/indian-express-malayalam/media/media_files/CzL4tCtJKsRZ5i4CpQCp.jpg)
Mammootty's Fearless Approach Redefines the Landscape of Malayalam Cinema
കഴിഞ്ഞ ദിവസമാണ്, അടുത്തിടെയിറങ്ങിയ 'കണ്ണൂർ സ്‌ക്വാഡ്,' 'കാതൽ' എന്നീ ചിത്രങ്ങളുടെ വിജയം മമ്മൂട്ടി ആഘോഷിച്ചത്. രണ്ടിന്റെയും നിർമാണം മമ്മൂട്ടി കമ്പനി തന്നെയായിരുന്നു. ഏറ്റവും പുതിയതായി ഇറങ്ങിയ മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' തിയേറ്ററുകളിൽ വലിയ വിജയത്തിലേക്ക് കുതിക്കുന്ന സമയത്താണ് ഈ വിജയാഘോഷം നടന്നത്.
ഈ രണ്ടു ചിത്രങ്ങൾക്ക് തൊട്ടു മുൻപ് റിലീസ് ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രവും പ്രേക്ഷക, നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടി അതിഥിതാരമായി എത്തിയ 'എബ്രഹാം ഓസ്ലർ' പോലും വിജയത്തിന്റെ മധുരം നുകർന്ന ചിത്രമാണ്. അങ്ങനെ താൻ തൊട്ടതെല്ലാം പൊന്നാവുന്ന ഒരു സമയത്ത് കൂടിയാണ് മമ്മൂട്ടി കടന്നു പോവുന്നത്.
ഒരുപക്ഷേ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന ഏടുകളിൽ ഒന്നാവും ഇത്. അന്യഭാഷാ താരങ്ങൾ അസൂയയോടെ നോക്കിക്കാണുന്ന, മലയാളി അഭിമാനത്തോടെ ഉറ്റുനോക്കുന്ന, സമകാലിക മലയാള സിനിമയിലെ മാറ്റത്തിന്റെ 'ഫ്‌ളാഗ് ബെയറർ' ആവുകയാണ് മമ്മൂട്ടി.
കോവിഡാനന്തര മമ്മൂട്ടി
കോവിഡിനു മുൻപും ശേഷവും എന്ന രീതിയിൽ മമ്മൂട്ടിയെന്ന നടന്റെ തിരഞ്ഞെടുപ്പുകളിലും സിനിമാ സമീപനങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തായിരിക്കും മമ്മൂട്ടിയിൽ സംഭവിച്ചത്? തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഓടി കൊണ്ടിരുന്ന ഒരു മമ്മൂട്ടി ഉണ്ടായിരുന്നു കോവിഡിനു മുൻപ്. ജീവിതത്തിൽ 30 ദിവസം തികച്ച് ഒരു അവധിക്കാലം കിട്ടിയതെന്നാണെന്നു പോലും ഓർക്കാനാവാത്ത രീതിയിൽ തിരക്കുകളിൽ പെട്ടു പോയൊരു മനുഷ്യൻ.
ആ മമ്മൂട്ടിയ്ക്ക് കാലം ഒരുക്കി വച്ച അപ്രതീക്ഷിതമായൊരു വിശ്രമകാലം കൂടിയായിരുന്നു കോവിഡ് ലോക്ക്ഡൗൺ. നീണ്ട 275 ദിവസങ്ങൾ മമ്മൂട്ടി ആൾക്കൂട്ടങ്ങളിൽ നിന്നും ആരവങ്ങളിൽ നിന്നുമെല്ലാം ഒഴിഞ്ഞ് തന്റെ വീടിന്റെ സ്വച്ഛതയിൽ ചെലവഴിച്ചു. ധാരാളം വായിച്ചും ചിന്തിച്ചും ഭാഷാഭേദമില്ലാതെ സിനിമകൾ കണ്ടുകൂട്ടിയും ഫൊട്ടോ എടുത്തുകൂട്ടിയും കൃഷിത്തോട്ടത്തിൽ സമയം ചെലവഴിച്ചും തിരക്കുകൾക്കെല്ലാം മമ്മൂട്ടി അവധി നൽകി.
