/indian-express-malayalam/media/media_files/Ot7lVtDhSr8qbki52pUW.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസൺ അതിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ഷോ 79 ദിവസം പിന്നിടുമ്പോൾ ആരൊക്കയാണ് ഫൈനൽ ഫൈവിലെത്തുന്ന മത്സരാർത്ഥികൾ? ആര് കപ്പ് ഉയർത്തും? എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. അർജുൻ, ശ്രീതു, ജാസ്മിൻ, ജിന്റോ, സിജോ, നന്ദന, സായ്, ഋഷി, നോറ, അഭിഷേക് എന്നിങ്ങനെ 10 മത്സരാർത്ഥികളാണ് ഇപ്പോൾ ഷോയിലുള്ളത്.
ഓരോ മത്സരാർത്ഥികളുടെയും ഇതുവരെയുള്ള ബിഗ് ബോസ് യാത്ര എങ്ങനെയായിരുന്നു? ഒരു ഗെയിമർ എന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും എന്തൊക്കെയാണ് പോസിറ്റീവ് വശങ്ങൾ? എന്തൊക്കെയാണ് നെഗറ്റീവ് വശങ്ങൾ? എന്നു പരിശോധിക്കുകയാണ് In the Spotlight.
3. അർജുൻ ശ്യാം ഗോപൻ
Bigg Boss Malayalam 6: വലിയ ബഹളങ്ങളോ അനാവശ്യമായ ഇടപെടലുകളോ ഒന്നുമില്ലാതെ, തന്റെ ഗെയിമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുന്ന മത്സരാർത്ഥിയാണ് അർജുൻ ശ്യാം ഗോപൻ. തെറ്റില്ലാതെ സംസാരിക്കാനും, തന്റെ ആശയങ്ങൾ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുമുള്ള വാക് ചാതുരി അർജുനുണ്ട്. ഡിബേറ്റുകളിലും ടാസ്കുകളിലും നോമിനേഷനുകളിലുമെല്ലാം തന്റെ പോയിന്റുകൾ കൃത്യമായി തന്നെ അർജുൻ പറയുന്നു.
ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നപ്പോൾ തന്നെ നല്ലൊരുവിഭാഗം പെൺകുട്ടികളുടെയും ഇഷ്ടം കവരാൻ അർജുന് സാധിച്ചിരുന്നു. ചെറുപ്പക്കാരനും സുന്ദരനും അവിവാഹിതനും സൗമ്യനുമായ ചെറുപ്പക്കാരൻ എന്ന രീതിയിൽ ഒരു ഫാൻ ബെയ്സ് ആദ്യം തന്നെ അർജുൻ ഉണ്ടാക്കി. ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ പൊക്കക്കാരനും അർജുൻ തന്നെ. ആറടി നാലിഞ്ചാണ് അർജുന്റെ പൊക്കം. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും അർജുനെ പ്രേക്ഷകർ കാണാതെ പോവില്ല.
ബിഗ് ബോസ് ആറാം സീസണിലെ ആദ്യത്തെ ക്യാപ്റ്റൻ എന്ന ഭാഗ്യം തേടിയെത്തിയത് അർജുനെയാണ്. വളരെ അപ്രതീക്ഷിതമായാണ് ക്യാപ്റ്റൻ സ്ഥാനം അർജുനിലേക്ക് എത്തിയത്. മുൻമാതൃകകൾ ഇല്ലാതിരുന്നതിനാൽ തന്നെ, തന്റേതായ യുക്തിയിലാണ് അർജുൻ ആ ക്യാപ്റ്റൻ സ്ഥാനം മുന്നോട്ടു കൊണ്ടുപോയത്. ക്യാപ്റ്റൻ എന്ന രീതിയിൽ മികവു പുലർത്തിയില്ലെങ്കിലും, ക്യാപ്റ്റൻസി എന്തായിരിക്കണമെന്നതിന്റെ ഒരു അടിത്തറ മറ്റു മത്സരാർത്ഥികളുടെ മനസ്സിൽ ആദ്യമായി സെറ്റ് ചെയ്തത് അർജുനാണ്.
'മൈ സ്റ്റോറി' റൗണ്ടിലാണ് അർജുൻ എന്ന വ്യക്തിയെ പ്രേക്ഷകർ കൂടുതൽ അറിഞ്ഞത്. കുട്ടിക്കാലത്ത് അമിത ശരീരഭാരമുണ്ടായിരുന്ന, ഏറെ ബോഡി ഷേമിംഗ് കേൾക്കേണ്ടി വന്ന അർജുൻ കഠിനാധ്വാനത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് ഇന്നു കാണുന്ന അർജുനായി മാറിയതെന്ന അറിവ് പ്രചോദനം പകരുന്നതായിരുന്നു.
അപൂർവ്വമായ ഹിരായാമ എന്ന രോഗാവസ്ഥ തനിക്കുണ്ടെന്നും അർജുൻ വെളിപ്പെടുത്തി. ശരീരത്തിന്റെ വലതുഭാഗം ശോഷിക്കുന്ന അവസ്ഥയാണിത്. സിംപതി നേടാനല്ല താൻ തന്റെ അസുഖവിവരം വെളിപ്പെടുത്തിയതെന്നും അത്തരം സാഹചര്യങ്ങളിൽ പെട്ട് മനസ്സു തളർന്നവർക്ക് പ്രചോദനമാവുമെങ്കിൽ ആവട്ടെ എന്നാണ് തന്റെ ലക്ഷ്യമെന്നും അർജുൻ മനസ്സുതുറന്നു. അന്നു മുതൽ ഇതുവരെ, ഒരിക്കൽ പോലും തന്റെ രോഗാവസ്ഥ സിംപതി ടൂളായി അർജുൻ ഷോയിൽ ഉപയോഗിക്കുകയോ, അതിന്റെ പേരിൽ എന്തെങ്കിലും ടാസ്കുകളിൽ നിന്നു മാറിനിൽക്കുകയോ ചെയ്തിട്ടില്ല.
ബിഗ് ബോസ് വീട്ടിൽ അർജുൻ ആദ്യം കൂട്ടായത് ഋഷി, അൻസിബ, റോക്കി എന്നിവരോടായിരുന്നു. സിജോയെ കയ്യേറ്റം ചെയ്തതിന്റെ പുറത്ത് റോക്കി ഹൗസിൽ നിന്നും പുറത്തുപോയതോടെ ആ കൂട്ട് ഒന്നുലഞ്ഞു. ഒരു ടാസ്കിനിടെ വന്നു ചേർന്ന തെറ്റിദ്ധാരണകൾ മൂലം ഋഷി- അർജുൻ സൗഹൃദത്തിൽ വിള്ളൽ വീണു. ഋഷി അർജുനിൽ നിന്നും അകന്ന് അൻസിബയുമായി കൂട്ടായി. അതോടെ അർജുൻ ഒറ്റപ്പെട്ടു, ഇതോടെയാണ് അർജുനും ശ്രീതുവും കൂട്ടാവുന്നത്.
ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ല അർജുൻ, വീട്ടിൽ എല്ലാവരുമായും ആരോഗ്യകരമായ സൗഹൃദം അർജുനുണ്ട്. ഇടയ്ക്ക് വേർപിരിഞ്ഞെങ്കിലും ഫൈനലിലേക്ക് അടുക്കുമ്പോഴേക്കും ഋഷിയുമായുള്ള അർജുന്റെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, അൻസിബയുമായി ഉണ്ടായ വിള്ളൽ പിന്നീടൊരിക്കലും അർജുൻ നികത്താൻ പോയില്ല, ഋഷി- അർജുൻ സൗഹൃദത്തിൽ വിള്ളൽ ഉണ്ടാക്കാൻ ഒരുപരിധി വരെ അൻസിബയും കാരണമായിട്ടുണ്ടെന്ന തിരിച്ചറിവു കൊണ്ടാവാം അത്.
ഒരു മത്സരാർത്ഥി എന്ന രീതിയിൽ, ആദ്യ ദിനം മുതൽ ഇതുവരെയുള്ള യാത്ര നോക്കുമ്പോൾ, തന്റെ ഗ്രാഫ് ഉയർത്തികൊണ്ടുവരിക തന്നെയാണ് അർജുൻ ചെയ്തിട്ടുള്ളത്. ഭാഗ്യം കൊണ്ടല്ല, കഠിനാധ്വാനം കൊണ്ടു തന്നെയാണ് അർജുൻ ബിഗ് ബോസ് വീട്ടിൽ നിലനിൽക്കുന്നത്.
ടാസ്കുകളിലെയും ഗെയിമുകളിലൂടെയും അർജുന്റെ മികവ് എടുത്തു പറയുക തന്നെ വേണം. ടാസ്കുകൾ വൃത്തിയായി ചെയ്യുന്ന ഒരാളാണ് അർജുൻ. അത് ഫിസിക്കൽ ടാസ്ക് ആണെങ്കിലും പെർഫോമൻസ് ടാസ്കുകൾ ആണെങ്കിലും അതിൽ തന്റെ നൂറുശതമാനം അർജുൻ നൽകുന്നു. ഈ സീസണിലെ ഇതുവരെയുള്ള ഗ്രൂപ്പ് ടാസ്കുകൾ പരിശോധിച്ചാൽ, മിക്കപ്പോഴും അർജുൻ ഭാഗമായ ടീം തന്നെയാണ് ജയിച്ചിട്ടുള്ളത്, മികച്ചൊരു ടീം പ്ലെയർ കൂടിയാണ് അർജുൻ.
മികച്ച പെർഫോമർ എന്ന രീതിയിലും അർജുൻ തന്നെ മാർക്ക് ചെയ്തു കഴിഞ്ഞു. ഒരു സ്കിറ്റിൽ, "ജിന്റോ ചേറ്റാ.. " എന്ന വിളിയുമായി ജാൻമണിയെ അനുകരിച്ചെത്തിയ അർജുന്റെ പെർഫോമൻസ് ഈ സീസണിലെ തന്നെ മികച്ച മൊമന്റുകളിൽ ഒന്നാണ്. ഒരാളെ അനുകരിക്കുമ്പോൾ അയാളെ നോവിപ്പിക്കാത്ത രീതിയിൽ രസകരമാക്കാനാണ് അർജുൻ ശ്രമിക്കുന്നത്. അതിനുള്ള ഉദാഹരണം കൂടിയായിരുന്നു ആ പകർന്നാട്ടം, അർജുന്റെ പെർഫോമൻസ് കണ്ട് ഏറ്റവും കൂടുതൽ ചിരിച്ചതും ജാൻമണിയാണ്. മോഹൻലാലിനു മുന്നിൽ പൂവാലനായിട്ടുള്ള അനുകരണം, ശരശയ്യ ശയ്യാ ശയ്യാ ഗാനാലാപനം.. അതിലെല്ലാം പെർഫോർമർ എന്ന നിലയിൽ അർജുൻ തകർത്തു.
ഒരു ടാസ്കിനിടെ ജാസ്മിൻ പറഞ്ഞപോലെ, ഒരു നല്ല മനുഷ്യനും മികച്ച വ്യക്തിത്വത്തിനു ഉടമയുമാണ് അർജുൻ. ആരുമായും ഭീകരമായ വഴക്കോ വ്യക്തി വൈരാഗ്യമോ ഇല്ല. ആർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും കൂടെ നിൽക്കും. നെഗറ്റീവ് അടിപ്പിക്കാത്ത, ഒരു നല്ല മനുഷ്യനെന്ന ഫീൽ പ്രേക്ഷകർക്കു നൽകാനും അർജുനു സാധിച്ചിട്ടുണ്ട്. പൊതുവെ ഒരു വഴക്കാളിയല്ല, അതിനാലാവാം എത്ര വലിയ സംഘർഷങ്ങളിലും ശാന്തനായും ബാലൻസ്ഡായും നിൽക്കാനാവുന്നത്. എന്തുകൊണ്ടും ഒരു ഹാപ്പി സോൾ എന്നു വിളിക്കാവുന്ന ചെറുപ്പക്കാരൻ.
ആ വീടിനെ ലൈവാക്കി നിർത്തുന്ന ഒരാൾ കൂടിയാണ് അർജുൻ. കുറുമ്പും ഡാൻസും തമാശകളും ചിരികളുമെല്ലാമായി പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കുമൊക്കെ രസകരമായ ഏറെ നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ട് അർജുൻ. ജാസ്മിൻ, സിജോ, സായ് എന്നിവർക്കൊപ്പം ചേർന്ന് ഫണ്ണാക്കാനും അർജുൻ മുൻപിൽ തന്നെയുണ്ട്. ക്ലാസ്സിൽ കുസൃതികൾ ഒപ്പിക്കുകയും പൊട്ടിച്ചിരികൾ ഉയർത്തുകയും ചെയ്യുന്ന ബാക്ക് ബെഞ്ചേഴ്സ് വൈബാണ് അർജുൻ- ജാസ്മിൻ- സിജോ ചങ്ങാത്തം പലപ്പോഴും സമ്മാനിക്കുന്നത്.
ആരുടെയെങ്കിലും സ്വാധീനത്തിൽ അല്ല അർജുൻ ആ വീട്ടിൽ നിൽക്കുന്നത്. സ്വതന്ത്രമായ അഭിപ്രായങ്ങളും ബോധ്യങ്ങളുമുണ്ട്. വെറുതെ കിടന്നു ബഹളം വയ്ക്കില്ല, പക്ഷേ വേണ്ട സമയത്ത് കൃത്യമായി സംസാരിക്കാൻ അർജുനു അറിയാം. അഭിപ്രായം തുറന്നു പറയാൻ അർജുൻ മടി കാണിക്കാറില്ല. ജാൻമണി കേസ് തന്നെ ഉദാഹരണം.
ജാൻമണി തല കറങ്ങി വീണപ്പോൾ ജാസ്മിനെ എടുത്ത് മെഡിക്കൽ റൂമിലേക്ക് ഓടിയത് അർജുൻ ആണ്. എന്നാൽ ജാൻമണിയുടെ വീഴ്ച ഒരു ഡ്രാമയായിരുന്നോ എന്ന സംശയം ആ വീട്ടിൽ പലർക്കുമുണ്ടായിരുന്നു. മോഹൻലാൽ വാരാന്ത്യ എപ്പിസോഡിൽ ഇതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ, "എനിക്ക് അങ്ങനെ തോന്നി" എന്ന് മടിക്കാതെ പറയുന്നുണ്ട് അർജുൻ. ക്യാപ്റ്റൻസിയിലെത്തിയ ഋഷി അൻസിബയുടെ കളിപ്പാവയെ പോലെയാണ് പെരുമാറിയതെന്നും മറ്റൊരു അവസരത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.
കൂടെയുള്ള ഓരോ മത്സരാർത്ഥികളെ കുറിച്ചും നല്ല ഗ്രാഹ്യമുണ്ട് അർജുന്. ഓരോരുത്തരുടെയും പ്ലസും നെഗറ്റീവും മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, പരദൂഷണം പറയുക, പിറകിൽ നിന്നും ഡ്രാമ കളിക്കുക പോലുള്ള കാര്യങ്ങളിൽ അർജുൻ ഒട്ടും താൽപ്പര്യം കാണിക്കാറില്ല.
ആ വീട്ടിലെ എയർ ആമ്പുലൻസ് എന്നാണ് അർജുന് പ്രേക്ഷകർ നൽകിയ വിളിപ്പേര്. ഒരർത്ഥത്തിൽ അതു ശരിയാണ് താനും. വീട്ടിലാർക്ക് മെഡിക്കൽ എമർജൻസി വന്നാലും എടുത്തു കൊണ്ട് മെഡിക്കൽ റൂമിലേക്ക് ഓടുന്നയാൾ അർജുനാണ്. തൊട്ടു മുൻപത്തെ നിമിഷം വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ തന്നെ നോവിപ്പിച്ച ആളാണെങ്കിൽ കൂടി ആ വ്യക്തിയ്ക്കു വയ്യായ്ക വരുമ്പോൾ അർജുൻ മടിച്ചു നിൽക്കാറില്ല.
മറ്റുള്ളവരുടെ വിജയത്തിൽ ആത്മാർത്ഥമായും സന്തോഷിക്കുന്ന, സ്പോർട്സ്മാൻ സ്പിരിറ്റുള്ള മത്സരാർത്ഥിയാണ് അർജുൻ. കൂടെ മത്സരിക്കുന്നത് ആരായാലും അവർ തന്നെ പിൻതള്ളി വിജയിച്ചാൽ പോലും ആദ്യം അഭിനന്ദിക്കുന്ന ഒരാൾ അർജുൻ ആവും. പരാജയങ്ങളെ മനസ്സിലേക്ക് എടുത്ത് അസൂയ കാണിക്കാൻ നിൽക്കാതെ, വിജയിയെ മനസ്സു നിറഞ്ഞ് അയാൾ അഭിനന്ദിക്കുന്നു.
ടിക്കറ്റ് റ്റു ഫിനാലെയുടെ ബോണസ് ടാസ്കിൽ, നേരിയ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ജാസ്മിൻ അർജുനെ പിൻതള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. പക്ഷേ, താൻ തോറ്റുപോയതിന്റെ നിരാശ അർജുനിൽ കണ്ടതേയില്ല. ഏറ്റവും സന്തോഷത്തോടെ ജാസ്മിന്റെ സന്തോഷത്തിൽ കൂടെ നിൽക്കുകയും അഭിനന്ദിക്കുകയും ഹഗ്ഗ് ചെയ്യുകയുമൊക്കെയാണ് അർജുൻ ചെയ്തത്. ആ കാഴ്ച കണ്ടുനിൽക്കുന്നവർക്കും ഏറെ പോസിറ്റീവ് ആയിരുന്നു.
മനുഷ്യത്വം കൊണ്ടും ആളുകളോടുള്ള പെരുമാറ്റം കൊണ്ടും ഒരു വിഭാഗം പ്രേക്ഷകരുടെ ഇഷ്ടം കവരാൻ അർജുനു സാധിച്ചിട്ടുണ്ട്. അയാൾ അപകടകാരിയല്ല, പിറകിൽ നിന്നു കുത്തില്ല തുടങ്ങിയ വിശ്വാസം ആ വീട്ടിലെ മിക്ക മത്സരാർത്ഥികൾക്കുമുണ്ട്. സംഘർഷങ്ങളും വഴക്കുകളും ഒഴിയാത്ത, പരസ്പരമുള്ള വിശ്വാസം പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന ഒരിടത്ത്, അത്തരത്തിൽ സഹമത്സരാർത്ഥികളുടെ വിശ്വാസം നേടിയെടുക്കാൻ അയാൾക്കു സാധിച്ചിട്ടുണ്ടെങ്കിൽ അതുമൊരു അച്ചീവ്മെന്റ് തന്നെയാണ്. നല്ല മനുഷ്യനാവുക എന്നതൊരു മോശം കാര്യമല്ലല്ലോ.
