/indian-express-malayalam/media/media_files/2024/12/12/es39nG01B58Qs4xIafAW.jpg)
ധനുഷ്, നയൻതാര
നടനും ചലച്ചിത്ര നിർമ്മാതാവുമായ ധനുഷിന് തന്നോടും ഭർത്താവ് വിഘ്നേഷ് ശിവനോടും വ്യക്തിപരമായ പകയുണ്ടെന്ന് അടുത്തിടെ പരസ്യമായി ആരോപിച്ചിരുന്നു. മൂന്നു പേജ് ദൈർഘ്യമുള്ള സുദീർഘമായൊരു കുറിപ്പും നയൻതാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്താണ് ധനുഷിനെതിരെ അത്തരത്തിലൊരു കത്ത് പങ്കുവയ്ക്കാനുള്ള സാഹചര്യമെന്നു വ്യക്തമാക്കുകയാണ് നയൻതാര. “ഒരു ഘട്ടത്തിന് ശേഷം, ഞങ്ങൾക്ക് എൻഒസിയോ ഫൂട്ടേജോ ആവശ്യമില്ലായിരുന്നു, കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ അദ്ദേഹം ഒരിക്കലും സംസാരിക്കാൻ തയ്യാറായില്ല,” നയൻതാര പറഞ്ഞു.
അടുത്തിടെ ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് "സുഹൃത്ത്" എന്ന് താൻ കരുതിയ ധനുഷിനെതിരെ നീണ്ട കുറിപ്പ് എഴുതിയതിന് പിന്നിലെ തൻ്റെ തീരുമാനം നടി വിശദീകരിച്ചത്. “അത് ഒരിക്കലും ഒരു വിവാദമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല, ഞങ്ങൾ (നെറ്റ്ഫ്ലിക്സ്) സിനിമ റിലീസ് ചെയ്യാൻ പോകുന്ന ആ പ്രത്യേക സമയത്ത് അത് ഒരിക്കലും പുറത്തുവിടാൻ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹത്തിൻ്റെ ആരാധകർ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കരുതി, പക്ഷേ അത് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. റിലീസിന് തൊട്ടുമുമ്പ് നിയമപരമായ നോട്ടീസ് വന്നു, ഞങ്ങൾക്ക് തിരിച്ചടിക്കേണ്ടിവന്നു."
ഡോക്യുമെൻ്ററിയിൽ നാനും റൗഡി ധാനിൽ നിന്നുള്ള അനധികൃത ബിടിഎസ് ഫൂട്ടേജ് ഉപയോഗിച്ചെന്ന് ആരോപിച്ച് ധനുഷിൻ്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും അവരുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സിനും എതിരെ കേസ് ഫയൽ ചെയ്തതിന് ശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ധനുഷ് നയൻതാരയ്ക്കും വിഘ്നേഷിനുമെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
“സിനിമയിൽ നിന്നും ഞങ്ങൾക്ക് ആകെ വേണ്ടത് ആ നാല് വരികൾ മാത്രമായിരുന്നു. ഞങ്ങളുടെ ജീവിതം, ഞങ്ങളുടെ സ്നേഹം, കുട്ടികൾ എന്നിവയെല്ലാം സംഗ്രഹിക്കുന്ന വരികൾ ആയതിനാൽ ഞങ്ങൾക്കത് ഏറെ അർത്ഥവത്തായ ഒന്നായിരുന്നു. അത് വളരെ വ്യക്തിപരമായിരുന്നു. പക്ഷേ അത് സംഭവിക്കാതെ വന്നു, അപ്പോഴും ഞങ്ങൾക്ക് കുഴപ്പമില്ലായിരുന്നു. ഞങ്ങൾക്ക് NOC കിട്ടിയില്ല. ഞങ്ങൾ അതിനെ മറികടന്നു, ”നയൻതാര പറഞ്ഞു.
ഈ പ്രശ്നങ്ങൾക്കിടയിലും ധനുഷിനെ വ്യക്തിപരമായി സമീപിക്കാനും കാര്യങ്ങൾ വ്യക്തമാക്കാനും താൻ ശ്രമിച്ചിരുന്നുവെന്നും നയൻതാര പറയുന്നു. “ഞാൻ അദ്ദേഹത്തിന്റെ മാനേജരോട് സംസാരിച്ചു, ഞാനത് സാധാരണ ചെയ്യാറില്ല. നിങ്ങൾ NOC നൽകിയില്ലെങ്കിൽ കുഴപ്പമില്ലെന്ന് ഞാൻ അയാളോട് പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്, അദ്ദേഹത്തിന്റെ സിനിമയാണ്. പക്ഷേ, എന്താണ് പ്രശ്‌നമെന്ന് മനസ്സിലാക്കാൻ ഞാൻ അദ്ദേഹവുമായി ഒരു ഫോൺ കോൾ ആഗ്രഹിച്ചു. എന്തിനാണ് അദ്ദേഹം ഞങ്ങളോട് ദേഷ്യപ്പെട്ടത്. എവിടെ നിന്നാണ് തെറ്റിദ്ധാരണ തുടങ്ങിയത് എന്നറിയണം എന്നുണ്ടായിരുന്നു. ആ പ്രശ്നം പരിഹരിക്കാൻ ഞാൻ ആഗ്രഹിച്ചു. ഇനിയും ഞങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാകണമെന്നില്ല, പക്ഷേ ഭാവിയിൽ പരസ്പരം കണ്ടാൽ ‘ഹായ്’ എന്നെങ്കിലും പറയാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ധനുഷ് സംസാരിക്കാൻ തയ്യാറായില്ല."
“എനിക്ക് അദ്ദേഹത്തോട് ദേഷ്യം തോന്നിയില്ല, ഞാൻ അതിനെ മറികടന്നു. ക്ലിപ്പുകൾ ഉപയോഗിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. വിഘ്നേഷ് പുതിയ വരികൾ പോലും ഞങ്ങൾക്കായി എഴുതി. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ, ചിത്രത്തിലെ ഒരു ബിടിഎസ് ഫൂട്ടേജ് വീണ്ടും പരിശോധനയ്ക്ക് വിധേയമായി," നയൻതാര കൂട്ടിച്ചേർത്തു.
“ബിടിഎസ് ഇപ്പോഴാണ് കരാറിന്റെ ഒരു ഭാഗമായതെന്ന് ആളുകൾ മനസ്സിലാക്കുന്നില്ല. 10 വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഞങ്ങളുടെ ഫോണുകളിലും ക്രൂവിലെ മറ്റുള്ളവരുടെ ഫോണുകളിലും എടുത്ത റാൻഡം വീഡിയോകളായിരുന്നു അത്. അത് ഔദ്യോഗിക ദൃശ്യങ്ങൾ ആയിരുന്നില്ല. ആരാധകരും സമപ്രായക്കാരും ഏറെ ബഹുമാനിക്കുന്ന ധനുഷിനെപ്പോലെയുള്ള ഒരാൾ, അതിനെ വെറുതെ വിടുമെന്ന് ഞാൻ കരുതി. എന്നാൽ ട്രെയിലർ ഇറങ്ങിയതോടെ വിഷയമായി. എനിക്കത് അന്യായമായി തോന്നി, എനിക്ക് സംസാരിക്കേണ്ടിവന്നു."
സോഷ്യൽ മീഡിയയിൽ എല്ലാം തുറന്നുപറയാനുള്ള തൻ്റെ തീരുമാനത്തെ കുറിച്ച് നയൻതാര പറഞ്ഞതിങ്ങനെ: “ഞാൻ എന്തെങ്കിലും കെട്ടിച്ചമയ്ക്കുമ്പോൾ മാത്രമേ എനിക്ക് പേടിയുണ്ടാകൂ. ഞാൻ അത് ചെയ്യുന്നില്ലെങ്കിൽ, ഞാൻ ഭയപ്പെടേണ്ടതില്ല. കാര്യങ്ങൾ അതിരു കടന്ന അവസ്ഥയിൽ, അപ്പോൾ ഞാൻ സംസാരിക്കേണ്ടതുണ്ടെന്നു തോന്നി."
Read More
- നടൻ രാജേഷ് മാധവൻ വിവാഹിതനായി
- വീട്ടിൽ ഞാൻ നാഗവല്ലിയാണ്, പുള്ളിയ്ക്ക് വേറെ വഴിയില്ല; ഭർത്താവിനെ കുറിച്ച് വിദ്യാ ബാലൻ
- തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്ന ദുൽഖർ
- പ്രശസ്തനും ധനികനുമായ നടനാവാൻ ആഗ്രഹിച്ചു, ആയി: ഇതൊക്കെയാണ് മാനിഫെസ്റ്റേഷൻ!
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.