കോവിഡ് കാലം ആവശ്യപ്പെട്ട നിർബന്ധിത അവധിക്കാലമായിരുന്നു അതെങ്കിലും ആ കാലം മമ്മൂട്ടിയെന്ന നടനെ, അയാളിലെ അഭിനയമോഹത്തെ രാകി മിനുക്കിയിട്ടുണ്ടെന്നു വേണം അനുമാനിക്കാൻ. തെളിഞ്ഞ ചിന്തകളോടെ, അടിമുടി റിഫ്രെഷായി, അൺലേൺ ചെയ്യേണ്ടതിനെയെല്ലാം അൺലേൺ ചെയ്ത് ഒടുവിൽ ഒരു വാല്മീകത്തിനു അകത്തു നിന്നെന്ന പോലെ മമ്മൂട്ടി മലയാള സിനിമയിലേക്ക് തിരിച്ചെത്തി.
മനുഷ്യനെന്ന രീതിയിലും നടനെന്ന രീതിയിലും സ്ഫുടം ചെയ്തെടുത്തു. തിരക്കുകൾക്കിടയിൽ മിസ്സായി പോയ പലതും മമ്മൂട്ടി തിരിച്ചു പിടിച്ചു കാണണം. ക്ഷുഭിതനായ, ക്ഷിപ്രകോപിയായ മമ്മൂട്ടിയെ കോവിഡാനന്തരം പ്രേക്ഷകർ കണ്ടത് വളരെ അപൂർവ്വമായിട്ടാവും. 70 വർഷത്തോളം ശീലിച്ച ശീലങ്ങളുടെ ഓർമയിൽ, 'പൊളിറ്റിക്കലി കറക്റ്റ'ല്ലാത്തൊരു ഉപമ ജൂഡ് ആന്റണിയെ കുറിച്ചു പറഞ്ഞ മമ്മൂട്ടിയെ പ്രേക്ഷകർ മറന്നു കാണില്ല. പക്ഷേ, അതിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് ഒട്ടും സമയം കളയാതെ പബ്ലിക്കായി ക്ഷമ പറഞ്ഞ മമ്മൂട്ടിയാണ്.
വ്യക്തിയെന്ന രീതിയിൽ സ്വയം പുതുക്കപ്പെട്ടു മുന്നോട്ടു പോവുമ്പോൾ, അഭിനേതാവെന്ന രീതിയിൽ സ്വയം ചലഞ്ച് ചെയ്ത് പരീക്ഷണങ്ങൾക്കു പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രയാണം. 'ഭീഷ്മപർവ്വം' മുതലിങ്ങോട്ട് ആ കരിയർ ഗ്രാഫിലെ മാറ്റങ്ങൾ പ്രകടമാണ്. 'ഭീഷ്മപർവ്വ'ത്തിലെ മൈക്കിളപ്പൻ, 'പുഴു'വിലെ കുട്ടൻ,'റോഷാക്കി'ലെ ലൂക്ക് ആന്റണി, 'നൻപകൽ നേരത്ത് മയക്ക'ത്തിലെ ജെയിംസും സുന്ദരവും 'കണ്ണൂർ സ്ക്വാഡി'ലെ ജോർജ് മാർട്ടിൻ, 'കാതലി'ലെ മാത്യു ദേവസ്യ, 'എബ്രഹാം ഓസ്ലറി'ലെ ഡോ. അലക്സാണ്ടർ ജോസഫ്, 'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റി... രൂപത്തിലോ ഭാവത്തിലോ ക്യാരക്ടർ ആർക്കിലോ തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത വ്യത്യസ്തതരം കഥാപാത്രങ്ങൾ, വേറിട്ട മാനറിസങ്ങൾ... പരീക്ഷണങ്ങൾക്ക് യാതൊരു മടിയുമില്ലാതെ കൈകൊടുക്കുന്ന മമ്മൂട്ടിയെ ആണ് മലയാളികൾ ഇപ്പോൾ കാണുന്നത്.
ഇനി മമ്മൂട്ടി എന്തു ചെയ്യും?
'കാതലി'ലെ സ്വവർഗാനുരാഗിയായ നായകനെ ന്യൂയോർക്ക് ടൈംസ് വരെ പുകഴ്ത്താനും, വർഷങ്ങൾക്കു ശേഷം മലയാളത്തിലൊരു മോണോക്രോം ചിത്രം പിറക്കാനും കൊമേഴ്സ്യൽ വാല്യുവിനായി യാതൊരുവിധ കോംപ്രമൈസിനും തയ്യാറാകാതിരുന്നിട്ടും ആ ചിത്രം തിയേറ്ററുകളിൽ ഫുൾ ഹൗസായി ഓടി കൊണ്ടിരിക്കാനും, പ്രായമേഭമന്യേ/ ഭാഷാഭേദമന്യേ കൊടുമൺ പോറ്റിയെന്ന കൊടൂര വില്ലൻ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതിനുമെല്ലാം പിന്നിൽ ഒരേ ഒരു കാരണമേയുള്ളൂ, അത് മമ്മൂട്ടിയാണ്.
അഭിനയത്തിൽ ഏതറ്റം വരെയും പോവാൻ തയ്യാറായി മമ്മൂട്ടി നിൽക്കുമ്പോൾ, വെല്ലുവിളി നേരിടുന്നത് പുതിയ കാലത്തിന്റെ സംവിധായകർ കൂടിയാണ്. ഇനി മമ്മൂട്ടി എന്തു ചെയ്യും എന്നു മാത്രമല്ല, സിനിമാലോകം ഇനി മമ്മൂട്ടിയ്ക്കായി എന്താണ് കരുതി വയ്ക്കുന്നത് എന്നു കൂടിയാണ് പ്രേക്ഷകലോകം ഉറ്റുനോക്കുന്നത്.
ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും
ഏതൊരു അഭിനേതാവും കൊതിക്കുന്ന വേഷങ്ങളെല്ലാം മമ്മൂട്ടി ഇതിനകം തന്നെ അഭിനയിച്ചു കഴിഞ്ഞല്ലോ. പ്രായം 72 പിന്നിടുമ്പോൾ ഇനിയും മമ്മൂട്ടിയ്ക്ക് എന്താണ് ചെയ്യാൻ ബാക്കിയുള്ളതെന്ന് പ്രേക്ഷകർക്ക് ഒരുവേള സംശയം തോന്നിയേക്കാം. എന്നാൽ, അതു പ്രേക്ഷകരുടെ മാത്രം സംശയമാണ്. തനിക്ക് എന്താണ് ബാക്കിയുള്ളത് എന്ന കാര്യത്തിൽ മമ്മൂട്ടിയ്ക്ക് തെല്ലുമില്ല സംശയം. 1971ൽ തന്റെ ആദ്യചിത്രം 'അനുഭവങ്ങൾ പാളിച്ചകളിൽ' അഭിനയിക്കാൻ ചെന്ന ആ "ആർത്തി" ഇന്നൽപ്പം കൂടി മൂർച്ഛിട്ടുണ്ടെങ്കിലേ ഉള്ളൂ.
'ഞാൻ മെഗാസ്റ്റാറല്ലേ, സൂപ്പർ സ്റ്റാറല്ലേ, സിനിമകൾ വേണമെങ്കിൽ എന്നെ തേടിയെത്തട്ടെ,' എന്ന കടുംപിടുത്തമൊന്നും മമ്മൂട്ടിയ്ക്കില്ല. കഥാപാത്രങ്ങളെ തേടി, സിനിമകളെ തേടി, കയ്യിൽ വെടി മരുന്നുണ്ടെന്ന് തോന്നുന്ന സംവിധായകരെ തേടി മമ്മൂട്ടി തന്റെ പ്രയാണം ഇപ്പോഴും തുടരുന്നു.
കാലാഹരണപ്പെട്ട നടനാവാൻ അയാൾ ഒരുക്കമല്ല, അത് അഭിനയത്തിന്റെ കാര്യത്തിലായാലും ജീവിതത്തിന്റെ കാര്യത്തിലായാലും. സ്വയം പുതുക്കിയും ഒട്ടും ക്ലാവു പിടിക്കാതെ തേച്ചു മിനുക്കിയും മമ്മൂട്ടി തന്നെ ഒരുക്കി നിർത്തുന്നു എപ്പോഴും.... 'ഒന്നു ട്രാക്ക് മാറ്റിക്കൂടെ? മടുത്തില്ലേ?' എന്നൊന്നും ആരും മമ്മൂട്ടിയോട് ചോദിക്കില്ല, അതിനുള്ള സാവകാശം പോലും തരില്ലെന്നു തീർപ്പുകൽപ്പിച്ചുള്ള മുന്നോട്ടു നടപ്പാണത്.
