scorecardresearch

നേട്ടവും കോട്ടവും ഒരുപോലെ; സംഭവബഹുലം ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ജീവിതം

ആധുനിക ബംഗ്ലാദേശിനെ പരുവപ്പെടുത്തിയ ധീര വനിതയെന്ന് അനുകൂലിക്കുന്നവർ ഷെയ്ഖ് ഹസീനയെ വാഴ്ത്തുമ്പോൾ, രാജ്യത്തെ ജനാധിപത്യ മുല്യങ്ങൾ ത്ല്ലിക്കെടുത്തിയ എതിർ സ്വരങ്ങളോട് എന്നും അസഹിഷ്ണത പുലർത്തിയ എകാധിപതിയെന്നാണ് വിമർശകർ വിലയിരുത്തുന്നത്

ആധുനിക ബംഗ്ലാദേശിനെ പരുവപ്പെടുത്തിയ ധീര വനിതയെന്ന് അനുകൂലിക്കുന്നവർ ഷെയ്ഖ് ഹസീനയെ വാഴ്ത്തുമ്പോൾ, രാജ്യത്തെ ജനാധിപത്യ മുല്യങ്ങൾ ത്ല്ലിക്കെടുത്തിയ എതിർ സ്വരങ്ങളോട് എന്നും അസഹിഷ്ണത പുലർത്തിയ എകാധിപതിയെന്നാണ് വിമർശകർ വിലയിരുത്തുന്നത്

author-image
WebDesk
New Update
Sheikh Hassina, ഷൈഖ് ഹസീന, Bangladesh, ബംഗ്ലാദേശ്, Attack, ആക്രമണം, court, കോടതി. verdict, death sentence വധശിക്ഷ

