scorecardresearch

സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review

Rekhachithram Movie Review & Rating: അടിമുടി സിനിമാപ്രേമിയായ ഒരാൾ നമ്മളെല്ലാവരും കണ്ട സിനിമാക്കാഴ്ചകൾക്കിടയിൽ നിന്നും കണ്ടെടുത്ത 'നമ്മളാരും കാണാത്തൊരു കഥ', അതാണ് 'രേഖാചിത്രം'

Rekhachithram Movie Review & Rating: അടിമുടി സിനിമാപ്രേമിയായ ഒരാൾ നമ്മളെല്ലാവരും കണ്ട സിനിമാക്കാഴ്ചകൾക്കിടയിൽ നിന്നും കണ്ടെടുത്ത 'നമ്മളാരും കാണാത്തൊരു കഥ', അതാണ് 'രേഖാചിത്രം'

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rekhachithram Review

Rekhachithram Movie Review & Rating

Rekhachithram Movie Review & Rating:  മലയാള സിനിമയ്ക്ക് അത്ര പരിചയമില്ലാത്തൊരു വിഭാഗമാണ് ആൾട്ടർനേറ്റ് ഹിസ്റ്ററി ഴോണർ. ഇതര ചരിത്രമെന്നോ സമാന്തരമായൊരു ചരിത്ര നിർമാണമെന്നോ ഈ ഴോണറിനെ വിശേഷിപ്പിക്കാം. ഏറ്റവും ലളിതമായി പറഞ്ഞാൽ, ഏവർക്കും പരിചിതമായ കഥകൾക്കിടയിൽ നിന്നും അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഏരിയകൾ കണ്ടെത്തി സമാന്തരമായൊരു കഥ സൃഷ്ടിച്ച്, അതിനെ ഏറ്റവും മനോഹരമായും വിശ്വസനീയമായും എക്സിക്യൂട്ട് ചെയ്യുക.  അത്തരമൊരു കൗതുകകരമായ പരീക്ഷണമാണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം'. അടിമുടി സിനിമാപ്രേമിയായ ഒരാൾ നമ്മളെല്ലാവരും കണ്ട സിനിമാക്കാഴ്ചകൾക്കിടയിൽ നിന്നും കണ്ടെടുത്ത 'നമ്മളാരും കാണാത്തൊരു കഥ', അതാണ് 'രേഖാചിത്രം'  എന്ന ആൾട്ടർനേറ്റ് ഹിസ്റ്ററി ഴോണർ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. 

Advertisment

ഡ്യൂട്ടി സമയത്ത് ഓൺലൈൻ റമ്മി കളിച്ചതിനു സസ്പെൻഷൻ  കിട്ടി, എല്ലാവർക്കു മുന്നിലും നാണം കെട്ടു നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വിവേക്. വലിയ ബഹളമോ സെൻസിറ്റീവ് കേസുകളോ ഒന്നുമില്ലാത്ത, പൊതുവിൽ ശാന്തമായ മലക്കപ്പാറ സ്റ്റേഷനിലേക്കാണ് സസ്പെൻഷനു ശേഷമുള്ള വിവേകിന്റെ ആദ്യ പോസ്റ്റിംഗ്. എന്നാൽ വിവേക് ചാർജെടുത്ത ആ ദിവസം തന്നെ മലക്കപ്പാറ സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്ത് രാജേന്ദ്രൻ എന്നൊരാൾ ആത്മഹത്യ ചെയ്യുന്നു. അതു വെറുമൊരു ആത്മഹത്യ ആയിരുന്നില്ല. മരിക്കുന്നതിനു മുൻപ്, ഫേസ്ബുക്ക് ലൈവിലൂടെ അയാൾ ഒരു സത്യം ലോകത്തെ അറിയിക്കുന്നു. താൻ കൂടി പങ്കാളിയായ, നാലു പതിറ്റാണ്ടോളം പഴക്കമുള്ള ഒരു കൊലപാതകത്തിലേക്കുള്ള ലീഡ് തുറന്നിട്ടുകൊണ്ടാണ് അയാൾ മരിക്കുന്നത്. കുറ്റബോധം ഇറക്കിവച്ച് അയാൾ മരണത്തിനു പിടികൊടുമ്പോൾ, ആ വെളിപ്പെടുത്തലിൽ പ്രതിസ്ഥാനത്തു എത്തുന്ന മറ്റൊരാൾ ആലിസ് വിൻസെന്റ് എന്ന ബിസിനസ് മാഗ്നെറ്റ് ആണ്. 

കേസിന്റെ അന്വേഷണ ചുമതല വിവേക് ഉൾപ്പെടുന്ന ടീമിനാണ്. ആരാണ് 1985ൽ കൊല ചെയ്യപ്പെട്ട ആ ആൾ? എന്തായിരുന്നു കൊലയ്ക്കു പിന്നിലെ ലക്ഷ്യം? ആലിസ് വിൻസെന്റിനു ആ കൊലയിൽ പങ്കുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയിറങ്ങുകയാണ് വിവേക്. 

ഒരു പതിവു കുറ്റാന്വേഷണ സിനിമയുടെ ഫോർമാറ്റിൽ തന്നെയാണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ പിന്നീട് അവിടെ നിന്നും കഥ തന്നെ മാറുകയാണ്.  തിരക്കഥയുടെ കരുത്തും, സിനിമയ്ക്കു വേണ്ടി ജോഫിനും ടീമും നടത്തിയ റിസർച്ചുകളുടെ ഭംഗിയുമെല്ലാം അവിടെയാണ് പ്രകടമാകുന്നത്.  ആൾട്ടർനേറ്റ് ഹിസ്റ്ററി ഴോണർ എന്നതിന്റെ സാധ്യതകളെ ഏറ്റവും മനോഹരമായി തിരക്കഥയിലേക്ക് കോർത്തെടുത്തിരിക്കുകയാണ് ജോഫിൻ. 

Advertisment

തന്റെ ഇൻസ്റ്റിങ്റ്റുകൾക്കു പുറകെ സഞ്ചരിക്കുന്ന വിവേക് എന്ന പൊലീസ് ഓഫീസറെ ആസിഫ് അലി ഗംഭീരമാക്കി. ആസിഫിന്റെ സ്ക്രിപ്റ്റ് സെലക്ഷനു കൊടുക്കണം പ്രത്യേക കയ്യടി. ഏറെ ദുരൂഹതകൾ ബാക്കി വയ്ക്കുന്ന രേഖ എന്ന കഥാപാത്രമായി അനശ്വരയും തിളങ്ങുന്നു. നിലവിൽ, 80കളിലെ നായികയായി അനായാസേന വേഷപ്പകർച്ച നടത്താൻ അനശ്വരയേക്കാൾ മികച്ചൊരു ഓപ്ഷൻ വേറെയില്ലെന്നു തന്നെ പറയണം. 

സിദ്ദിഖ്, മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, ഭാമ അരുൺ, സുധി കോപ്പ, മേഘ തോമസ്, ടിജി രവി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭദ്രമാക്കി. ചില സർപ്രൈസിംഗ് മുഖങ്ങളും പ്രശസ്തരുമെല്ലാം ചിത്രത്തിന്റെ നിർണായഘട്ടങ്ങളിൽ വന്നുപോവുന്നുണ്ട്. 

രേഖാചിത്രത്തിൽ മമ്മൂട്ടിയുമുണ്ടോ? എന്ന ചോദ്യം കുറച്ചേറെ നാളുകളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. 'സർവ്വം മമ്മൂട്ടിമയം' എന്നു വിളിക്കാവുന്നത്രയും ആഴത്തിൽ മമ്മൂട്ടി നിറഞ്ഞുനിൽക്കുന്ന ചിത്രം കൂടിയാണ് രേഖാചിത്രം. സ്പോയിലർ ആവുമെന്നതിനാൽ ചിത്രത്തിലെ 'മമ്മൂട്ടി എലമെന്റിനെ' കുറിച്ച് അധികം പറയുന്നില്ല. 

തിരക്കഥയാണ് ചിത്രത്തിലെ താരം. ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ വേഗതയോ സസ്പെൻസോ  ട്വിസ്റ്റുകളോ എന്തിന് ഇന്റർവെൽ പഞ്ചു പോലും ചിത്രത്തിലില്ല. സിനിമയ്ക്കിടയിൽ പരസ്യം വരുമ്പോഴാണ് ചിത്രത്തിന്റെ ഇന്റർവെൽ ആയെന്നു പോലും കാണികൾ അറിയുക. അത്രയും സ്വാഭാവികമായാണ് കഥ പറഞ്ഞുപോവുന്നത്. ആ സ്വാഭാവികത തന്നെയാണ് രേഖാചിത്രത്തിന്റെ ഭംഗിയും.

ജോൺ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ്  ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജോഫിന്റെ മേക്കിംഗ് മികവ് തിരക്കഥയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ ഏറെ സ്വാഭാവികതയോടെ  തിരക്കഥയിലേക്ക് സംയോജിപ്പിച്ച സംവിധായകന്റെ ബ്രില്ല്യൻസും പ്രശംസ അർഹിക്കുന്നുണ്ട്. 

ഒരു പസിൽ പൂരിപ്പിക്കുന്നതു പോലെ, കേസന്വേഷണം പുരോഗമിക്കുന്നതിനൊപ്പം മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിലെ ചില ഓർമകളിലേക്കു കൂടിയാണ് തിരക്കഥാകൃത്തും സംവിധായകനും ചേർന്ന് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. സിനിമയുടെ മാജിക് ഏറ്റവും ഹൃദയസ്പർശിയായ രീതിയിൽ അനുഭവിപ്പിക്കുന്ന ചിത്രം കൂടിയാണ് 'രേഖാചിത്രം.' 

അപ്പു പ്രഭാകർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. കഥ നടക്കുന്ന രണ്ടു കാലഘട്ടങ്ങളെയും ഏറ്റവും സ്വാഭാവികതയോടെ ഒപ്പിയെടുത്തിട്ടുണ്ട് അപ്പു പ്രഭാകറിന്റെ ക്യാമറ. രണ്ടു കാലഘട്ടങ്ങളെയും ഒട്ടും കൺഫ്യൂസിംഗ് അല്ലാത്ത രീതിയിൽ, വ്യക്തമായി അവതരിപ്പിക്കുന്നതിൽ എഡിറ്റര്‍ ഷമീര്‍ മുഹമ്മദിനും വലിയ പങ്കുണ്ട്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.  ഷാജി നടുവിലിന്റെ കലാസംവിധാനവും എടുത്തു പറയണം.  

മലയാള സിനിമയുടെ വിന്റേജ് കാലത്തിലേക്ക് കൂടിയാണ് 'രേഖാചിത്ര' കാഴ്ച പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്, പഴയൊരു കൾട്ട് ക്ലാസിക് ചിത്രത്തിന്റെ ഓർമകളിലേക്ക് ഒരു റീവിസിറ്റ്! 

ബ്രില്ല്യൻ്റായ തിരക്കഥയിൽ ഒരുക്കി മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്ത, അഭിനേതാക്കളുടെ  പ്രകടനം കൊണ്ട് ഉള്ളുതൊടുന്ന, വെൽ ക്രാഫ്റ്റഡായ സിനിമയാണ് 'രേഖാചിത്രം'. കഥ പറച്ചിലിന്റെ ഭംഗി കൊണ്ട് ഈ ചിത്രം പ്രേക്ഷകരുടെ ഹൃദയം കവരുക തന്നെ ചെയ്യും. 

Read More

Mammootty Anaswara Rajan New Release Asif Ali Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: