/indian-express-malayalam/media/media_files/2025/02/06/zQnk5Mp1hxdp3nvcFRPk.jpg)
മമ്മൂട്ടി
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥ റീ- റിലീസിനൊരുങ്ങുകയാണ്. 4K റെസല്യുഷനിൽ ഡോൾബി അറ്റ്മോസ് ക്വാളിറ്റിയിൽ റീസ്റ്റോർ ചെയ്ത് പതിപ്പാണ് റിലീസിന് എത്തുന്നത്. ഏറെ ആവേശത്തോടെയാണ് ആരാധകർ ഈ ക്ലാസിക് ചിത്രത്തിന്റെ റീ-റിലീസിനായി കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ റീ-റിലീസിന് മുന്നോടിയായി ഒരു വടക്കൻ വീരഗാഥ എക്സ്ക്ലൂസീവ് അഭിമുഖം പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. രമേഷി പിഷാരടിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന മമ്മൂട്ടിയെ ആണ് വീഡിയോയിൽ കാണാനാവുക. വടക്കൻ വീരഗാഥയുടെ ചിത്രീകരണ സമയത്തെ ഓർമകൾ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.
ഷൂട്ടിനിടെ തനിക്കു പറ്റിയ അപകടത്തെ കുറിച്ചും അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നുണ്ട്. ഒരു യോദ്ധാവായതിനാൽ തന്നെ ആയുധമുറകളും കുതിരസവാരിയുമൊക്കെ ധാരാളമുള്ള ചിത്രമായിരുന്നു വടക്കൻ വീരഗാഥ. ഷൂട്ടിനിടെ വാൾ മുകളിലേക്ക് എറിഞ്ഞു പിടിക്കുന്ന സീൻ പല തവണ റീടേക്ക് എടുക്കേണ്ടി വന്നുവെന്നും മമ്മൂട്ടി പറയുന്നു. ഇടയ്ക്ക് വാൾ ലക്ഷ്യം തെറ്റി തുടയിൽ കുത്തിക്കേറി അപകടം പറ്റിയ സംഭവും മമ്മൂട്ടി ഓർത്തെടുത്തു.
”കളരി അഭ്യാസവും കുതിര അഭ്യാസവുമൊക്കെ പഠിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ. നമ്മള്‍ സിനിമയിലെ ഷോട്ടുകള്‍ക്ക് മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ വലിയൊരു കളരി അഭ്യാസം പൂര്‍ണമായും ചെയ്യുന്നില്ല. തെറ്റിപ്പോയാല്‍ തിരുത്തി അഭിനയിക്കാനും പറ്റും. സിനിമയില്‍ അതിന്റെ ചുവടുകളും ശൈലികളും ആറ്റിറ്റ്യൂഡും മതി. ആ കാലത്ത് ഒക്കെ ചെയ്യാന്‍ ധൈര്യവുമുണ്ട്. എല്ലാ ചാട്ടവും ഓട്ടവും ഒക്കെ അതില്‍ ഒറിജിനല്‍ തന്നെയാണ്."
"അതില്‍ ഉപയോഗിച്ചിരുന്ന എല്ലാ വാളുകളും മെറ്റല്‍ തന്നെയായിരുന്നു, നല്ല ഭാരവും ഉണ്ടായിരുന്നു. ചാടി ഒരു വാള് പിടിക്കുന്ന ഒരു രംഗമുണ്ട്. തെറിച്ചു പോകുന്ന വാള് ചാടിപിടിക്കണം. എല്ലാ പ്രാവശ്യവും ചാടുമ്പോൾ ഈ വാള്‍ പിടികിട്ടില്ല. ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി. നല്ലവണ്ണം ആഴത്തിൽ മുറിഞ്ഞു, വേദന എടുത്തു. പക്ഷേ ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല. കാണാന്‍ പറ്റാത്ത സ്ഥലത്താണ്, ആ പാട് ഇപ്പോഴുമുണ്ട്. വാള്‍ കൊണ്ട് പരിക്കുണ്ടായിട്ടും ആര്‍ക്കും പരാതിയൊന്നും ഉണ്ടായില്ല. കാരണം ഇതൊക്കെ ഉണ്ടാവും എന്ന് അറിഞ്ഞ് തന്നെയാണല്ലോ നമ്മള്‍ വരുന്നത്. കുതിര വീഴും, കുതിര ചാടും, കുഴപ്പങ്ങള്‍ ഉണ്ടാക്കും, നമ്മള്‍ കുതിരയുമായിട്ട് പൊരുത്തപ്പെടാന്‍ കുറേ സമയമെടുക്കും. കുതിരക്ക് അറിയാം നമ്മള്‍ പരിചയമില്ലാത്തവരാണെന്ന്. പക്ഷെ ആ സിനിമയുടെ ഷൂട്ടിങ് ഉത്സവപ്രതീതിയായിരുന്നു. ഒത്തിരി ആളുകളും ആനയും ഒക്കെയായി,” മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ.
പി.വി. ഗംഗാധരൻ, എം.ടി. വാസുദേവൻ നായർക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേർന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലൂടെ മലയാളത്തിനു സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് 'ഒരു വടക്കൻവീരഗാഥ'. 1989ൽ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോൾ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്.
ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലൻ കെ നായർ, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ.രാമചന്ദ്ര ബാബു ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.
സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കൻ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടിയപ്പോൾ മികച്ച തിരക്കഥ, പ്രൊഡക്ഷൻ ഡിസൈൻ, വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.
Read More
- Delhi Crime Season 3 OTT Release: ഇത്തവണ കേസ് അൽപ്പം കോംപ്ലിക്കേറ്റഡ് ആണ്; ഡൽഹി ക്രൈം 3 ഒടിടിയിലേക്ക്
- ട്രഷർഹണ്ട് ഗെയിമുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സീരീസ് മിസ്സ് ചെയ്യരുത്
- Oru Kattil Oru Muri OTT: 'ഒരു കട്ടിൽ ഒരു മുറി' ഒടിടിയിലേക്ക്
- New OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 25 ചിത്രങ്ങൾ
- കറുത്ത മുത്തിലെ ബാല മോൾ തന്നെയോ ഇത്? പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
- ഭർത്താവ് ആൽക്കഹോളിക്ക്, മെന്റലി ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ട്; സുമ ജയറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.