/indian-express-malayalam/media/media_files/WvWr38PTsqXAqzavLFN2.jpg)
തെരുവുകളിൽ പ്രക്ഷോഭകാരികളും അവാമി ലീഗ് പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടുന്ന സ്ഥിതിയാണ്
മാസങ്ങളായി തുടരുന്ന പ്രക്ഷോഭം ഒടുവിൽ ബംഗ്ലാദേശിന്റെ തലവര തന്നെ മാറ്റിയെഴുതുകയാണ്. 1970-കളിലെ സ്വാതന്ത്ര സമരത്തിന് ശേഷം, ഇത്രയും കലുഷിതമായ പ്രക്ഷോഭം ബംഗ്ലാദേശ് കണ്ടിട്ടില്ല. കാലാകാലങ്ങളിൽ രാജ്യത്ത് വിവിധ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തെരുവിലിറങ്ങി ജനം കൊള്ളയ്ക്കും കൊലയ്ക്കു നേതൃത്വം നൽകുന്ന തരത്തിൽ, സൈന്യത്തിന് പോലും പിടിച്ചുക്കെട്ടാൻ കഴിയാത്ത രീതിയിൽ കലാപം വ്യാപിക്കുന്നത് ഇതാദ്യമായാണെന്ന് നിരീക്ഷകർ പറയുന്നത്.2021ൽ അഫ്ഗാനിസ്ഥാനിലും 2022-ൽ ശ്രീലങ്കയിലും കണ്ട കാഴ്ചകളാണ് ബംഗ്ലാദേശിലും അരങ്ങേറുന്നത്.
രാജ്യത്തിന്റെ ഭരണാധികാരി ജനവികാരം ഭയന്നു പലായനം ചെയ്യുകയും പ്രക്ഷോഭകാരികൾ ഭരണകർത്താക്കളുടെ ഔദോഗീക വസതികൾ കൈയേറുകയും ചെയ്യുന്ന കാഴ്ച ഒടുവിൽ ബംഗ്ലാദേശിലും അരങ്ങേറി. ഇവ കൈയ്യടിക്കിയ ജനക്കൂട്ടം കണ്ണിൽക്കണ്ടതൊക്കെ അപഹരിക്കുകയാണ്. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഉൾപ്പടെയുള്ള ഔദോഗീക വസതി കൈയ്യേറി ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും അവരെ ഒഴിപ്പിക്കാൻ സൈന്യത്തിന് പോലും സാധിച്ചില്ലായെന്നത് പ്രക്ഷോഭത്തിന്റെ വ്യാപ്തി വരച്ചുകാട്ടുന്നു.
എങ്ങും കൊലയും കൊള്ളയും
തെരുവുകളിൽ പ്രക്ഷോഭകാരികൾ ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്.ഷെയ്ഖ് ഹസീന, രാജ്യം വിട്ടതോടെ പ്രതിരോധത്തിലായ അവാമി ലീഗ് പ്രവർത്തകരെ തെരുവിൽ കുത്തിക്കൊല്ലുന്ന സ്ഥിതിയാണെന്ന് ബംഗ്ലാദേശിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മന്ത്രിമാരുടെ വീടുകൾ ഉൾപ്പടെ കൊള്ളയടിക്കപ്പെട്ടു. പാർലമെന്റിലേക്കും പ്രക്ഷോഭകർ ഇരച്ചുകയറി. അവാമി ലീഗ് ഓഫീസുകൾ ആക്രമിച്ച സമരക്കാർ ഷെയ്ഖ് ഹസീനയുടെ പിതാവും രാഷ്ട്രത്തിന്റെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ തകർക്കുകയും ചെയ്തു.
ഏകദേശം നാല് ലക്ഷത്തിലധികം പേരാണ് തെരുവിലിറങ്ങിയതെന്ന് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ മുക്കും മൂലയും കലാപകാരികൾ കൈയ്യടിക്കിയ നിലയിലാണ്. കലാപം അടിച്ചമർത്താൻ സൈന്യം രംഗത്തുണ്ടെങ്കിലും പലപ്പോഴും കലാപകാരികളെ പ്രതിരോധിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഏകദേശം 350ലേറെ പേർ ഇതിനോടകം കലാപത്തിൽ കൊല്ലപ്പെട്ടു. ജയിലുകൾ വരെ കലാപകാരികൾ കീഴടക്കി തടവുകാരെ മോചിപ്പിക്കുന്ന സ്ഥിതിയാണ്.
ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് തിങ്കളാഴ്ച സൈനിക മേധാവി വക്കർ ഉസ് സമാൻ പ്രഖ്യാപിച്ചിരുന്നു. എല്ലാ ബംഗ്ലാദേശികൾക്കും നീതി ലഭിക്കുമെന്ന് വ്യക്തമാക്കുന്ന സൈനിക മേധാവി എന്നാൽ ഇടക്കാല സർക്കാരിനെ ആര് നയിക്കുമെന്ന് സൂചനകൾ നൽകിയിട്ടില്ല.പ്രധാനമന്ത്രി രാജിവെച്ചിട്ടും കലാപം തുടരുന്നത് രാജ്യത്ത് വലിയരീതിയിലുള്ള അരക്ഷിതാവസ്ഥയാണ് സ്രഷ്ടിച്ചിരിക്കുന്നത്.
ഹസീനയുടെ പതനം
സർക്കാർ ജോലികളിലെ ക്വാട്ട സംവരണ വിരുദ്ധ സമരത്തെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി ബംഗ്ലാദേശ് പുകയുകയായിരുന്നു.ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നവരുടെ മക്കൾക്ക് പ്രത്യേകമായി നൽകിയിരുന്ന സംവരണം സുപ്രീംകോടതി പുനഃസ്ഥാപിച്ചപ്പോഴാണ് ഇപ്പോഴുള്ള വിദ്യാർഥി പ്രക്ഷോഭം ആരംഭിക്കുന്നത്. 200 പേർ ഈ പ്രക്ഷോഭത്തിൽ മരിച്ചതിനെ തുടർന്നാണ് സംവരണം വേണ്ടെന്നുള്ള തീരുമാനത്തിലേക്ക് സുപ്രീം കോടതി എത്തിയത്. ശേഷം കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു.
2008-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം തുടർച്ചയായ നാലാം തവണയും ഭരണം നിലനിർത്തിയ ഷെയ്ഖ് ഹസീനയ്ക്ക് തന്റെ നാലാം ടേമിൽ ഏറ്റവും തലവേദന സമ്മാനിച്ച പ്രക്ഷോഭമായിരുന്നു ഇത്.രാജ്യത്തെ സാമ്പത്തികമായി അഭിവൃദ്ധിയിലേക്കു നയിക്കുകയും ഒപ്പം തന്നെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും മെരുക്കിയ മികവൊന്നും ഈ പ്രക്ഷോഭം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഷെയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞില്ല. ഇത് അവരുടെ ജനപ്രീതി കുത്തനെ താഴാൻ ഇടയാക്കി.
പ്രക്ഷോഭം തടയാൻ സൈന്യത്തിന് പോലും സാധിക്കാതെ വന്നതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. ജനരോക്ഷം സൈന്യത്തിന് നേരെ തിരിയുന്ന സാഹചര്യം പോലുമുണ്ടായി. സൈന്യം നടത്തിയ വെടിവെപ്പിൽ ഏകദേശം നൂറിലധികം പേരാണ് കൊല്ല്‌പ്പെട്ടത്. എന്നാൽ, സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് നേരെ വെടിവെക്കുന്നതിന് സൈന്യത്തിന് പരിമിതി വന്നതോടെയാണ് രാജിവെക്കാൻ ഹസീനയ്ക്ക് സൈന്യം തന്നെ ഉപദേശം നൽകിയത്. ഹസീനയുടെ രാജിയും പലായനവും ബംഗ്ലാദേശിന്റെ സാമ്പത്തിക അടിത്തറയെയാണ് കാര്യമായി ബാധിക്കുക. കോവിഡ് മഹാമാരിക്കു ശേഷം സാമ്പത്തിക ഭദ്രതയിലേക്ക് രാജ്യം മടങ്ങിവരുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങിയതിനിടെയാണ് ഈ പ്രതിസന്ധിയെന്നതും ശ്രദ്ധേയമാണ്.
ബംഗ്ലാദേശിന്റെ ഭാവി
രാജ്യത്ത് താത്കാലിക സർക്കാർ ഉടൻ രൂപവത്കരിക്കുമെന്നാണ് സൈനീക മേധാവി വക്കർ ഉസ് സമാൻ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ പാർലമെന്റെ പിരിച്ചുവിട്ടിരുന്നു. വർഷങ്ങളായി ജയിലിൽ കഴിയുന്ന രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ് സിയയെ മോചിപ്പിക്കാൻ പ്രസിഡന്റ് മുഹമ്മദ്ദ് ഷഹാബുദ്ദീൻ ഉത്തരവിട്ടിരുന്നു. ബീഗം ഖാലിദ് സിയയുടെ നേതൃത്വത്തിൽ താത്കാലിക സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമമാണ് അടിയന്തരമായി നടക്കുന്നതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, നോബേൽ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ്ദ് യൂനസിനെ പ്രധാനമന്ത്രിയാക്കണമെന്നാണ് കലാപകാരികൾ ആവശ്യപ്പെടുവന്നത്. എന്നാൽ ഇത് സംബന്ധിച്ചൊന്നും ഔദോഗീക തീരൂമാനം ഉണ്ടായിട്ടില്ല.
സൈന്യത്തിന് നിർണായക സ്ഥാനമുള്ള സർക്കാരാകും ബംഗ്ലാദേശിൽ പുതിയതായി രൂപവത്കരിക്കാൻ സാധ്യതയെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകൻ ഡോ.മോഹൻ വർഗീസ് പറഞ്ഞു. താത്കാലിക സർക്കാർ രൂപവത്കരിക്കുമെന്ന് സൈനീക മേധാവി വക്കർ ഉസ് സമാന്റെ അറിയിപ്പിൽ നിന്നുതന്നെ ഇത് വ്യക്തമാണ്. ആദ്യം താത്കാലിക സർക്കാരിന് പിന്തുണ നൽകി, പതിയെ ഭരണത്തിന്റെ പൂർണ്ണനിയന്ത്രണം സൈന്യം ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാകാനാണ് സാധ്യത. മുമ്പ് സിയാവൂർ റഹ്മാന്റെ കാലത്തും ജനറൽ മുഹമ്മദ്ദ് ഇർഷാദിന്റെ കാലത്തും ബംഗ്ലാദേശ് സൈനീക ഭരണത്തിലേക്ക് പോയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്ഥിരതയുള്ള ജനാധിപത്യ സർക്കാർ ബംഗ്ലാദേശിൽ അത്ര വേഗത്തിൽ സാധ്യമല്ലെന്നും ഡോ.മോഹൻ വർഗീസ് പറഞ്ഞു.
കരുതലോടെ ഇന്ത്യ
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമായത് ഷെയ്ഖ് ഹസീനയുടെ ഭരണക്കാലത്താണ്. എന്നും ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിരുന്നവരാണ് ഷെയ്ഖ് ഹസീനയും അവാമി ലീഗ് നേതാക്കളും. ഇന്ത്യ പക്ഷപാതിയെന്ന് പോലും ഹസീനയെ എതിർപക്ഷത്തുള്ളവർ വിമർശിച്ചിരുന്നു. അതിനാൽ ബംഗ്ലാദേശിലെ ആഭ്യന്തര കലാപവും ഷെയ്ഖ് ഹസീനയുടെ പതനവും ഏറെ ഗൗരവത്തോടെയാണ് ന്യുഡൽഹി നിരീക്ഷിക്കുന്നത്. ഹസീനയുടെ പടിയിറക്കം മേഖലയിൽ ഇന്ത്യക്കുണ്ടായിരുന്ന സ്വാധീനം കുറയാൻ കാരണമായേക്കും. ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എക്കാലത്തും ഉറച്ച പിന്തുണ നൽകിയ നേതാവായിരുന്നു ഹസീന. ഹസീനയിലുള്ള വിശ്വാസത്തിലാണ് ബംഗ്ലാദേശിന് പല സാമ്പത്തിക-സൈനിക സഹായങ്ങളും ഇന്ത്യ നൽകിപ്പോന്നത്. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഹസീനയ്ക്ക് യുറോപ്യൻ രാജ്യങ്ങളിൽ രാഷ്ട്രീയഭയം ലഭിക്കുന്നത് വരെ ഇന്ത്യയിൽ തങ്ങാനാണ്‌സാധ്യത.
എന്നാൽ, പുതിയതായി രൂപവത്കരിക്കുന്ന സർക്കാരുമായി സൗഹാർദം തുടർന്നുപോകുന്നതിനും ഇന്ത്യ ഏറെ പ്രാധാന്യം നൽകുന്നു. നിലവിലെ സാഹചര്യത്തിൽ അവാമി ലീഗ് വീണ്ടും ഭരണത്തിലെത്താനുള്ള സാധ്യതയില്ല. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി)നേതൃത്വത്തിലുള്ള സർക്കാരിനാണ് കൂടുതൽ സാധ്യത. കാലാകാലങ്ങളിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ് ബിഎൻപി നേതാക്കൾ. അതിനാൽ, ഇവരുമായി സൗഹൃദം തുടരുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കരമാർഗം ബംഗ്ലാദേശ് ഇന്ത്യയുമായി മാത്രമാണ് അതിർത്തി പങ്കിടുന്നുവുള്ളെങ്കിലും ശ്രീലങ്കൻ മാതൃകയിൽ നാവികത്താവളങ്ങൾ സ്ഥാപിച്ച ബംഗ്ലേദേശിൽ സ്വാധീനം ഉറപ്പിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. നാഷണലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ ചൈനയുടെ ഇത്തരം നീക്കങ്ങൾ കൂടതൽ ശക്തമാകും. അതിനാൽ ആര് അധികാരത്തിൽ വന്നാലും അവരുമായുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കാനാകും ഇന്ത്യയുടെ നീക്കം.
ബിംസ്റ്റെക്കും ബംഗ്ലാദേശും
ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ് പോളിസി' ഭാഗമായി ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള രാജ്യങ്ങളുമായി ബന്ധം ഊഷ്മണമാക്കാനാണ്ന്യുഡൽഹിയുടെശ്രമം. കിഴക്കൻ തീരത്ത് അയൽരാജ്യങ്ങളുമായുള്ള ബന്ധംശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബിംസ്റ്റെക്കിന് ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകിയത്. പാക്കിസ്ഥാന്റെ ഇടപെടലും രാഷ്ട്രീയ സംഘർഷങ്ങളും കാരണം സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷന്റെ (സാർക്ക്) ഊർജ്ജം നഷ്ടപ്പെട്ടതിനാൽ, ഇന്ത്യയുടെ പ്രാദേശിക തന്ത്രത്തിൽ ബിംസ്റ്റെക്കിന് പ്രാധാന്യം ഏറുകയാണ്.
ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക്കിലെ അംഗ രാജ്യങ്ങൾ. സഹകരണത്തിനുള്ള ഏഴ് മേഖലകൾ തിരിച്ചറിഞ്ഞ്, ഓരോ അംഗ രാജ്യവും ഒരുപ്രത്യേക മേഖലയിൽ മുൻകൈയെടുത്തായിരുന്നു ബിംസ്റ്റക്കിന്റെ പ്രവർത്തനം. അതിൽ, വ്യാപാരം, നിക്ഷേപം,വികസനം എന്നിവയിൽ മുൻകൈയ്യെടുത്ത് നയിക്കുന്നത് ബംഗ്ലാദേശാണ്. എന്നാൽ, പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും സർക്കാർ രൂപീകരണവും ബിസ്റ്റെക്കിൽ നിന്ന് ബംഗ്ലാദേശിനെ പിന്നോട്ട് വലിക്കുമോയെന്ന് സംശയവും ഇന്ത്യക്കുണ്ട്. ഇത് തന്ത്രപ്രധാനമായ കിഴക്കൻ തീരങ്ങളിലെ ബന്ധങ്ങൾക്ക് പ്രതിസന്ധി സ്രഷ്ടിക്കുമോയെന്നും സ്വാഭാവികമായും ഇന്ത്യ സംശയിക്കുന്നുണ്ടെന്നും ഡോ.മോഹൻ വർഗീസ് പറഞ്ഞു.
ധാക്കയിൽ ഇനി ആര് ഭരണത്തിൽ വരുമെന്നതാണ് ഇന്ത്യ സംബന്ധിച്ച് ഏറ്റവും നിർണായകം. അടുത്തിടെ മാലിദ്വീപിൽ സംഭവിച്ചതു പോലെ ഇന്ത്യ വിരുദ്ധ ചേരി ബംഗ്ലാദേശിൽ അധികാരത്തിലേറുന്നത് ഒരിക്കലും അംഗീകരിക്കാൻ ന്യുഡൽഹിക്ക് കഴിയില്ല. അതിനാൽ തന്നെ, ബംഗ്ലാദേശിലെ ഓരോ ചെറിയ രാഷ്ട്രീയനീക്കങ്ങളും അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് ഇന്ത്യ നോക്കിവരുന്നത്.
Read More
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
- ഹസീനയുമായുള്ള വിമാനം ഗാസിയാബാദിൽ; ലണ്ടനിലേക്ക് പോകാനെന്ന് സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം; പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മമത
- നേട്ടവും കോട്ടവും ഒരുപോലെ; സംഭവബഹുലം ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ജീവിതം
- ബംഗ്ലാദേശിൽ സൈന്യം ഭരണം ഏറ്റെടുത്തു
- ഷെയ്ഖ് ഹസീന രാജി വെച്ചു: ഇന്ത്യയിൽ അഭയം തേടുമെന്നും സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം: 300 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.