scorecardresearch

ഷുഗർ 700 ആയി, ശ്രീദേവിക്ക് സംഭവിച്ചത് എനിക്കും വരുമോ എന്ന് മക്കൾ ഭയന്നു; മഹീപ് കപൂർ പറയുന്നു

"അന്ന് അടിയന്തിരമായി വൈദ്യസഹായം ലഭിച്ചിരുന്നില്ലെങ്കിൽ കോമയിലാവുകയോ ഒരുവേള മരണം തന്നെയോ സംഭവിക്കുമായിരുന്നു," ഷുഗർനില ഉയർന്ന് അപകടകരമായ അവസ്ഥയിലെത്തിയ അനുഭവം പങ്കുവച്ച് മഹീപ് കപൂർ

"അന്ന് അടിയന്തിരമായി വൈദ്യസഹായം ലഭിച്ചിരുന്നില്ലെങ്കിൽ കോമയിലാവുകയോ ഒരുവേള മരണം തന്നെയോ സംഭവിക്കുമായിരുന്നു," ഷുഗർനില ഉയർന്ന് അപകടകരമായ അവസ്ഥയിലെത്തിയ അനുഭവം പങ്കുവച്ച് മഹീപ് കപൂർ

author-image
Entertainment Desk
New Update
Maheep Kapoor Sridevi

രക്തത്തിലെ പഞ്ചസാരയുടെ അളവ് 700 ആയി ഉയർന്ന്, അപകടകരമായ അവസ്ഥയിലെത്തിയ അനുഭവം പങ്കുവയ്ക്കുകയാണ്  മുൻ മോഡൽ മഹീപ് കപൂർ. ബോണി കപൂർ, അനിൽ കപൂർ എന്നിവരുടെ സഹോദരനായ സഞ്ജയ് കപൂറിന്റെ ജീവിതപങ്കാളി കൂടിയാണ് മഹീപ്. 

Advertisment

നെറ്റ്ഫ്ലിക്സ് ഷോയായ ഫാബുലസ് ലൈവ്സ് വേഴ്സസ് ബോളിവുഡ് വൈവ്സിൽ ഭർത്താവും നടനുമായ സഞ്ജയ് കപൂറുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് മാർച്ചിൽ തനിക്ക് ടൈപ്പ്-1 പ്രമേഹം കണ്ടെത്തിയതിനെ കുറിച്ച് മഹീപ് സംസാരിച്ചത്.

ആ സമയത്ത് സഞ്ജയ് കപൂർ ലോസ് ഏഞ്ചൽസിൽ ആയിരുന്നുവെന്നും,  ഷുഗർ നില ഉയർന്നപ്പോൾ അസ്വസ്ഥത തോന്നിയ താൻ ഉടനെ സഞ്ജയെ വിളിച്ചെന്നും മഹീപ് ഓർക്കുന്നു. 

“ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായതാണ് ഭാഗ്യമായത്. ഷനായ അപ്പോൾ മന്നത്തിൽ (ഷാരൂഖ് ഖാൻ്റെ വീട്ടിൽ) ആയിരുന്നു. ഞാൻ വിളിച്ച് പെട്ടെന്ന് നിനക്ക് അരികിലേക്ക് വരാൻ പറഞ്ഞു. കണ്ണുവിനെ (സഹോദരപുത്രൻ, മോഹിത് മർവ) ഞാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. കണ്ണു നിന്നെ അക്ഷരാർത്ഥത്തിൽ വലിച്ച് കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് ഓടുകയായിരുന്നു. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചില്ലായിരുന്നെങ്കിൽ നീ കോമയിലേക്ക്  പോകുമായിരുന്നു,” ആ ദിവസം സഞ്ജയ് ഓർത്തെടുത്തതിങ്ങനെ. 

Advertisment

മോഹിത് ആണ് തനിക്ക് രക്ഷയായതെന്ന് മഹീപും പറഞ്ഞു. ആ അവസ്ഥയിൽ അടിയന്തിരമായി വൈദ്യസഹായം ലഭ്യമാക്കിയിരുന്നില്ലെങ്കിൽ അവയവങ്ങൾ തകരാറിലാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. മക്കളായ ഷനയയും ജഹാനും വല്ലാത്ത ഞെട്ടലിലായിരുന്നുവെന്നും മഹീപ് കൂട്ടിച്ചേർത്തു. 

“കുട്ടികൾ എങ്ങനെയാണ് ആ സാഹചര്യം കൈകാര്യം ചെയ്തതെന്ന കാര്യം ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല. ഐസിയുവിൽ നിന്നും ഉണർന്നപ്പോൾ അവരുടെ മുഖത്ത് ഞാൻ ആ ഭീതി കണ്ടു. ശ്രീദേവിയ്ക്കും മോണയ്ക്കും സംഭവിച്ചത് എവിടെയോ കുട്ടികളെയും ആഴത്തിൽ ബാധിച്ചിട്ടുണ്ട്, അതിനാൽ തന്നെ അവരെന്റെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി." 

