/indian-express-malayalam/media/media_files/2024/12/20/VCKyeGn6L2Zf90ZPeMwc.jpg)
Rifle Club Movie Review & Rating
Rifle Club Movie Review & Rating: 'മഹത്തായ തോക്കുകൾക്ക് ഉടമസ്ഥനില്ല, പിൻഗാമികൾ മാത്രമേയുള്ളൂ'- തോക്കുകളുടെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ഒത്തൊരുമയുടെയും കഥ പറയുന്ന റൈഫിൾ ക്ലബ്ബിലൂടെ, ഒരിക്കൽകൂടി തന്നിലെ സംവിധായകനെ അടയാളപ്പെടുത്തികൊണ്ട് ഗംഭീരതിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ആഷിഖ് അബു.
സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബാണ് കഥാപശ്ചാത്തലം. 1990കളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് റൈഫിൾ ക്ലബ്ബ് പറയുന്നത്. ഷൂട്ടിംഗ് ഹരമായ, കളിപ്പാട്ടം പോലെ തോക്കു കൊണ്ടു കളിക്കുന്ന, ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരാണ് ക്ലബ്ബിലെ അംഗങ്ങൾ. അവരിൽ ആണും പെണ്ണുമുണ്ട്, പ്രായമായവരും ചെറുപ്പക്കാരുമുണ്ട്. കുഴിവേലി ലോനപ്പൻ (വിജയരാഘവൻ) ആണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സെക്രട്ടറി അവറാനും ലോനപ്പന്റെ മക്കളുമൊക്കെയായി കുടുംബം പോലെ കഴിയുകയാണവർ. തോക്കു കയ്യിലുള്ളവന്റെ കൂസലില്ലായ്മ ഓരോ കഥാപാത്രത്തിലും പ്രകടമായി കാണാം.
റൊമാന്റിക് ഹീറോയായി തിളങ്ങുന്ന ഷാജഹാൻ (വിനീത് കുമാർ) കരിയറിന്റെ അടുത്തഘട്ടത്തിനായുള്ള പ്ലാനിംഗിലാണ്. വേട്ടക്കാരുടെ ജീവിതം പറയുന്ന ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് കക്ഷി. ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി ഷാജഹാൻ റൈഫിൾ ക്ലബ്ബിലെത്തുന്നു. അതിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളും അതിനെ റൈഫിൾ ക്ലബ്ബ് എങ്ങനെ നേരിടുന്നു എന്നുമാണ് ചിത്രം പറയുന്നത്.
റൈഫിൾ ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായ്മയുടെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പം, അവർക്കിടയിലെ സൗഹൃദം, സാഹോദര്യം അതൊക്കെ പ്രേക്ഷകർക്കും അനുഭവവേദ്യമാവുന്ന രീതിയിൽ പോർട്രെ ചെയ്യുന്നുണ്ട് അഭിനേതാക്കൾ എല്ലാവരും. ഒരാളുടെ പ്രകടനം എന്നു എടുത്തുപറയുന്നതിനേക്കാൾ, ഒന്നിച്ചു മുന്നേറുന്ന ഒരുപറ്റം അഭിനേതാക്കളുടെ മികവാർന്ന പ്രകടനം എന്നു വിശേഷിപ്പിക്കുന്നതാവും ഉചിതം. വിജയരാഘവനും ദിലീഷ് പോത്തനും മുൻനിര പോരാളികളെന്ന രീതിയിൽ മുൻകൈ നേടുമ്പോൾ വാണി വിശ്വനാഥും ദർശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായി നിലയുറപ്പിച്ച് കോട്ടമതിൽ പണിയുന്നു. കഥയുടെ മാത്രമല്ല, സിനിമയുടെയും കരുത്തായി മാറുന്നത് ആ കൂട്ടായ്മയുടെ പ്രകടനമാണ്.
അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടതുണ്ട്. പ്രത്യേകിച്ചും അനുരാഗ് കശ്യപ് അവതരിപ്പിച്ച ദയാനന്ദ് ബാരെ എന്ന കഥാപാത്രം. കരുത്തനായ ആയുധവ്യാപാരിയായിരിക്കുമ്പോഴും പുത്രവാത്സല്യത്താൽ വൾനറബിൾ ആയി മാറുന്ന ഒരച്ഛനെ ഏറ്റവും കയ്യടക്കത്തോടെ തന്നെ അനുരാഗ് അവതരിപ്പിക്കുന്നു. റാപ്പറായ ഹനുമാൻകൈൻഡും തന്റെ അരങ്ങേറ്റം മനോഹരമാക്കി.
റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തിൽ ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കൾ. പൊന്നമ്മ ബാബുവിനെ ഇത്രയും കിടിലൻ ആറ്റിറ്റ്യൂഡിൽ ആദ്യമായി കാണുന്ന പടം കൂടിയാവാം റൈഫിൾ ക്ലബ്.
വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ, കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായൊരു സ്പേസ് നൽകിയാണ് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പല അഭിനേതാക്കൾക്കും സ്‌ക്രീൻ ടൈം താരതമ്യേന കുറവാണെങ്കിലും ആ കഥാപാത്രങ്ങളുടെ പ്രത്യേകത കാരണം പ്രേക്ഷകർക്ക് അവരെ മറക്കാനാവില്ല. ആറ്റികുറുക്കിയ സംഭാഷണങ്ങളും വലിയ ഇംപാക്റ്റ് ഉണ്ടാക്കുന്നുണ്ട്. സ്വാഭാവികമായ നിരവധി നർമ്മമുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്.
പശ്ചിമഘട്ടത്തിന്റെ സൗന്ദര്യത്തിൽ അലിഞ്ഞ്, ഒറ്റപ്പെട്ടു കിടക്കുന്ന ആ റൈഫിൾ ക്ലബ്ബും സിനിമയിലെ ഒരു കഥാപാത്രം പോലെ പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.
റെട്രോ സ്റ്റൈൽ രീതിയിലാണ് ആഷിഖ് റൈഫിൾ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വിഷ്വൽ അസ്തെറ്റിക്സ്, പ്രൊഡക്ഷൻ ഡിസൈൻ, മ്യൂസിക്, സൗണ്ട് ട്രാക്ക്, കളർ ഗ്രേഡിംഗ് എന്നിവയെല്ലാം റെട്രോ സ്റ്റൈൽ മേക്കിംഗിനോട് നീതി പുലർത്തുന്നുണ്ട്. ആഷിഖ് തന്നെയാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫി. വലിയ ട്വിസ്റ്റുകളൊന്നുമില്ലാതെ ലളിതമായി കഥ പറഞ്ഞുപോവുന്ന ചിത്രത്തെ മേക്കിംഗ് കൊണ്ട് ഉയർത്തിയെടുക്കുകയാണ് ആഷിഖ്.
ചിത്രത്തിന്റെ എസെൻസിനോട് നീതി പുലർത്തുന്നുണ്ട് റെക്സ് വിജയന്റെ മ്യൂസിക്കും വി സാജന്റെ എഡിറ്റിംഗും. ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തീപ്പാറുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് റൈഫിൾ ക്ലബ്ബ്. 'കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാന്‍ പോയവരുടെ' രസകരമായ കഥ തിയേറ്ററുകളിൽ തന്നെ അനുഭവിച്ചറിയേണ്ടതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.