1996-ൽ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന അധികാരമേറ്റെടുത്തു

ധാക്ക: സംഭവ ബഹുലമാണ് ഷെയ്ഖ് ഹസീനയുടെ ജീവിതം. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ നിർണായക തീരുമാനങ്ങൾക്കൊണ്ട് നേട്ടവും കോട്ടവും നേരിട്ട വേറൊരു രാഷ്ട്രീയ നേതാവ് ഉണ്ടായിരിക്കില്ല. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ചെറുപ്പം മുതൽ തന്നെ സ്വാധീനമുറപ്പിക്കാൻ ഹസീനയ്ക്കായിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച, ആധുനിക ബംഗ്ലാദേശിന്റെ ശിൽപി മുജീബ് റഹ്മാന്റെ മകൾക്ക് രാഷ്ട്രീയ എന്നും വീട്ടുകാര്യം തന്നെയായിരുന്നു. ഹസീനയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെ പരുവപ്പെടുത്തിയത് ബംഗ്ലാദേശ് വിമോചന സമരവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ്. തീരൂമാനം എടുത്താൽ, അതിൽ നിന്ന് പിന്നോട്ട് പോകാത്ത ധൈര്യവും ഇച്ഛാശക്തിയുമാകാം ഏറ്റവും കൂടുതൽക്കാലം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി കസേരയിൽ ഇരിക്കാൻ ഹസീനയെ സഹായിച്ചത്. 
രാഷ്ട്രീയ പ്രവേശനം
മുജീബ് റഹ്മാന്റെ കാലത്ത് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നെങ്കിലും അത്ര സജീവമല്ലായിരുന്നു ഷെയ്ഖ് ഹസീന. 1975-ൽ, മുജീബ് റഹ്മാന്റെ കൊലപാതകത്തോടെ രാഷ്ട്രീയം ഉപേക്ഷിച്ചുപോയ ഹസീന ദീർഘനാളോളം പ്രവാസ ജീവിതം നയിച്ചു. എന്നാൽ തന്റെ പിതാവ് പടുത്തുയർത്തിയ അവാമി ലീഗ് എന്ന പാർട്ടി വലിയ പ്രതിസന്ധി നേരിട്ടപ്പോൾ 1980-കളുടെ അവസാനത്തോടെ അവർ ബംഗ്ലാദേശിലേക്ക് മടങ്ങി വരികയായിരുന്നു. സ്വന്തം രാജ്യത്തെത്തി ആദ്യം അവർ ചെയ്തത് അവാമി ലീഗിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.1981-ൽ പാർട്ടി അധ്യക്ഷയായ അവർ പ്രതിപക്ഷത്തെ നയിക്കാൻ തുടങ്ങി. പ്രതിപക്ഷ നേതൃത്വത്തെ നയിക്കുന്ന പെൺകരുത്ത് ബംഗ്ലാദേശ് രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കി. ഭരണപക്ഷത്തിന്റെ ന്യുനതകൾ കൃത്യമായി തുറന്നുകാട്ടാൻ ഹസീനയക്കായി. അതോടെ ജനം അവരുടെ പിന്നിൽ അണിനിരന്നു.അതിന്റെ ഫലമായി 1996-ൽ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന അധികാരമേറ്റെടുത്തു. 
സാമ്പത്തിക ഉദാരവൽക്കരണം, വർധിച്ച വിദേശ നിക്ഷേപം, ജീവിത നിലവാരത്തിലെ ശ്രദ്ധേയമായ ഉയർച്ച എന്നിവയുൾപ്പെടെയുള്ള നിരവധി വികസനങ്ങൾ ഒന്നാം ഷെയ്ഖ് ഹസീന മന്ത്രിസഭയ്ക്ക് നടപ്പാക്കാനായി. ബംഗ്ലാദേശിനെ ആഗോള വസ്ത്ര വ്യവസായത്തിലെ പ്രധാനിയാക്കുന്നതിനും ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തിനായി. വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും ഹസീനയുടെ സർക്കാർ കാട്ടിയ പരിഗണന ജനങ്ങളുടെ സ്വീകാര്യത പിടിച്ചുപറ്റി. 
വിട്ടൊഴിയാതെ വിവാദങ്ങളും
നേട്ടങ്ങളുടെ വലിയ പട്ടിക ഉള്ളപ്പോഴും വിവാദങ്ങൾ ഹസീന നേതൃത്വം നൽകിയ സർക്കാരിനെ വിട്ടൊഴിഞ്ഞില്ല.രാജ്യത്ത് സർക്കാരും ജുഡിഷ്യറിയുമായുള്ള ബന്ധം വഷളാകുന്നത് ഹസീനയുടെ കാലത്താണ്. പലപ്പോഴും കോടതിയും സർക്കാരും നേരിട്ട് കൊമ്പുകോർക്കുന്ന സാഹചര്യങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ജൂഡിഷ്യറിയുടെ അധികാരങ്ങൾ വെട്ടിക്കുറച്ചുള്ള ഹസീനയുടെ നടപടി ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.രാഷ്ട്രീയ പ്രതിയോഗികളോടുള്ള ഹസീനയുടെ നിലപാടും ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു.
ജനാധിപത്യ സംവിധാനമെങ്കിലും, എതിരാളികളെ ഉത്മുലനം ചെയ്യുന്ന സമീപനമാണ് ഷെയ്ഖ് ഹസീന എക്കാലവും സ്വീകരിച്ചിരുന്നത്.ഇസ്ലാമിസ്റ്റ് ജമാഅത്തെ ഇസ്ലാമി പാർട്ടിയോടുള്ള ഹസീന സർക്കാരിന്റെ സമീപനം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളിൽ നിന്നുവരെ അപലപിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, 2006-2008 കാലത്തെ രാഷ്ട്രീയ പ്രതിസന്ധിയും അക്രമാസക്തമായ തെരുവ് പ്രതിഷേധങ്ങളും സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാരുമെല്ലാം ഷെയ്ഖ് ഹസീനയുടെ ഭരണത്തിൻമേൽ കരിനിഴൽ വീഴ്ത്തുകയും അധികാരത്തിൽ നിന്ന് പുറത്തേക്ക് പോകേണ്ട സ്ഥിതിയും വന്നു
തിരഞ്ഞെടുപ്പിലെ കൃത്രിമത്വം
2009ൽ വീണ്ടും വൻ വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തിയതോടെ ഹസീന തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു. വ്യവസായത്തിനും അധുനിക സാങ്കേതിക വിദ്യകൾക്കും കൂടുതൽ പ്രാധാന്യം നൽകിയുള്ള ഹസീനയുടെ രണ്ടാം ഇന്നിങ്ങ്‌സിലെ ഭരണം ആദ്യഘട്ടത്തിൽ ജനപ്രതീ നേടിയിരുന്നു.സൈന്യത്തിനെ ആധുനിക വത്കരിക്കുന്നതും ഈ സമയത്താണ്. പിന്നീടങ്ങോട്ട് രണ്ട് തവണ കൂടി ഹസീന അധികാരത്തിൽ പ്രവേശിച്ചു. 
എന്നാൽ, ഹസീനയുടെ തുടർച്ചയായുള്ള തിരഞ്ഞെടുപ്പ് വിജയത്തിൽ കൃത്രിമത്വം ഉണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. പലയിടത്തും കൃത്യമായ തിരഞ്ഞെടുപ്പുകൾ നടത്തിയില്ല. എതിർ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി മത്സരരംഗത്ത് നിന്ന് അകറ്റി നിർത്തും. അവാമി ലീഗിന്റെ പ്രവർത്തകർ ഗുണ്ടകളെ പോലെ തിരഞ്ഞെടുപ്പിൽ പെരുമാറുന്നു. വോട്ടിങ്ങിലും ഫലപ്രഖ്യാപനത്തിലുമെല്ലാം കൃത്രിമത്വം കാട്ടുന്നുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ തെളിവുസഹിതം രംഗത്തുവന്നു. എന്നാൽ, ഇത്തരത്തിലുള്ള പ്രതിഷേധക്കാരെ അടിച്ചമർത്താനും നിശ്ബദമാക്കാനുമാണ് ഹസീന എക്കാലവും ശ്രമിച്ചത്. 
വിവാദമായ സംവരണനയം 
1970കളിലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ സംവരണം നൽകുന്നതിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സമരക്കാർ നിരവധി സർക്കാർ കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. സംവരണ വിഷയത്തിൽ നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതു കെട്ടടങ്ങിയതിന് പിന്നാലെയാണ് ഹസീന സർക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയത്.
സ്റ്റുഡന്റ്‌സ് എഗെയ്ൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ' എന്ന സംഘടനയാണ് സർക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്.പ്രക്ഷോഭകർക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവർത്തകർ രംഗത്തുവന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. 13 ജില്ലകളിൽ സംഘർഷമുണ്ടായി. രാജ്യവ്യാപക കർഫ്യു ഏർപ്പെടുത്തിയിട്ടും പ്രക്ഷോഭം കെട്ടടങ്ങാത്തതിനെ തുടർന്നാണ് ഒടുവിൽ സൈന്യം രംഗത്തിറങ്ങുകയായിരുന്നു. എന്നാൽ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതിവരെ കൈയ്യേറുന്ന സ്ഥിതിയായതോടെ സൈന്യത്തിന് പോലും കലാപം അടിച്ചമർത്താൻ പറ്റാത്തതെയായി.കാര്യങ്ങൾ കൈവിട്ടുപോകും എന്ന് സ്ഥിതി എത്തിയതോടെയാണ് രാജിവെക്കാൻ ഷെയ്ഖ് ഹസീനയോടെ സൈന്യം ആവശ്യപ്പെട്ടത്. 
ഷെയ്ഖ് ഹസീന തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഭാഗത്തെ സമീപിക്കുമ്പോൾ, അവരുടെ സംഭവബഹുലമായ ഭരണകാലം വീണ്ടും വീണ്ടും ചർച്ചയാവുകയാണ്.യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ബംഗ്ലാദേശിനെ അഭിവൃദ്ധി പ്രാപിച്ച ഒരു സമ്പത്ത് വ്യവസ്ഥയിലേക്ക് മാറ്റിയത ഷെയ്ഖ് ഹസീനയുടെ ഭരണകാലമായിരുന്നുവെന്നാണ് അവരെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെടുന്നത്. എന്നാൽ ജനാധിപത്യ മുല്യങ്ങൾ തല്ലിക്കെടുത്തിയ എതിർ സ്വരങ്ങളോട് എന്നും അസഹിഷ്ണത പുലർത്തിയ സ്വേച്ഛാധിപത്യ ഭരണാധികാരിയായാണ് വിമർശകർ ഷെയ്ഖ് ഹസീനയെ നോക്കികാണുന്നത്. 

Read More

Advertisment

Protest People Protest Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: