/indian-express-malayalam/media/media_files/PPirMPwLbtPFSbduLA5f.jpg)
Mohanlal Birthday
Happy Birthday Mohanlal: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ 64-ാം പിറന്നാളാണിന്ന്. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും പകരുന്ന നടന വിസ്മയമാണ് മോഹൻലാൽ. മോഹൻലാൽ- മമ്മൂട്ടി എന്ന താരദ്വന്ദ്വങ്ങളെ ചുറ്റിപ്പറ്റിയാണ് നാലു പതിറ്റാണ്ടിലേറെയായി മലയാളസിനിമയുടെ സഞ്ചാരം. ബെസ്റ്റ് ആക്ടർ എന്ന പേരു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുന്ന മുഖവും മോഹൻലാലിന്റെയും മമ്മൂട്ടിയുടേതുമാവാം.
എന്നാൽ, ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ബെസ്റ്റ് ആക്ടർ സമ്മാനം കിട്ടിയൊരു കഥ പറയാനുണ്ട് മോഹൻലാലിന്. 65-70 കാലഘട്ടം, തിരുവനന്തപുരം മോഡൽ സ്കൂളിലെ അധ്യാപകരെ പോലും അമ്പരപ്പിച്ച ഒരു കൊച്ചുപയ്യനുണ്ട്, ആ പയ്യന്റെ പേര് മോഹൻലാൽ. സ്കൂളിലെ നാടക മത്സരത്തിൽ സീനിയേഴ്സിനെയും തോൽപ്പിച്ചുകൊണ്ട് ബെസ്റ്റ് ആക്ടർ സമ്മാനം അടിച്ചെടുത്താണ് ആ ആറാം ക്ലാസുകാരൻ വിസ്മയിപ്പിച്ചത്. അതും കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകത്തില്‍ 90 കാരന്റെ റോളാണ് കുഞ്ഞു ലാൽ അവതരിപ്പിച്ചത്.
/indian-express-malayalam/media/post_attachments/af3150bacb66dcb9aae02a4c35659a520dff592be53e9f98973bf9d79d848e40.jpg)
1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായിട്ടാണ് മോഹൻലാൽ ജനിച്ചത്. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്ത് മുടവൻമുഗളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മോഹൻലാലിന്റെ ഏകസഹോദരൻ പ്യാരേലാലും അച്ഛൻ വിശ്വനാഥൻ നായരും ഇന്ന് ജീവിച്ചിരിപ്പില്ല. 'കിളിക്കൊഞ്ചൽ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ 2000ലാണ് മരിക്കുന്നത്, അച്ഛൻ വിശ്വനാഥൻ നായർ 2007ലും. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ വിശ്വശാന്തി ഫൗണ്ടേഷനും മോഹൻലാൽ ആരംഭിച്ചിട്ടുണ്ട്.
മോഹൻലാൽ എന്ന നടനെ വാർത്തെടുക്കുന്നതിൽ ആ സ്കൂൾ ജീവിതത്തിനും അവിടുത്തെ കൂട്ടുകാർക്കും വലിയ പങ്കുണ്ട്. സംവിധായകൻ പ്രിയദർശൻ, ഗായകനായ എം.ജി. ശ്രീകുമാർ തുടങ്ങിയവരൊക്കെ സ്കൂളിൽ മോഹൻലാലിന്റെ സഹപാഠികളായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയത്തോട് അഭിരുചി പ്രകടിപ്പിച്ച മോഹൻലാൽ സ്കൂൾ നാടകങ്ങളിലെയും മറ്റും സജീവസാന്നിധ്യമായിരുന്നു.
/indian-express-malayalam/media/media_files/mohanlal-childhood-photo-1.jpg)
സ്കൂൾ കാലഘട്ടത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജിൽ ചേർന്ന മോഹൻലാലിന്റെ അക്കാലത്തെ കൂട്ടുകാരായിരുന്നു പ്രിയദർശൻ, മണിയൻപിള്ള രാജു എന്നിവർ. ജീവിതത്തിൽ എന്നും ചേർത്തുപിടിക്കുന്ന ആ സൗഹൃദങ്ങൾ മലയാളസിനിമയുടെ അമരക്കാരനാവാനുള്ള മോഹൻലാലിന്റെ യാത്രയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.
/indian-express-malayalam/media/post_attachments/18dd2d991d68a68457e17bab8c2b560babee66677ab676e0354b8160e95b52c2.jpg)
സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ 'തിരനോട്ടം' എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. 1978ൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു ഹാസ്യവേഷമായിരുന്നു മോഹൻലാൽ കൈകാര്യം ചെയ്തത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല.
/indian-express-malayalam/media/post_attachments/442c03e959a25a4fc90aebde226f7fc8fc593048900603cdd782f80bfc02947c.jpg)
ഫാസിലാണ് പിന്നീട് മോഹൻലാൽ എന്ന നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. 1980ൽ പുറത്തിറങ്ങി 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിൽ വില്ലനായി എത്തുമ്പോൾ മോഹൻലാലിന് വയസ് 20. വില്ലനായി വന്ന് നായകസ്ഥാനം കരസ്ഥനാക്കിയ അപൂര്‍വ്വ നടന്‍മാരില്‍ ഒരാളാണ് മോഹന്‍ ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ലല്ലോ. തുടർന്നങ്ങോട്ട് മോഹൻലാലിന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. 1983ൽ ഇരുപത്തിയഞ്ചോളം പടങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചത്.
/indian-express-malayalam/media/media_files/mohanlal-childhood-photo-3.jpg)
കുറുമ്പും കുസൃതിയും നിറഞ്ഞ മോഹൻലാൽ കഥാപാത്രങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നതിൽ നന്ദി പറയേണ്ടത് ലാലിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരനായ പ്രിയദർശനോടാണ്. 'പൂച്ചക്കൊരു മൂക്കുത്തി' എന്ന ചിത്രത്തിലാണ് ആദ്യമായി മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്നത്. ബോയിങ്ങ് ബോയിങ്ങ്, അരം + അരം കിന്നരം, നിന്നിഷ്ടം എന്നിഷ്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ, താളവട്ടം, ചെപ്പ്, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യൻ, ചിത്രം, വന്ദനം, കടത്തനാടൻ അമ്പാടി, അക്കരെ അക്കരെ അക്കരെ, കിലുക്കം, അഭിമന്യു, അദ്വൈതം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ, കാക്കക്കുയിൽ, കിളിചുണ്ടൻ മാമ്പഴം, അറബീം ഒട്ടകവും പി മാധവൻനായരും, ഗീതാഞ്ജലി, ഒപ്പം, മരക്കാർ എന്നു തുടങ്ങി നാൽപ്പതിലേറെ ചിത്രങ്ങളിലാണ് ലാലും പ്രിയദർശനും കൈകോർത്തത്.
/indian-express-malayalam/media/media_files/mohanlal-childhood-photo-6.jpg)
മലയാളസിനിമയുടെ സുവർണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന എൺപതുകളും തൊണ്ണൂറുകളും മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെയും ശ്രദ്ധേയ വർഷമാണ്. സത്യൻ അന്തിക്കാട്, ലോഹിതദാസ്, സിബിമലയിൽ, ശ്രീനിവാസൻ, ഫാസിൽ, ഐ വി ശശി എന്നിങ്ങനെ അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ കൈകോർത്തപ്പോൾ പിറന്നത് മലയാളി എന്നും ഓർത്തിരിക്കുന്ന അതിമനോഹരമായ ഒരുപിടി ചിത്രങ്ങളാണ്. നാലു പതിറ്റാണ്ടിനിടെ 360 ഓളം ചിത്രങ്ങളാണ് മോഹൻലാൽ എന്ന നടനവിസ്മയം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/mohanlal-childhood-photo-7.jpg)
മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴു തവണ സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും നിരവധി തവണ ഫിലിംഫെയർ അവാർഡുകളും മോഹൻലാൽ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തിയ നടനാണ് മോഹൻലാൽ.
/indian-express-malayalam/media/media_files/mohanlal-childhood-photo-8.jpg)
സിനിമാലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ പത്മശ്രീയും 2019 ൽ പത്മഭൂഷണും നൽകി രാജ്യം മോഹൻലാലിനെ ആദരിച്ചു. കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന് വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിക്കാൻ മോഹൻ ലാൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണൽ പദവിയും (ഓണററി) നൽകി. അഭിനേതാക്കളിൽ ആദ്യമായി ലെഫ്ന്റനന്റ് കേണൽ പദവിയിലെത്തുന്ന നടൻ എന്ന വിശേഷണവും മോഹൻലാലിന് സ്വന്തമാണ്.
Read More Entertainment Stories Here
- ആരാധകരുടെ ലക്ഷക്കണക്കിനു ആശംസകൾക്കിടയിൽ ലാലേട്ടന്റെ രാജകുമാരിയുടെ ഈ ആശംസ കാണാതെ പോവരുതേ!
- പിറന്നാൾ ദിനത്തിൽ വരവറിയിച്ച് ഖുറേഷി എബ്രഹാം; എന്തോ തീരുമാനിച്ചുറപ്പിച്ച വരവാണെന്ന് ആരാധകർ
- പിറന്നാൾ മുത്തമേകി മമ്മൂട്ടി, ആശംസകളുമായി ശോഭനയും മഞ്ജു വാര്യരും പൃഥ്വിയും
- വര്‍മ്മസാറും പീതാംബരനും പ്രിയദര്‍ശിനി രാംദാസും തിരുവനന്തപുരത്ത്; എമ്പുരാന് ലൊക്കേഷൻ ചിത്രങ്ങൾ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- വേർപിരിഞ്ഞ മകളെ എഐയുടെ സഹായത്തോടെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ; നിറകണ്ണുകളോടെ വിജയുടെ അമ്മ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.