/indian-express-malayalam/media/media_files/2024/11/12/s05HKetr8EdbCSpTMtMr.jpg)
ഭാര്യാഭർത്താക്കന്മാർ എന്ന രീതിയിൽ വേർപിരിഞ്ഞെങ്കിലും ബോളിവുഡ് നടൻ ആമിർ ഖാനും സംവിധായിക കിരൺ റാവുവും തമ്മിലുള്ള സൗഹൃദവും ക്രിയാത്മകമായ പങ്കാളിത്തവും ഏറ്റവും വിജയകരമായി തന്നെ മുന്നോട്ടുപോവുകയാണ്. പ്രൊഫഷണൽ രംഗത്തെ ഇരുവരുടെയും ആ സഹകരണം ദംഗൽ, ധോബി ഘട്ട്, പീപ്ലി ലൈവ് എന്നു തുടങ്ങി ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായ ലപത ലേഡീസിൽ വരെ എത്തിനിൽക്കുന്നു. 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ൽ ആണ് ഇരുവരും വിവാഹമോചിതരായത്.
എന്താണ് ഇരുവരുടെയും ക്രിയാത്മകമായ പങ്കാളിത്തത്തിന്റെ രഹസ്യം എന്ന ദി ഹോളിവുഡ് റിപ്പോർട്ടറുടെ ചോദ്യത്തിനു, 'ക്ഷമ' എന്നായിരുന്നു കിരൺ റാവു ഉത്തരമേകിയത്. “ആമിറിനൊപ്പം പ്രവർത്തിക്കുന്നത് അതിശയകരമാണ്; അദ്ദേഹം ഒരു ശക്തികേന്ദ്രമാണ്," എന്നും കരൺ കൂട്ടിച്ചേർത്തു.
അതേസമയം, ആമിർ ഖാൻ്റെ വാക്കുകളിങ്ങനെ: “വിവാഹമോചനം ഒരു പ്രത്യേക വിഷയമാണ്, എന്നാൽ ക്രിയേറ്റീവ് ആളുകൾ എന്ന നിലയിൽ ഞങ്ങൾ മികച്ച കൂട്ടാണ്. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു, ഞങ്ങൾ പരസ്പരം വിശ്വസിക്കുന്നു. അതായിരിക്കാം നന്നായി പ്രവർത്തിക്കാൻ ഞങ്ങൾക്കു കഴിയുന്നത്. ഞങ്ങളുടെ സംവേദനക്ഷമതയും സമാനമാണ്."
“ആമിർ പറഞ്ഞതുപോലെ, ഞങ്ങളുടെ സൗന്ദര്യശാസ്ത്രം സമാനമാണെന്ന് ഞാൻ കരുതുന്നു, കൂടാതെ ഞങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ വിയോജിക്കുമ്പോൾ, പരസ്പരം ബോധ്യപ്പെടുത്താൻ ഞങ്ങൾ ബുദ്ധിമുട്ടുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് എനിക്ക് അങ്ങനെ തോന്നുന്നതിൻ്റെ പിന്നിലെ കാരണങ്ങൾ പറയും. ഞങ്ങൾ പരസ്പരം അഭിപ്രായങ്ങളെ മാനിക്കുന്നു. പങ്കാളിത്തം നീണ്ടുനിന്നതിൻ്റെ ഒരു കാരണമാണിതെന്ന് ഞാൻ കരുതുന്നു," കിരണിന്റെ വാക്കുകളിങ്ങനെ.
വിവാഹമോചനം തങ്ങളുടെ തൊഴിൽപരമോ വ്യക്തിപരമോ ആയ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് ആമിർ ഊന്നിപ്പറയുന്നു. “വിവാഹമോചനം ഞങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല, കാരണം അത് ജൈവികമായി നടന്നതാണ്. പിളർപ്പിനെ സൂചിപ്പിക്കുന്ന പദമാണ് വിവാഹമോചനം, പരസ്പരം അകന്നു പോകുന്നതിനെ സൂചിപ്പിക്കുന്നത്. ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായി അകന്നുപോകുകയായിരുന്നു, പക്ഷേ മനുഷ്യരെന്ന രീതിയിൽ ഞങ്ങൾ പിരിയുന്നില്ല."
വേർപിരിയലിനുശേഷം, എങ്ങനെ മികച്ച ഭർത്താവാകാം എന്നതിനെക്കുറിച്ച് താൻ കിരണിനോട് ഉപദേശം തേടിയെന്നും മറുപടിയായി കിരൺ 11 പോയിൻ്റുകൾ നിർദ്ദേശിച്ചെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.
കിരണിന്റെ പതിനൊന്ന് പോയിന്റുകളിൽ ഒന്ന്, താൻ അമിതമായി സംസാരിക്കുന്നു എന്നതാണെന്നും ആമിർ പറയുന്നു. "എവിടെ ഒരു ഒത്തുചേരൽ ഉണ്ടോ, അല്ലെങ്കിൽ വീട്ടിൽ ഡിന്നറിനു ആളുകൾ വരുന്നു, അല്ലെങ്കിൽ ഞങ്ങളെവിടെയെങ്കിലും പോവുന്നു, അപ്പോഴെല്ലാം ഞാൻ സംഭാഷണം ഏറ്റെടുക്കുന്നു. പെട്ടെന്ന് ഞാൻ കഥകളെല്ലാം പറയുകയാണ്. മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കില്ലെന്നാണ് കിരൺ പറയുന്നത്. ഞാൻ അവളോട് യോജിച്ചില്ല, പക്ഷേ ഞാൻ അതെന്റെ ഫോൺ കുറിപ്പുകളിൽ നോട്ട് ചെയ്തു. പിന്നീട് ഇത് ഉപയോഗപ്രദമാകുമെന്ന് ഞാൻ കരുതി. ”
ബാക്കിയുള്ള പോയിന്റുകൾ എന്തായി എന്നായിരുന്നു കിരണിന്റെ ചോദ്യം. “എല്ലാ ദിവസവും ഞാൻ അവയിൽ പ്രവർത്തിക്കുകയാണ്,” എന്ന് ചിരിയോടെ ആമിറിന്റെ മറുപടി.
"കിരൺ ഒരിക്കലും 'എനിക്ക് എങ്ങനെ ഒരു മികച്ച ഭാര്യയാകാനാവും?' എന്നെന്നോട് ചോദിച്ചിട്ടില്ല. എന്നെങ്കിലും എന്നോട് ചോദിക്കൂ, ഞാൻ നിങ്ങൾക്കും തരാം ഒരു ലിസ്റ്റ്," എന്ന് ആമിർ പറഞ്ഞപ്പോൾ "ഭാഗ്യവശാൽ, ഇപ്പോൾ ഞാൻ മുൻ ഭാര്യയാണ്, അതിനാൽ എനിക്കറിയേണ്ടതില്ല." എന്നായിരുന്നു ചിരിയോടെ കിരണിന്റെ മറുപടി.
View this post on InstagramA post shared by Netflix india (@netflix_in)
2001 മുതൽ തന്നെ ഇരുവരും തങ്ങളുടെ ഒരുമിച്ചുള്ള യാത്ര ആരംഭിച്ചിരുന്നു. നാല് വർഷത്തെ പ്രണയത്തിനൊടുവിൽ 2005 ഡിസംബർ 28ന് ആമിർ ഖാനും കിരൺ റാവുവും വിവാഹിതരായി. 2011 ഡിസംബർ 5ന് അവർ തങ്ങളുടെ മകൻ ആസാദ് റാവു ഖാനെ വാടക ഗർഭധാരണത്തിലൂടെ സ്വാഗതം ചെയ്തു.
ആമിർ ഖാന്റെ രണ്ടാം വിവാഹമായിരുന്നു കിരൺ റാവുമായി നടന്നത്. റീന ദത്തയാണ് ആമിറിന്റെ ആദ്യഭാര്യ. 1986 മുതൽ 2002 വരെ ആ ദാമ്പത്യം നീണ്ടു. ഈ ബന്ധത്തിൽ ആമിറിന് രണ്ടു കുട്ടികളുണ്ട്, ജുനൈദ് ഖാനും ഇറാ ഖാനും.
Read More
- OTT November Watchlist: നവംബറിൽ ഒടിടിയിൽ കാണാം 15 പുതിയ ചിത്രങ്ങൾ
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.