പൊതുബോധം എന്തു പറയും, മറ്റുള്ളവർ എന്തു കരുതും എന്നു കരുതി ആളുകളെ ജഡ്ജ് ചെയ്യാൻ നിൽക്കാതെ, മുൻവിധികളില്ലാതെ, ഓരോ വ്യക്തിയേയും അയാളായി കണ്ട്, വളരെ മാന്യമായും പ്രതിപക്ഷ ബഹുമാനത്തോടെയുമാണ് അർജുൻ ഓരോരുത്തരോടും സംസാരിക്കുന്നത്. വ്യക്തിയെന്ന രീതിയിലുള്ള നല്ലൊരു ഗുണമാണത്.
ജാസ്മിന് വീടിനകത്തും പുറത്തും നെഗറ്റീവ് ഇമേജാണെന്ന ബോധ്യം ആ വീട്ടിൽ പലർക്കുമുണ്ട്. വാരാന്ത്യ എപ്പിസോഡുകളിൽ നിന്നും വൈൽഡ് കാർഡുകളിൽ നിന്നുമെല്ലാം മത്സരാർത്ഥികൾ അതെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. ഗബ്രി, ജാസ്മിൻ ബന്ധത്തോട് നീരസവും വീടിനകത്ത് പലർക്കുമുണ്ടായിരുന്നു. ഇതെല്ലാം മനസ്സിൽ വച്ച് പല മത്സരാർത്ഥികളും ജാസ്മിനോട് ഇപ്പോഴും മനസ്സാൽ ഒരു അകലം സൂക്ഷിക്കുന്നുണ്ട്. ജാസ്മിനോട് ചേർന്നു നിന്നാൽ തനിക്കത് മോശമായി തീരുമെന്നുള്ള മുൻവിധി ഋഷിയ്ക്കും അഭിഷേകിനുമടക്കം പലർക്കും ആ വീട്ടിലുണ്ട്. ജാസ്മിനോട് സൗഹൃദം കാണിക്കുമ്പോഴും സിജോയും പലപ്പോഴും ഒരു ഉപദേശി റോളിലേക്കാണ് വരുന്നത്.
എന്നാൽ അർജുന് ജാസ്മിനോടുള്ള സമീപനം ഇക്കൂട്ടത്തിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നതാണ്.ഗബ്രി പോയതിൽ പിന്നെ, ആ വീട്ടിൽ ജാസ്മിന്റെ നല്ലൊരു സുഹൃത്ത് അർജുൻ ആണ്. മറ്റുള്ളവരാൽ ഫീഡ് ചെയ്തു കിട്ടുന്ന മുൻധാരണകൾ വച്ചല്ല, ജാസ്മിൻ എന്ന വ്യക്തി എന്താണെന്ന് സ്വയം മനസ്സിലാക്കിയതിന്റെ ബോധ്യത്തിൽ നിന്നാണ് അർജുൻ ജാസ്മിനോട് ഇടപ്പെടുന്നത്. ആ സത്യസന്ധതയും തെളിമയും അവരുടെ സൗഹൃദത്തിൽ വ്യക്തമായും കാണാം. ഗബ്രി പോയപ്പോൾ ഒറ്റപ്പെട്ടുപോയ ജാസ്മിനെ ഒരു സിസ്റ്റർ- ബ്രദർ എന്നോ ഫ്രണ്ട്സ് എന്നോ ഒക്കെ പറയാവുന്ന വൈബിൽ ചേർത്തു പിടിക്കുകയാണ് അർജുൻ.
സെന്റിമെൻസോ, ലവ് ട്രാക്കോ പിടിച്ച് അതിനകത്ത് സർവൈവ് ചെയ്യാൻ അർജുൻ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയം. തന്റെ രോഗാവസ്ഥയുടെ പേരിൽ ഒരു സിംപതിയും ആവശ്യമില്ലെന്ന് ജീവിതകഥ പറഞ്ഞപ്പോൾ തന്നെ അർജുൻ വ്യക്തമാക്കി കഴിഞ്ഞതാണ്. ലവ് ട്രാക്ക് പിടിക്കാനാണെങ്കിൽ, അതിനുള്ള സാഹചര്യവും ബിഗ് ബോസ് വീട്ടിൽ തന്നെയുണ്ട്.
വളരെ സ്വാഭാവികമായി ഉരുതിരിഞ്ഞുവന്നൊരു അടുപ്പം ശ്രീതുവിനും അർജുനും ഇടയിലുണ്ട്. പക്ഷേ അവരതിന്റെ ബൗണ്ടറികൾ താണ്ടാതെ ശ്രമിക്കുന്നു. താനുമായുള്ള സൗഹൃദം കൊണ്ട് ശ്രീതുവിന് പ്രശ്നമുണ്ടാവരുത് എന്നയാൾ ആത്മാർത്ഥമായും ആഗ്രഹിക്കുന്നുണ്ട്. ആ കൺസേൺ തുടക്കത്തിൽ തന്നെ അർജുൻ ശ്രീതുവിനോട് പറഞ്ഞിട്ടുണ്ട്, "ഞാൻ കാരണം ഇതിനകത്തോ പുറത്തോ നിനക്കൊരു പ്രശ്നമുണ്ടാവരുത് എന്നെനിക്കുണ്ട്."
ബിഗ് ബോസ് പോലൊരു ഷോയിൽ സംഭവിക്കുന്ന ലവ് സ്ട്രാറ്റജിയോ ഓർഗാനിക് പ്രണയമോ ആവട്ടെ, അതിനെ എത്രമാത്രം മോശമായി സോഷ്യൽ മീഡിയ ചിത്രീകരിക്കുമെന്ന ധാരണയും അയാൾക്കുണ്ട്. അതിനാലാവാം, ബാക്കിയെല്ലാവരെയും ഫ്രീയായി ഹഗ്ഗ് ചെയ്യുന്ന അർജുൻ ശ്രീതുവിനോട് മാത്രം ഫിസിക്കലായി ഒരു അകലം സൂക്ഷിക്കുന്നുണ്ട്. ശ്രീതുവിനോടുള്ള പെരുമാറ്റത്തിലും അർജുൻ ഒരു ഗ്രീൻ ഫ്ളാഗ് ആണ്, ടോക്സിക് ട്രെയ്റ്റ്സ് വളരെ കുറവായൊരാൾ. അതിനാൽ തന്നെ ചെറുപ്പക്കാരുടെ വലിയ ഫാൻ ബേസും അർജുനുണ്ട്.
അർജുന്റെ നെഗറ്റീവ് ഗുണങ്ങൾ എന്നു പറയുന്നതിനേക്കാളും പോരായ്മ എന്നു പറയുന്നതാവും ഉചിതം. പക്ക ബിഗ് ബോസ് മെറ്റീരിയൽ എന്നു വിളിക്കാവുന്ന മത്സരാർത്ഥിയല്ല അർജുൻ. ബിഗ് ബോസ് എന്ന ഷോയുടെ വലിയൊരു ആരാധകനായ അർജുൻ ഈ ഷോയെ കുറിച്ച് നന്നായി മനസ്സിലാക്കി തന്നെയാണ് എത്തിയത്. അങ്ങനെയൊരാൾക്ക്, ഇതൊരു റിയാലിറ്റി ഷോയാണെന്നു പറയുമ്പോഴും, ഈ ഷോ അതിന്റേതായ കണ്ടന്റുകളും അൽപ്പം ഡ്രാമയുമെല്ലാം ആവശ്യപ്പെടുന്നുണ്ട് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. ഗെയിമും ടാസ്കും മാത്രമല്ലല്ലോ കണ്ടന്റ്. ആ രീതിയിൽ ഷോയ്ക്ക് വേണ്ട കണ്ടന്റും കാര്യങ്ങളും തന്റേതായ രീതിയിൽ കോൺട്രിബ്യൂട്ട് ചെയ്യുന്നതിൽ അർജുൻ അൽപ്പം പിന്നിലാണ്. അത്തരം കാര്യങ്ങളിൽ കൂടി അർജുൻ ശ്രദ്ധ ചെലുത്തിയാൽ അർജുന്റെ ഗ്രാഫ് ഇനിയും ഉയരും.
ഒട്ടും തന്നെ അഗ്രസീവായ മത്സരാർത്ഥിയല്ല അർജുൻ. ആവശ്യത്തിനു മാത്രം കാര്യങ്ങൾ സംസാരിക്കുന്ന പ്രകൃതം. അതിനാൽ തന്നെ, ടോക്സിസിറ്റി ഇഷ്ടപ്പെടുന്ന, അഗ്രസീവ് ഗെയിം കളിക്കുന്ന മത്സരാർത്ഥികളെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം പ്രേക്ഷകർക്ക് അർജുൻ അത്ര സ്വീകാര്യനല്ല എന്നതാണ് സത്യം. അത്തരം മത്സരാർത്ഥികൾക്ക് അവർ കല്പിപ്പിച്ചുകൊടുക്കുന്ന വാഴ എന്ന അധിക്ഷേപം ഈ സീസണിൽ ആദ്യം തന്നെ അർജുനു ലഭിച്ചുകഴിഞ്ഞു. മാരാർ ഫാൻസ്, കഴിഞ്ഞ സീസണിൽ റിനോഷ് ഫാൻസിനെ തോജോവധം ചെയ്തതിനു സമാനമായ കാര്യങ്ങളാണ് ഈ സീസണിൽ അർജുനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
എന്നാൽ, എല്ലാവരും അഗ്രസീവായി ഗെയിം കളിക്കണമെന്നോ, ബഹളം വെച്ചു പ്രസൻസ് അറിയിക്കണമെന്നോ ഒന്നും ബിഗ് ബോസിന്റെ നിയമാവലിയിൽ എവിടെയുമില്ല. ഓരോരുത്തരും കളിക്കേണ്ടത് അവരെ കൊണ്ട് സാധ്യമായ അവരുടേതായ ഇൻറിവിച്വൽ ഗെയിമാണ്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ അവർ ആ വീട്ടിൽ നിലനിർത്തും, അല്ലെങ്കിൽ പുറത്തു കളയും. ഈ 79 ദിവസങ്ങൾ തന്റെ ശാന്തപ്രകൃതവും മിതഭാഷണവുമെല്ലാം വച്ച് അർജുനെന്ന മത്സരാർത്ഥിയ്ക്ക് ബിഗ് ബോസ് വീട്ടിൽ നിലനിൽക്കാൻ ആയിട്ടുണ്ടെങ്കിൽ അത് അയാളുടെ തന്നെ ഗെയിമിന്റെ മിടുക്ക് എന്നെ പറയാനാവൂ. ആത്യന്തികമായി ആ ഹൗസിനകത്തെ അതിജീവനം തന്നെയാണ് ഈ ഷോയുടെ യുഎസ് പി.
നിലവിലെ സാഹചര്യത്തിൽ, ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഫൈനൽ ഫൈവിലെത്താൻ സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് അർജുൻ. കപ്പു ഉയർത്താനാവുമോ എന്നതൊക്കെ കണ്ടറിയേണ്ട കാര്യമാണ്. എന്നാൽ ഒന്നുറപ്പാണ്, വിന്നറായില്ലെങ്കിലും നല്ലൊരു മനുഷ്യൻ എന്ന പ്രതിഛായയോടെ തന്നെ അയാൾക്ക് ബിഗ് ബോസ് ഷോ വിട്ടിറങ്ങാനാവും.
Read More Stories Here
- അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടം ഉടയ്ക്കുന്ന ജിന്റോ
- ജാസ്മിൻ ജാഫർ; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ സർവൈവർ
- നീ ഭയങ്കരനാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?; ഋഷിയെ ട്രോളി മോഹൻലാൽ
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ താരത്തെ മനസ്സിലായോ?
- സ്ത്രീകൾ ബിഗ്ഗ്ബോസിൽ കയറുന്നത് വഴങ്ങി കൊടുത്തിട്ടാണോ?; ആങ്കറുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ശരണ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.