മമ്മൂട്ടിയുടെ കാര്യത്തിൽ, 'വിന്റേജ് മമ്മൂട്ടിയെ' തിരിച്ചു ലഭിച്ചിരുന്നെങ്കിൽ എന്ന് പതം പറയുന്ന പ്രേക്ഷകർ വിരളമായിരിക്കും. കാരണം 'വിന്റേജ് മമ്മൂട്ടി' മനോഹരമായൊരു ഏടായി നിൽക്കുമ്പോഴും, അതിലും മികച്ചതെന്തിനെയോ തിരഞ്ഞുള്ള യാത്രയിലാണ് ഇന്നിന്റെ മമ്മൂട്ടി. 'കണ്ടത് മനോഹരം, കാണാനിരിക്കുന്നത് അതിമനോഹരം' എന്ന പ്രത്യാശയുടെ കൂടെ പേരാണ് മലയാളികൾക്ക് മമ്മൂട്ടി.
"മാർലൺ ബ്രാൻഡോ ആവാൻ ആഗ്രഹിച്ചിട്ട് മമ്മൂട്ടി ആയ ആളാ ഞാൻ," എന്നു പറയുന്ന ഒരു മമ്മൂട്ടിയുണ്ട്. തനിക്കായി മമ്മൂട്ടി സെറ്റ് ചെയ്തു വച്ച ബാർ അത്രഉയരത്തിലാണെന്നുചുരുക്കം. കുന്നോളം ആഗ്രഹിച്ചിട്ട് കുന്നിക്കുരുവോളം മാത്രം സ്വന്തമാക്കിയിട്ടേയുള്ളൂ താനിതു വരെ എന്നു കരുതുന്ന ഒരു സ്വപ്നാടകൻ മമ്മൂട്ടിയ്ക്ക് ഉള്ളിലുണ്ട്, 'കുന്നിക്കുരുവോളം സ്വന്തമാക്കിയല്ലോ, ഒന്നൂടി ശ്രമിച്ചാൽ ആ കുന്നും സ്വന്തമാക്കാൻ ആയാലോ' എന്നു സ്വപ്നം കാണുന്ന ഒരു ദിവാസ്വപ്നക്കാരനും. അതു കൊണ്ടാണ് "എന്റെ ആത്മധൈര്യം, ഇത്രയും തേച്ചു മിനുക്കാമെങ്കില്‍ ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും എന്നതാണെന്ന്," മമ്മൂട്ടി പറയുന്നത്.
"ഓരോ സിനിമകളെയും സമീപിക്കുമ്പോൾ ആളുകളുടെ പ്രതീക്ഷ ഭാരമായി തോന്നാറുണ്ടോ?" എന്ന് ഒരു പ്രസ്സ് മീറ്റിൽ മാധ്യമപ്രവർത്തകൻ മമ്മൂട്ടിയോട് ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിനു ഏറ്റവും ശാന്തനായി മമ്മൂട്ടി നൽകുന്നൊരു മറുപടിയുണ്ട്, "42 വർഷമായി സിനിമയിൽ. അതൊരു ഭാരമാണെങ്കിൽ നമ്മളത് എവിടെയെങ്കിലും ഇറക്കിവയ്ക്കില്ലേ? ഈ ഭാരം ചുമക്കുന്നതാണെന്റെ സുഖം."
ജീവിതത്തിൽ ഒരിക്കലും മമ്മൂട്ടിയ്ക്ക് മടുക്കാത്ത ഒന്നുണ്ടെങ്കിൽ അതു അഭിനയമാണെന്നു തോന്നും ആ വാക്കുകൾ കേൾക്കുമ്പോൾ. ഒട്ടും മുഷിയാതെ, മടുക്കാതെ, സിനിമയെന്ന മാസ്മരികതയെ തീരാപ്രണയത്തോടെ അയാൾ പിൻതുടർന്നു കൊണ്ടേയിരിക്കുന്നു. വിജയങ്ങളും പരാജയങ്ങളും വീഴ്ചകളും അനിശ്ചിതത്വങ്ങളുമെല്ലാം നിറഞ്ഞ സിനിമാലോകത്ത് നാലു പതിറ്റാണ്ടിലേറെയായി ഔട്ട്ഡേറ്റഡാവാതെ മമ്മൂട്ടിയെന്ന നടൻ നിലനിൽക്കുന്നുവെങ്കിൽ അതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല.
ഇത്ര നാളും നമ്മൾ കണ്ടതൊന്നുമല്ല മമ്മൂട്ടി
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഏറ്റവും സ്റ്റൈലിഷായി മുപ്പതിന്റെ ചെറുപ്പം തോന്നിക്കുന്ന ചിത്രങ്ങൾ പങ്കിട്ട് "ഈ ചെറുപ്പക്കാരനെ കൊണ്ടു തോറ്റല്ലോ?" എന്ന് ആരാധകരെ കൊണ്ടു പറയിപ്പിക്കുന്ന മമ്മൂട്ടിയിൽ നിന്നും എത്രയോ കാതം അകലെയാണ് ഏറ്റവും ഒടുവിൽ നമ്മൾ കണ്ട പൈശാചിക മുഖഭാവങ്ങളുമായി താണ്ഡവമാടുന്ന കൊടുമൺ പോറ്റി. പോറ്റിയിലേക്ക് ചാത്തൻ ആവാഹിക്കപ്പെടുന്ന പോലെ, മമ്മൂട്ടിയിലേക്ക് ഒരു ഉന്മാദി കയറി കൂടുകയാണ് അഭിനയിക്കുമ്പോൾ.
'ചെകുത്താന്റെ ചിരി' എന്ന പ്രയോഗത്തിനു നേരെ കൊടുമൺ പോറ്റി എന്നെഴുതി ചേർത്താൽ കൃത്യം ചേരുമല്ലോ എന്നു നമ്മൾ മനസ്സിലോർക്കുന്ന നിമിഷത്തിനു തൊട്ടു പിന്നാലെ, മമ്മൂട്ടി വീണ്ടും ഭാവം മാറ്റും. പിതൃവാത്സല്യത്താൽ നനുത്തു പോയ അച്ഛനായി മകനോട് മാപ്പിരക്കും. നോക്കി നിൽക്കെ, അയാളിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്തംവിട്ട് നിൽക്കുമ്പോഴേക്കും അയാളിലേക്ക് ചാത്തൻ രൗദ്രഭാവങ്ങളുമായി വീണ്ടും തിരിച്ചെത്തും.
'ആരാണ് പോറ്റി, ആരാണ് ചാത്തൻ' എന്ന് മനസ്സിലാവാതെ ലൂപ്പിൽ പെട്ടു പോയതുപോലെ പ്രേക്ഷകരും അവശരാകും. തേവനൊപ്പം ഞങ്ങളെയും മനയിൽ നിന്നു പോവാൻ അനുവദിക്കണമെന്ന് കാഴ്ചക്കാരും അസ്വസ്ഥതയോടെ പോറ്റിയോട് കെഞ്ചും. 'ഈ പടിപ്പുര കടന്ന് വരുന്നത് ആരായാലും ഒരു തിരിച്ച് പോക്കില്ലെ'ന്ന് തീർത്തും നിഷ്ഠൂരമായി പറഞ്ഞ് പോറ്റി വീണ്ടും ഉന്മാദിയാവും, അട്ടഹസിക്കും. തിയേറ്ററിലെ നൂറുകണക്കിന് മനുഷ്യർക്കിടയിൽ ഇരിക്കുമ്പോഴും നമ്മൾ ഭീതിയിൽ മുങ്ങും.
ഭൂമിയിലെ മുഴുവൻ രൗദ്രതയും കുടിലതയും തന്നിൽ നിറച്ച്, കണ്ടിരിക്കുന്നവന്റെ ഉള്ളു കിടുങ്ങുന്ന രീതിയിൽ കൊടുമൺ പോറ്റി ആർത്തു ചിരിക്കുമ്പോൾ കൊടിയ മമ്മൂട്ടി ആരാധകർ പോലും മനസ്സിൽ പറഞ്ഞുപോവും, 'ഇതു ഞാൻ കണ്ട മമ്മൂക്കയല്ലെന്ന്.' പോറ്റിയുടെ മാനറിസങ്ങളെ, ചിരിയെ എവിടെയായിരുന്നു മമ്മൂട്ടി ഇത്രനാളും ഒളിപ്പിച്ചുവച്ചതെന്ന് അമ്പരന്ന് പോവും നമ്മൾ. ഭയപ്പെടുത്താനായി ഇരുട്ടിൽ നിന്നും ചാടി വീഴുന്ന യക്ഷിയോ, തലങ്ങും വിലങ്ങും ഉലാത്തുന്ന ദുർഭൂതങ്ങളോ തുടങ്ങി സാധാരണ ഹൊറർ സീനുകളിൽ കാണുന്ന സങ്കേതങ്ങളൊന്നും 'ഭ്രമയുഗ'ത്തിൽ ഇല്ല. എന്നിട്ടും 'ഭ്രമയുഗ'ത്തെ ഭീതിദമായ അനുഭവമാക്കുന്നത് മമ്മൂട്ടിയുടെ അഭിനയവും ആ കഥാപാത്രത്തിന്റെ അൺപ്രെഡിക്റ്റബിളായ ഭാവങ്ങളുമാണ്.
പോറ്റിയുടെ മനയുടെ ഇരുട്ടിലും മാറാലപിടിച്ച അകത്തളങ്ങളിലും വഴുപ്പിലും പെട്ട് തേവനെ പോലെ പ്രേക്ഷകരും ഉഴറും. അധികാരഗർവ്വിൽ തിളങ്ങുന്ന ആ കണ്ണുകൾ, മുറുക്കാൻ കറ പിടിച്ച പല്ലുകൾ, മുഖത്തെ കുടിലത, അസുരഭാവങ്ങൾ, മാറി മാറി വരുന്ന ശബ്ദത്തിലെ ഭാവങ്ങൾ... പോറ്റി കോഴിക്കാൽ വലിച്ചു പറിച്ചു കഴിക്കുന്നൊരു രംഗമുണ്ട് ചിത്രത്തിൽ. അതു പോലും കാഴ്ചക്കാരന്റെ ഉള്ളിൽ ഉണ്ടാക്കുന്ന ആളൽ ചെറുതല്ല. അധികാരത്തിന്റെ ആൾരൂപമായി, അന്യന്റെ സ്വാതന്ത്ര്യത്തെ കാൽകീഴിലിട്ട് ചവിട്ടിയരിച്ച് അയാൾ കളിക്കുന്ന പകിട കളി പ്രേക്ഷകന്റെ നെഞ്ചിടിപ്പു കൂടിയാണ് വർദ്ധിപ്പിക്കുന്നത്. തനിക്കെതിരെ തിരിഞ്ഞു തുടങ്ങുന്ന മനുഷ്യർക്ക് അയാൾ പട്ടടയൊരുക്കുന്നു.
ഇത്ര നാളും കണ്ടതൊന്നുമല്ല മമ്മൂട്ടിയെന്ന തിരിച്ചറിവിലാണ് സിനിമയെ പ്രാണനിലേക്കെടുത്ത ഈ ഉന്മാദിയായ നടൻ നമ്മളെ എത്തിക്കുന്നത്. ചിലപ്പോൾ, താൻ പോലും ഇനിയും കണ്ടു തീർന്നിട്ടില്ലാത്തൊരു മമ്മൂട്ടിയെ തന്നിൽ നിന്നും ഖനനം ചെയ്തെടുക്കുകയുമാവാം അയാൾ.
Read More:
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
- കൊടുംകാട്ടിൽ മദയാന അലയും പോലെ, 'എന്നാ നടിപ്പ് ടാ'; മമ്മൂട്ടിയുടെ പോറ്റിയെ പുകഴ്ത്തി തമിഴർ
- കാതലിലെ കാതലുകള് (നന്മ നിറഞ്ഞ ഒരു മഴവില് സിനിമ)
- ആ സിനിമയില് മമ്മൂട്ടിയുടെ മകളായി അഭിനയിക്കേണ്ടിയിരുന്നത് ഞാൻ: നിഷ ജോസ് കെ.മാണി
- മമ്മൂട്ടിയുടെ ഏറ്റവും ചെറിയ അതിഥിവേഷം ഈ ചിത്രത്തിലാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.