/indian-express-malayalam/media/media_files/QMP9yJkMMBusZSVtGbEr.jpg)
പോസ്റ്ററില്‍ രക്തച്ചുവപ്പ് ഉളള ക്രൈം ത്രില്ലര്‍ സിനിമകളാണ് ഇപ്പോള്‍ അധികവും. സിനിമ പാതിയെത്തും വരെ വാലും തുമ്പും മനസ്സിലാവുകയുമില്ല. എന്റെ പ്രശ്നമാണോ സിനിമയുടെ പ്രശ്നമാണോ എന്ന് തീര്‍ച്ചയില്ല. (നടന് മധുവും ഏതാണ്ടിതു പോലൊക്കെത്തന്നെ പറഞ്ഞു കേട്ടു) അതു കൊണ്ടൊക്കെത്തന്നെ സിനിമ കാണാനുള്ള ആര്‍ത്തി നിന്നു പോയതു പോലെ.
പക്ഷേ ചില ടൈറ്റിലുകളുണ്ട്. നമ്മെ അതിലേയ്ക്കു പിടിച്ചു വലിയ്ക്കും. ബെന്യാമിന്റെ 'മഞ്ഞവെയില്‍ മരണങ്ങള്' അങ്ങനെ, ഇറങ്ങിയ അന്നു തന്നെ വായിച്ച പുസ്തകമാണ്. 'നന് പകല്‍ നേരത്ത് മയക്കം' അങ്ങനെ, കണ്ടേ പറ്റൂ എന്ന് തോന്നിക്കും വിധം അടുപ്പം തോന്നിച്ച ടൈറ്റിലാണ്.
'കാതലും' അങ്ങനെ ആകാംക്ഷ ഉണര്‍ത്തിയ ടൈറ്റിലാണ്. ഷൂട്ടിങ് റ്റൈമില്‍ മമ്മൂട്ടിയുടെയും ജ്യോതികയുടെയും മുഖങ്ങളൊന്നിച്ച് കാണുമ്പോള്‍ തന്നെ ഭാവന തിരക്കഥയുടെ കാടുകയറി. തമിഴിലെ കാതല്‍ മാത്രമേ അന്ന് ഭാവനയില്‍ ഉണര്‍ന്നുള്ളൂ. രണ്ടു മദ്ധ്യവയസ്ക്കരുടെ ഏതു തരം പ്രണയകഥയാവും ഇതെന്ന് ഹൃദയം വെമ്പല്‍ കൊണ്ടു. മലയാളത്തില്‍ ഇത്രമാത്രം നല്ല നടികളുണ്ടായിരിക്കെ എന്തിനാവും ജ്യോതികയെ കൊണ്ടു വരുന്നത് ഈ സ്ത്രീവേഷമാടാന് എന്ന് ഞാന്‍ സ്വയം ചോദിച്ചു.
'കാതലി'ലെ പാട്ടില്‍ പറയുന്നുണ്ട് പല തരം ഉള്ളുകളിലെ പല തരം വേവുകളാണ് ഈ കാതല്‍ എന്ന്. ഇത് അങ്ങനെ തമിഴന്റെ കാതലും ഒപ്പം മലയാളിയുടെ കാതലും കൂടിയാകുന്നു.
ഒരു പിടി മനുഷ്യര്‍ ജീവിതത്തെ എങ്ങനെ അതിജീവിയ്ക്കുന്നു എന്നതാണ് കഥ. അതില്‍ മാത്യൂ ദേവസ്സി എന്ന കോപ്പറേറ്റീവ് ബാങ്ക് റിട്ടയേഡ് ഉദ്യോഗസ്ഥനുണ്ട്, പ്രായം ചെന്ന ചാച്ചനുണ്ട് ,ഭാര്യ ഓമനയുണ്ട്, മകളുണ്ട്, മാത്യൂവിന്റെ കൂട്ടുകാരന് തങ്കനുണ്ട്, തങ്കന്റെ അനിയത്തിയുടെ മകന് കുട്ടായിയുണ്ട്. പിന്നെ രണ്ട് എതിര് പാര്‍ട്ടികളിലെയും പ്രവര്‍ത്തകരും ഉണ്ട്. കഥയില്‍ പ്രത്യേകത വരുന്നത് കഥാപാത്രങ്ങളില്‍ രണ്ടു പേര് സ്വവര്‍ഗ്ഗരതിക്കാരാണ് എന്നയിടത്താണ്.
ആദ്യ പകുതിയില്‍ പാര്‍ട്ടിപ്രവര്‍ത്തകരും ഇലക്ഷനൊരുക്കവും ആണ്. പശ്ചാത്തലത്തില്‍ വളരെ സൈലന്റായ ഒരു വീടും. ന്യൂജെന്കാരി മകളുടെ ഒരു ദിവസത്തെ വരവില്‍ മാത്രം ശബ്ദം വയ്ക്കുന്ന വീട്. വീടും ഇതില്‍ ഒരഭിനേതാവാണ്. വീടിനെ പല വെളിച്ചങ്ങളില്‍ പല ആങ്ഗിളുകളില്‍ അവതരിപ്പിയ്ക്കുന്നിടത്തൊക്കെ വീട് മിണ്ടാതെ മിണ്ടുന്നതായിത്തോന്നും. വീടഭിനയിക്കുന്ന ഒരു മലയാളസിനിമ ആദ്യമായി കാണുകയാണ്.
Read Here: Kaathal The Core movie review: Mammootty and Jyotika outdo themselves in Jeo Baby’s landmark film
പുറംപൂച്ചുകളാണ് ഇപ്പഴും നമ്മുടെയൊക്കെ കാതല്‍
രണ്ടാമത്തെ പകുതിയിലാണ് വീടിനകത്തെ സംസാരവും കോടതിയും ഏറ്റുപറച്ചിലുകളും ഒത്തുതീര്‍പ്പുകളും ജീവിതത്തിലെയും ഇലക്ഷനിലെയും ശുഭപര്യവസാനവും.
വളരെ നാള് ഒന്നിച്ചു ജീവിച്ചിട്ട് , അതും പ്രത്യക്ഷത്തില്‍ അലോസരങ്ങളൊന്നുമില്ലാതെ ജീവിച്ചിട്ട് വിവാഹമോചനം എന്ന ഏടിലേയ്ക്ക് പ്രവേശിയ്ക്കുന്ന രണ്ടു പേര് എന്ന അസാധാരണത്വത്തിന്റെ ഇഴ കീറി പരിശോധന പൂര്‍ത്തിയാകുമ്പോള്‍ സിനിമ പൂര്‍ത്തിയാകുന്നു. ചരിത്രവിജയം എന്ന് കൂറ്റന്‍ ഫ്ളക്സ് പൊങ്ങുന്നു. പശ്ചാത്തലത്തില്‍ പ്രതീകാത്മകമായി ഒരു മഴവില്ലും.
മാന്യമായ തൊഴിലില്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ജീവിയ്ക്കുന്ന ഒരു ക്വീര്‍ വ്യക്തിയും അതൊന്നുമില്ലാതെ ദൈനംദിനജീവിതം തളളിനീക്കുന്ന ഒരു സാധാരണക്കാരന് ക്വീര്‍ വ്യക്തിയും ജീവിയ്ക്കുന്ന ജീവിതങ്ങള്‍, അവര്‍ നേരിടുന്ന പരിഹാസങ്ങള്‍, വിമര്‍ശനങ്ങള്‍, ഇതൊക്കെ തികച്ചും വത്യസ്തമായ രണ്ടു തട്ടുകളിലാണെന്ന് പറഞ്ഞു വയ്ക്കുന്നു സിനിമ. ഒന്നാം കാറ്റഗറിക്കാരന് എപ്പോഴും തലയുയര്‍ത്തിപ്പിടിച്ച് നടക്കാം. തലകുനിക്കേണ്ടി വരുന്നതും പരുങ്ങുന്നതും രണ്ടാം കാറ്റഗറിക്കാരനാണ്. ഒരു മഴസീനില് ഒരാള്‍ വരാന്തയില്‍ മഴ കൊള്ളാതെ നില്‍ക്കുകയും മറ്റെയാള്‍ മഴയത്തേയ്ക്ക് നടന്നു പോവുകയും ചെയ്യുമ്പോള്‍ അവര്‍ കാണുന്നുണ്ട് പരസ്പരം, പക്ഷേ ഒരാള്‍ ഒന്നും കാണാത്ത മട്ടില്‍ ചുറ്റുപാടിലേയ്ക്ക് കണ്ണോടിയ്ക്കുന്നു, മറ്റേയാള്‍ പതറിയ നോട്ടവുമായി സ്വയം ചുരുങ്ങുന്നു. ഇതാണ് അവര്‍ തമ്മിലുള്ള വ്യത്യാസം. തങ്കന്റെ മരുമകന് കുട്ടായി നേരിടുന്ന നാണക്കേട് മാത്യുവിന്റെ മകള്‍ നേരിടുന്നില്ല. അവളുടെയും മുഖം മങ്ങുന്നുണ്ട്, ലൈറ്റണഞ്ഞ വീടു പോലെ എന്ന് മാത്രം.
പിന്നെ ഇരുപതു വര്‍ഷം സര്വ്വംസഹയായിക്കഴിഞ്ഞ ഓമന. എഴുപതു വയസ്സിലൊക്കെ വിവാഹമോചനത്തിനായി കോടതി കയറിയിറങ്ങുന്നവരുടെ വാര്‍ത്ത വായിച്ചിട്ടില്ലേ? കല്യാണകെട്ടുപാടില് നിന്നുമൊഴിഞ്ഞ് സ്വതന്ത്രവ്യക്തിയായി മരിക്കേണ്ടിയിട്ടാവും എന്ന് അപ്പോഴൊക്കെ തോന്നാറുണ്ട്. എല്ലാം വേണ്ടപ്പെട്ടവരോട് തുറന്നു പറഞ്ഞിട്ടും ഫലമില്ലെന്നു കാണുമ്പോള്‍, മെല്ലെമെല്ലെ ഓമന, ഓമനയാവുകയാണ്. അവള് സ്വയമായി തീരുമാനങ്ങള്‍ എടുക്കുന്നു. മകളോടതിനു മുമ്പ് മനസ്സു തുറക്കുന്നു. മകള്ക്കതു മനസ്സിലാവും. അവള് പുതിയ കാലത്തിന്റെ കുട്ടിയല്ലേ ? എല്ലാമറിയുന്ന ചാച്ചന് ഓമനയോട്, മകന്റെ പുറമേയ്ക്കുള്ള സ്വസ്ഥജീവിതത്തിനു വേണ്ടി ഒത്തുതീര്‍പ്പിനായി അപേക്ഷിക്കുമ്പോള്‍, പുറംപൂച്ചുകളാണ് ഇപ്പഴും നമ്മുടെയൊക്കെ കാതല്‍ എന്നു സിനിമ പറഞ്ഞു വയ്ക്കുന്നു.
മമ്മൂട്ടിയുടെ അസാധാരണ പെര്‍ഫോമന്‍സാണോ എന്നു ചോദിച്ചാല്‍, അല്ല എന്നു പറയും ഞാന്‍. എന്നെ ഐറിഷ് റിപ്പബ്ളിക്കില്നിന്ന് പുറത്താക്കിയതാണടാ മാടേ എന്ന് നസ്റുദ്ദീന്‍ ഷാ പറയുമ്പോള്‍, തമ്പ്രാനെ പൊറത്താക്ക്വേ എന്ന് ചോദിച്ച് വണ്ടിയ്ക്കു പുറകെയുള്ള ഓട്ടം നിര്‍ത്തി അമ്പരന്ന് നില്ക്കുന്ന മാട, ആദ്യരാത്രിയില്‍ മല്ലികാസാരാഭായിയുടെ കൈ പിടിച്ച് 'നല്ല സോഫ്റ്റ് കൈയാണല്ലാ' എന്നു പറയുന്ന 'ഡാനി'യിലെ മമ്മൂട്ടി ഒക്കെയാണെന്റെ സ്വന്തം മമ്മൂട്ടി. ഈ മമ്മൂട്ടി ഉള്‍ജീവിതത്തില്‍ തോറ്റവനാണ്, ചാച്ചന്റെയടുത്തും ഓമനയുടെ അടുത്തും കരയുന്നുണ്ട്, കഥാപാത്രത്തെ തിരക്കഥാകൃത്തുക്കളും ജിയോ ബേബിയും മെനഞ്ഞതിലാണ് ഇവിടുത്തെ വ്യത്യാസം. അല്ലാതെ മമ്മൂട്ടിയുടെ അഭിനയത്തിലല്ല.
തങ്കനാണ് (സുധി കോഴിക്കോട്) അഭിനയത്തില്‍ തിളങ്ങിയത്. കടയില്‍ വരുന്ന ചാച്ചന് എട്ട് കപ്പലണ്ടി മിഠായി പൊതിഞ്ഞ് കൊടുക്കുമ്പോഴും ആ കണ്ണുകളെ നേരിടാന്‍ അയാള്‍ക്കാവുന്നില്ല. മാത്യുവിനെ ഡയല് ചെയ്യാന്‍ ഫോണെടുത്തിട്ട് അതിനാവുന്നില്ല. കുട്ടായിയും കൂടി പോകുമ്പോള്‍ അയാളുടെ തനിച്ചിരിപ്പ്. അയാളുടെ കള്ളുകുടി. ഡ്രൈവിങ് പഠനത്തിന് ഇപ്പോ സ്ത്രീകള്‍ കൂടി എന്ന അയാളുടെ പറച്ചില്.
മമ്മൂട്ടിയുടെ മകളും (അനഘ മായ രവി) കുട്ടായിയും വളരെ നന്നായി. ജ്യോതിക, നമ്മള് കണ്ടുമടുക്കാത്ത മുഖമെന്നു തോന്നി. കോടതിയില്‍ രണ്ടു പെണ്വക്കീലന്മാരും അമാനുഷികമായ ചോദ്യങ്ങളൊന്നും ചോദിക്കാതെ, ആ രംഗങ്ങള്‍ കൈകാര്യം ചെയ്തു. വക്കീലിന്റെ ശരീരഭാരവും ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പോലെ തോന്നി. പകുതി വരെ ഒന്നും മിണ്ടാതെയും പിന്നെ മിണ്ടിയും ചാച്ചനായി വരുന്ന ആര് എസ് പണിക്കരും നന്നായി.
Read Here
- ബോൾഡാണ് 'കാതൽ', റിവ്യൂ
- ക്വാളിറ്റി വിട്ടൊരു കളിയില്ല; മമ്മൂട്ടി കമ്പനിയുടെ തിരഞ്ഞെടുപ്പുകൾ കയ്യടി നേടുമ്പോൾ
- നന്നായി ഇച്ചാക്കാ; നല്ല സിനിമ മതി, പണം വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞതിനെ പിന്തുണച്ച ഭാര്യ, മുകേഷ് പറഞ്ഞ കഥ
ദ്യോതിപ്പിക്കലാണ് സൗന്ദര്യം
അവസാനം സിനിമ, ലോകനന്മയുടെ ഭാരം കൊണ്ടു ഞെരിപിരി കൊണ്ടു. പഴയ പോലെ ഒത്തൊരുമിച്ച ഫാമിലി ഫോട്ടോയ്ക്കിടമില്ലാത്തതു കൊണ്ട്, എല്ലാവരും അവരവരുടെ ഇടങ്ങളില്‍ സന്തോഷമായി കുടിയിരിയ്ക്കുന്നതു കാണിച്ച് സിനിമ തീര്‍ന്നപ്പോള്‍, ഇത്രയ്ക്ക് നല്ലതാണോ ലോകം എന്നു സംശയം വന്നു. ക്വീ ര്ലോകത്തില് നിന്ന് ഒരു പ്രതിനിധി ഒരു സിനിമയില്‍ എന്നല്ലാതെ ഒരു തെരഞ്ഞെടുപ്പില്‍ ഇത്രയും പരിപക്വമായി ഒരു ക്വീര്‍ ക്യാന്‍ഡിഡേറ്റിനെ ലോകം കൈകാര്യം ചെയ്യുമോ, രാഷ്ട്രീയ ചെളിവാരിയെറിയലുകള്‍ ഇത്ര വേഗം ഒതുങ്ങുമോ എന്നൊക്കെ അമ്പരക്കാതെ വയ്യ.
ശരീരമില്ലാത്ത ദാമ്പത്യങ്ങളും വെറുപ്പല്ല, തമ്മിലൊരു കൂട്ടാണ്, ഒപ്പമാവലാണ് ജനിപ്പിയ്ക്കുന്നത് എന്ന് ഇന്നിവിടെ കിടക്കാമോ എന്ന ജ്യോതികയുടെ ചോദ്യത്തില്‍ നിന്നുരുത്തിരിയുന്നുണ്ട്. കോടതിയില്‍ ജ്യോതിക കൂട്ടില്‍ കയറി നില്ക്കുമ്പോള് അവളുടെ ഹാന്‍ഡ് ബാഗു വാങ്ങി നില്ക്കുന്ന മമ്മൂട്ടി രംഗമാണ് എനിയ്ക്കിതില്‍ ഓര്ക്കാനിഷ്ടമുള്ള രംഗം. ആ കൂട്ട് പക്ഷേ വലിച്ചു നീട്ടേണ്ടിയിരുന്നില്ല. ജ്യോതികയ്ക്ക് കൂട്ടായി മമ്മൂട്ടി വന്നിരിയ്ക്കുന്ന കോഫീഹൗസ് സീനിനോളം പോകണമായിരുന്നോ സിനിമയിലെ നന്മ വാരിവിതറല്‍ എന്നാലോചിയ്ക്കുമ്പോഴും 'കാതല്‍' നല്ല സിനിമ തന്നെയാണ്. കാമ്പുണ്ടിതിന്. തമിഴ് കാതലിലെ പ്രണയവും മലയാളക്കാതലിലെ ഉള്‍ക്കാമ്പും. മിതത്വമാണ് ഇതിലെ സംഗീതം. സ്വര്‍ഗ്ഗരതി സീനുകള്‍ ഒന്നുമില്ല ഇതില്‍. വേണ്ടത് എടുത്തുകളയുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്, ദ്യോതിപ്പിക്കലാണ് ഇവിടെ സൗന്ദര്യം എന്നതു കൊണ്ടാണ് അങ്ങനെ.
ചോരക്കറയുള്ള ക്രൈം ത്രില്ലറുകളില്‍ നിന്ന് പഴയ സിനിമകളിലെപ്പോലെ ഒരു കുടുംബാന്തരീക്ഷത്തിലേയ്ക്ക് നമ്മളെ കൊണ്ടു പോയല്ലോ ജിയോ ബേബി. മമ്മൂട്ടിയില്‍ നിന്ന് വേറൊരു അപരിചിത മനുഷ്യനെത്തന്നല്ലോ. മനസ്സിലാവുന്ന ഒരു കഥ പറഞ്ഞല്ലോ. ഉള്ളിലിട്ട് പ്രകാശിപ്പിയ്ക്കാന്‍ കുറേ മിന്നാമിനുങ്ങുകളെത്തന്നല്ലോ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.