scorecardresearch

Narayaneente Moonnaanmakkal Review: ബന്ധങ്ങൾക്കിടയിലെ ആത്മസംഘർഷങ്ങൾ റിയലിസ്റ്റിക്കായി പറയുന്ന നാരായണീൻ്റെ ആൺമക്കൾ, റിവ്യൂ

Narayaneente Moonnaanmakkal Movie Review & Rating: കുടുംബബന്ധങ്ങളിലെ സംഘർഷങ്ങളും സിബ്ലിങ് റൈവൽറിയുമൊക്കെ വിഷയമാവുന്ന 'നാരായണീൻ്റെ മൂന്നാണ്മക്കൾ' വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രമാണ്

Narayaneente Moonnaanmakkal Movie Review & Rating: കുടുംബബന്ധങ്ങളിലെ സംഘർഷങ്ങളും സിബ്ലിങ് റൈവൽറിയുമൊക്കെ വിഷയമാവുന്ന 'നാരായണീൻ്റെ മൂന്നാണ്മക്കൾ' വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രമാണ്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Narayaneente Moonnaanmakkal

Narayaneente Moonnaanmakkal Movie Review & Rating

Narayaneente Moonnaanmakkal Movie Review & Rating: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവേളയിൽ കുടുംബമൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് നദിയാ മൊയ്തു അഭിനയിച്ച 'ഒരു പാതിരാസ്വപ്നം പോലെ' എന്ന ഹ്രസ്വചിത്രമായിരുന്നു. സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ  വിദ്യാർത്ഥിയായിരുന്ന ശരൺ വേണുഗോപാൽ ആയിരുന്നു ആ ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ.ശരണിന്റെ ആദ്യ ഫീച്ചർ ഫിലിം 'നാരായണീൻ്റെ മൂന്നാണ്മക്കൾ' ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 

Advertisment

മൂന്നുസഹോദരന്മാരുടെ കഥ പറയുന്ന 'നാരായണീൻ്റെ മൂന്നാണ്മക്കൾ' എന്ന ചിത്രത്തിലും കുടുംബബന്ധങ്ങളും അതിനകത്തെ സംഘർഷങ്ങളും സിബ്ലിങ് റൈവൽറിയുമൊക്കെയാണ് ശരൺ പ്രമേയമാക്കുന്നത്. 

നാരായണിയുടെ മൂന്ന് ആൺമക്കളാണ് വിശ്വൻ, സേതു, ഭാസ്കർ എന്നിവർ. ഏതാണ്ട് 24 വർഷങ്ങൾക്കു ശേഷമാണ് മൂന്നു സഹോദരന്മാരും അവരുടെ കുടുംബവീട്ടിൽ ഒത്തുച്ചേരുന്നത്. അമ്മ നാരായണി മരണശയ്യയിലാണ്, ഏതു നിമിഷം വേണമെങ്കിലും മരണം സംഭവിക്കാം. 

ഒരിടത്ത് മരണാസന്നയായ അമ്മ, മറുവശത്ത് വർഷങ്ങൾക്കു ശേഷം ഒത്തുച്ചേരുന്നതിന്റെ ഇത്തിരി സന്തോഷം, ഇടയിൽ തലപ്പൊക്കുന്ന വൈരം, ഭൂതകാലത്തിന്റെ കയ്‌പ്പേറിയ ഓർമകൾ... എല്ലാവരും ഒന്നിച്ചൊരു കുടക്കീഴിൽ ഒത്തുച്ചേരുന്നതിലെ സന്തോഷമൊക്കെ വളരെ പെട്ടെന്ന്  മാഞ്ഞുപോവുകയും പ്രക്ഷുബ്ധമായ ഭൂതകാലത്തിൻ്റെ അലയൊലികൾ ഇവർക്കിടയിൽ പുതിയ തർക്കങ്ങൾക്കു വഴിവെയ്ക്കുകയും ചെയ്യുന്നു. സംഘർഷഭരിതമായ അത്തരമൊരു അവസ്ഥയിൽ നിന്നുകൊണ്ടാണ് കഥ പുരോഗമിക്കുന്നത്. 