Maheep Kapoor Sanjeev Kapoor Family
സഞ്ജയ് കപൂറും മഹീപും മക്കൾക്കൊപ്പം

സഞ്ജയ്‌യുടെ സഹോദരൻ ബോണി കപൂറിൻ്റെ ആദ്യ ഭാര്യ മോന 2012ൽ ക്യാൻസറുമായി മല്ലിട്ട് മരിച്ചു. രണ്ടാം ഭാര്യ ശ്രീദേവി 2018ൽ ദുബായിൽ വെച്ച് അപകടത്തിൽ മരിക്കുകയും ചെയ്തു. 

മഹീപ് ആശുപത്രിയിലായ സമയത്ത് ഷനയ വളരെ പക്വതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് സഞ്ജയ് പറഞ്ഞു. ആ ദിവസങ്ങളിൽ ഫോൺ കോളുകൾ ഏറ്റെടുക്കുകയും ഡോക്ടർമാരോട് സംസാരിക്കുകയും കുടുംബാംഗങ്ങളെയെല്ലാം കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തത് ഷനയ ആയിരുന്നു. അന്നാണ്, അവളേറെ വളർന്ന കാര്യം താൻ മനസ്സിലാക്കിയതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. 

രക്തത്തിലെ ഷുഗറിന്റെ അളവ് 700 ആയി ഉയരുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?

ശരീരം ഹൈപ്പർ ഗ്ലൈസീമിയയുടെ അവസ്ഥയിലാണെങ്കിൽ (ഷുഗർ കൂടിയ അവസ്ഥ), ആ അവസ്ഥ രോഗിയിൽ നീണ്ടുനിൽക്കുകയാണെങ്കിൽ, അത് ഡയബറ്റിക് റെറ്റിനോപ്പതി, വൃക്ക തകരാർ, ന്യൂറോപ്പതി, ഹൃദയ രോഗങ്ങൾ, സ്ട്രോക്ക്, സന്ധി, അസ്ഥി പ്രശ്നങ്ങൾ, പല്ലുകൾക്കും മോണകൾക്കും അണുബാധ തുടങ്ങിയ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. 

“ഷുഗർ നില ഏറെനേരം ഉയർന്നു നിന്നാൽ കാലക്രമേണ നാഡികളെയും മൈക്രോ സർക്കുലേഷനെയും ബാധിക്കുന്നു. ഇത് മങ്ങിയ കാഴ്ചയിലേക്കു നയിക്കും. ഹൈപ്പർ ഗ്ലൈസീമിയ ശരീരത്തിന് ശാശ്വതമായ കേടുപാടുകൾ വരുത്തും,” പരേൽ മുംബൈയിലെ  ഗ്ലെനീഗിൾസ് ഹോസ്പിറ്റൽസ് ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ മഞ്ജുഷ അഗർവാൾ പറയുന്നു. 

കാഴ്ച മങ്ങൽ, തലവേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, വിശപ്പ് എന്നിവയാണ് ഹൈപ്പർ ഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ. ഹൈപ്പർ ഗ്ലൈസീമിയയെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, അത് പ്രമേഹവുമായി ബന്ധപ്പെട്ട കെറ്റോഅസിഡോസിസിലേക്ക് (ഡികെഎ) നയിച്ചേക്കാം. ഇൻസുലിൻ കുറവും ഉയർന്ന അളവിലുള്ള കെറ്റോണുകളും രക്തത്തെ അസിഡിക് ആക്കും," ഡോ.അഗർവാൾ പറഞ്ഞു. 

കോമയിലേക്കും മരണത്തിലേക്കും വരെ ഈ അവസ്ഥ നയിച്ചേക്കാം. "ഓക്കാനം, ഛർദ്ദി, നിർജ്ജലീകരണം, വയറുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവയാണ് കെറ്റോഅസിഡോസിസിൻ്റെ ലക്ഷണങ്ങൾ,” ഡോ.അഗർവാൾ  വിശദീകരിക്കുന്നു. 

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആളുകൾക്ക് ഇൻസുലിൻ എടുക്കാം.  പോഷകാഹാരം കഴിക്കുക, ദിവസവും വ്യായാമം ചെയ്യുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൈപ്പർ ഗ്ലൈസീമിയ തടയാനും മരുന്നുകൾ കഴിക്കുക എന്നിവയൊക്കെയാണ് പ്രതിവിധികൾ. “കൃത്യമായ ഇടവേളകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. ആരോഗ്യത്തിൻ്റെ കാര്യത്തിൽ ശ്രദ്ധാലു ആയിരിക്കുമ്പോഴും ഒരു ഡോക്ടറുടെ ഉപദേശം പാലിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വേണം, ”ഡോ അഗർവാൾ പറഞ്ഞു.

Read More

Sridevi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: