാർട്ടിയും ബ്രൂണോയെ ഏറെക്കുറെ കൈവിട്ട മട്ടാണ്.
മറുവശത്ത്, ബ്രൂണോയുടെ പെങ്ങൾ സ്റ്റെഫി ഗ്രാഫിന്റെ കല്യാണ ഒരുക്കങ്ങൾ നടക്കുകയാണ്. ചെറുക്കന്റെ വീട്ടുകാർക്ക് കൊടുക്കാമെന്നു പറഞ്ഞ സ്വർണമൊപ്പിക്കാൻ എന്തു ചെയ്യുമെന്നോർത്തുള്ള വെപ്രാളത്തിലാണ് അമ്മയും ബ്രൂണോയും സ്റ്റെഫിയും. അവിടേക്കാണ്, ആശ്വാസമായി സ്വർണവും കൊണ്ട് പി.പി. അജേഷ് (ബേസിൽ ജോസഫ്) എത്തുന്നത്. വിവാഹവീടുകളിൽ രക്ഷകനായി അജേഷ് എത്തുന്നത് ഇതാദ്യമല്ല. പക്ഷേ ഇത്തവണ അജേഷ് കുടുങ്ങിപ്പോവുന്നു. പരസ്പരവിശ്വാസം എന്ന വാക്കിനു ജീവനോളം വിലനൽകുന്ന അജേഷ് ആ പ്രതിസന്ധിഘട്ടത്തെ എങ്ങനെ അതിജീവിക്കും? സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് പിന്നീട് പൊൻമാൻ സഞ്ചരിക്കുന്നത്.
അജേഷായി എത്തിയ ബേസിലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിൽ എടുത്തു പറയേണ്ടത്. 'ഇയാളിത് എന്തു വെകിളി പിടിച്ച മനുഷ്യനെന്ന്' ആദ്യം കാഴ്ചക്കാരുടെ ഇഷ്ടക്കേടു കവരുമെങ്കിലും പോകെപോകെ ആ കഥാപാത്രം മനസ്സുതൊടും. ഗംഭീരമായ ക്യാരക്ടർ ആർക്കാണ് അജേഷ് എന്ന കഥാപാത്രത്തിനു തിരക്കഥാകൃത്തും കൂട്ടരും നൽകിയിരിക്കുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും സമചിത്തതയോടെയും ഉള്ളുറപ്പോടെയും നേരിടുന്ന അജേഷ് എന്ന സാധാരണക്കാരനെ വളരെ റിയലിസ്റ്റക്കായാണ് ബേസിൽ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ പ്രാവിൻകൂട് ഷാപ്പിൽ ഒന്നു പാളിപ്പോയെങ്കിലും പൊൻമാനിലൂടെ തന്റെ ട്രാക്ക് തിരിച്ചു പിടിച്ചിരിക്കുകയാണ് ബേസിൽ. ബേസിലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് പൊന്മാനിൽ കാണാനാവുക.
ചിത്രത്തിൽ ലിജോമോളുടെ പ്രകടനവും വളരെ ഇംപ്രസീവ് ആണ്. ആനന്ദ് മന്മഥൻ, സജിൻ ഗോപു, ദീപക് പറമ്പോൽ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
ജി.ആർ. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ മാത്യുവിനൊപ്പം ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയതും ജി. ആർ ഇന്ദുഗോപൻ തന്നെ. വളരെ സ്വാഭാവികമായും ഓർഗാനിക്കായുമാണ് കഥ പുരോഗമിക്കുന്നത്. സ്വഭാവികമായ കഥാസന്ദർഭങ്ങൾ, സങ്കീർണതകൾ, പിരിമുറുക്കങ്ങൾ, സാഹചര്യങ്ങൾക്ക് അനുസൃതമായ സംഭാഷണങ്ങൾ എന്നിവയൊക്കെയാണ് ചിത്രത്തിൽ കാണാനാവുക.
സ്ത്രീധനപ്രശ്നം എന്ന പ്രസക്തമായൊരു വിഷയത്തെ, ഒരു മുദ്രാവാക്യം വിളിയും സമരാഹ്വാനങ്ങളുമില്ലാതെ, അതേസമയം ഏറ്റവും കൃത്യമായ തന്നെ പറഞ്ഞുപോവാൻ തിരക്കഥാകൃത്തുകൾക്ക് സാധിച്ചിട്ടുണ്ട്. പെണ്ണിന്റെയോ ചെക്കന്റെയോ കാഴ്ചപ്പാടിൽ നിന്നു പറയാതെ, ഒരു ജ്വല്ലറി ഏജന്റിന്റെ കാഴ്ചപ്പാടിൽ നിന്നു കഥ പറയുന്നു എന്നതും ചിത്രത്തിനു വേറിട്ട മാനം നൽകുന്നു. ഒന്നു കണ്ണോടിച്ചാൽ ചുറ്റുപാടും നമുക്കു കാണാനാവുന്ന കഥാപാത്രങ്ങളൊക്കെ തന്നെയേ ഈ ചിത്രത്തിലുമുള്ളൂ. ആ സ്വാഭാവികതയാണ് ഈ 'പൊൻമാന്റെ' ഭംഗിയും.
ചിത്രത്തിന്റെ ലൊക്കേഷനുകളുടെ തിരഞ്ഞെടുപ്പും എടുത്തു പറയേണ്ടതുണ്ട്. താന്നി, മൺറോ തുരുത്ത് എന്നിവിടങ്ങളിലായാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. ഒരുകാലത്ത് മലയാളസിനിമ അധികം എക്സ്പ്ലോർ ചെയ്യാത്ത ഭൂമികയായ കൊല്ലത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ചിത്രങ്ങൾ വരുന്നു എന്നതും ശ്രദ്ധേയമാണ്. കൊല്ലത്തുകാർക്കായി ഒരു ' സ്പെഷൽ തീം സോങ്ങ്' തന്നെ സംവിധായകൻ ജോതിഷ് ശങ്കറും കൂട്ടരും ഒരുക്കിയിട്ടുണ്ട്.
പ്രൊഡക്ഷൻ ഡിസൈനറായ ജോതിഷ് ശങ്കറിന്റെ ആദ്യസംവിധാന സംരംഭമാണ് പൊൻമാൻ. തന്റെ അരങ്ങേറ്റം ഗംഭീരമാക്കി, മികച്ചൊരു കാഴ്ചാനുഭവം സമ്മാനിച്ചിരിക്കുകയാണ് ജോതിഷ് ശങ്കർ. സാനു ജോൺ വർഗീസ് ആണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. ജസ്റ്റിൻ വർഗീസ് സംഗീതവും നിധിൻ രാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിൽ നിർമ്മാണം.
കാമ്പുള്ള പ്രമേയം, കെട്ടുറപ്പുള്ള തിരക്കഥ, വൈകാരികമായ നിമിഷങ്ങൾ, സിറ്റുവേഷണൽ കോമഡികൾ, മികച്ച പെർഫോമൻസുകൾ എന്നിവയെല്ലാം കൊണ്ട് മികച്ച കാഴ്ചാനുഭവം സമ്മാനിക്കുകയാണ് 'പൊൻമാൻ'.
Read More
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- Anpodu Kanmani Review: സുപരിചിതമായ വിഷയം പ്ലെയിനായി പറഞ്ഞുപോവുന്ന അൻപോടു കൺമണി; റിവ്യൂ
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- ത്രിൽ അത്ര പോരാ, ആവറേജ് ചിത്രം; 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' റിവ്യൂ; Dominic And The Ladies Purse Review
- New malayalam OTT Releases: ഏറ്റവും പുതിയ 9 മലയാളചിത്രങ്ങൾ ഒടിടിയിൽ
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.