Advertisment

ഉള്ളിലുള്ളതൊക്കെ അതുപോലെ എടുത്തടിച്ചു പറയുന്ന, കേൾക്കുന്നവരുടെ മാനസികാവസ്ഥയ്ക്ക് തെല്ലും പരിഗണന നൽകാത്ത വിശ്വൻ എന്ന വല്യേട്ടനെയാണ് അലൻസിയർ അവതരിപ്പിക്കുന്നത്. അലൻസിയറിൽ ആ കഥാപാത്രം ഭദ്രമാണ്. വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഭാസ്കർ എന്ന കഥാപാത്രത്തിനെ കൃത്യം മീറ്ററിൽ പിടിച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.  മൂന്നു സഹോദരന്മാർക്കിടയിലെ പൊതുവെ  സൗമ്യനായ വ്യക്തി സേതുവാണ്. ജോജുവിന്റെ ആ കഥാപാത്രം പലപ്പോഴും പ്രേക്ഷകരുടെ ഹൃദയം തൊടും. തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തിയിട്ടുണ്ട്. 

സ്ലോ പേസിലാണ് ഈ ഫാമിലി ഡ്രാമ മുന്നോട്ടുപോവുന്നത്. വളരെ റിയലിസ്റ്റിക്കായ ട്രീറ്റ്‌മെന്റാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. ഏതൊരാൾക്കും മനസ്സിലാവുന്ന മാനസികാവസ്ഥകൾ, ചില സങ്കീർണസാഹചര്യങ്ങളിൽ പുറത്തുവരുന്ന മനുഷ്യരുടെ ഗ്രേ ഷെയ്ഡുകൾ എല്ലാം ചിത്രത്തിൽ കാണാം. 

കൊയിലാണ്ടിയിലെ ആ പുരാതന തറവാട്ടിലേക്ക് ഭാസ്കറിനും കുടുംബത്തിനുമൊപ്പം  കയറിചെല്ലുന്ന പ്രതീതിയാണ് ചിത്രം പ്രേക്ഷകനും സമ്മാനിക്കുന്നത്.  ചിത്രത്തിലെ സംഭാഷണങ്ങളിലെ സ്വാഭാവികതയും എടുത്തുപറയേണ്ടതുണ്ട്. പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സംഘർഷവും, മനുഷ്യബന്ധങ്ങളെ നോക്കി കാണുന്നതിൽ ഇരുകൂട്ടരുടെയും കാഴ്ചപ്പാടിലെ വ്യത്യാസങ്ങളുമെല്ലാം കൃത്യമായി തന്നെ പറഞ്ഞുപോവുന്നുണ്ട് സംവിധായകൻ. അച്ഛനമ്മമാരെയും വീട്ടിലെ മുതിർന്നവരെയും കുറിച്ചുള്ള നിഖിലിന്റെയും ആതിരയുടെയും കാഴ്ചപ്പാടുകളും കിറുകൃത്യമാണ്. 

അപ്പു പ്രഭാകറിന്റെ ഫ്രെയിമുകൾ നാട്ടിൻപ്പുറത്തിന്റെ ഭംഗി അതുപോലെ ഒപ്പിയെടുത്തിട്ടുണ്ട്. രാഹുൽ രാജിന്റെ പാട്ടുകളും ചിത്രത്തോട് ചേർന്നു നിൽക്കുന്നു. ജ്യോതിസ്വരൂപ് പാന്താ ആണ്  എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ ജോബി ജോര്‍ജ്ജ് തടത്തിൽ ആണ് ചിത്രം  നിർമ്മിച്ചത്.

വലിയ സിനിമാറ്റിക് മൊമന്റുകളോ ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളോ ചിത്രത്തിൽ ഇല്ല. അതിനാൽ, എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ചിത്രത്തിനു സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതേസമയം, പറയുന്ന വിഷയത്തോട് നൂറുശതമാനം നീതി പുലർത്തി റിയലിസ്റ്റിക്കായി കഥ പറയുന്ന ഈ ചിത്രം സ്ലോ പേസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ ഇഷ്ടം കവരുക തന്നെ ചെയ്യും. 

Read More

Joju George Suraj Venjarammud New Release Alencier Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: