/indian-express-malayalam/media/media_files/2025/06/01/Ko5e2SpZtIPyjOIwLS7O.jpg)
Shreyas Iyer, Suryakumar Yadav Photograph: (Punjab Kings, Instagram)
MI vs PBKS IPL 2025 Qualifier 2: 72 മത്സരങ്ങൾ പിന്നിട്ട് കഴിഞ്ഞു. കിരീട പോര് മൂന്ന് ടീമുകൾക്കിടയിലേക്ക് എത്തി നിൽക്കുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രാജകീയമായി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരിക്കുമ്പോൾ കലാശപ്പോരിലെ സ്ഥാനത്തിനായി പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും വിട്ടുകൊടുക്കാതെ ഇന്ന് പൊരുതും എന്നുറപ്പ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ടാം ക്വാളിഫയർ.
ഇതുവരെ ഐപിഎൽ കിരീട വിജയത്തിന്റെ മധുരം അറിഞ്ഞിട്ടില്ല പഞ്ചാബ് കിങ്സ്. മറുവശത്ത് ആറാം കിരീടം ലക്ഷ്യമിട്ട് കരുത്തുറ്റ ടീമായി മുംബൈ ഇന്ത്യൻസ്. ഇത് മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് പോര് മാത്രമല്ല. ഹർദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും തമ്മിലുള്ള പോര് കൂടിയാണ്. ബുമ്രയും അർഷ്ദപും തമ്മിലുള്ള കൊമ്പുകോർക്കൽ കൂടിയാണ്. സൂര്യകുമാർ യാദവും ഇൻഗ്ലിസും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാണ്. ബോൾട്ടും ജാമിസണും തമ്മിലുള്ള തലമുറ മാറ്റത്തിന്റെ പോരാട്ടം കൂടിയാണ്.
Also Read: MI vs PBKS: നെഞ്ച് വിരിച്ചെത്തുന്ന മുംബൈയെ മെയ് 26 ഓർമിപ്പിച്ച് പഞ്ചാബ്; മത്സരം എവിടെ കാണാം?
ഇത്തവണ ശ്രേയസ് അയ്യറിന് കീഴിൽ, അൺക്യാപ്പ്ഡ് താരങ്ങളുടെ കരുത്തിലാണ് ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം പിടിച്ച് പഞ്ചാബ് പ്ലേഓഫിലെത്തിയത്. എന്നാൽ ആർസിബിയുടെ ബോളിങ് നിരയ്ക്ക് മുൻപിൽ ബാറ്റിങ് മറന്ന് പഞ്ചാബ് വീണു. മറുവശത്ത് മുംബൈ ഇന്ത്യൻസ് ആവട്ടെ ഗുജറാത്ത് ടൈറ്റൻസിന് മുൻപിൽ കൂറ്റൻ സ്കോർ ഉയർത്തി. സായ് സുദർശനും വാഷിങ്ടൺ സുന്ദറും ചേർന്ന് വിജയത്തിലേക്ക് ഗുജറാത്തിനെ എത്തിക്കുമെന്ന് തോന്നിച്ചപ്പോൾ പകരംവയ്ക്കാനാകാത്ത ഒരു യോർക്കറിലൂടെ ബുമ്ര വാഷിങ്ടണിനെ വീഴ്ത്തി.
16 ഓവറിന് ശേഷമുള്ള മുംബൈ ബോളിങ്
മുംബൈ ഇന്ത്യൻസിനെതിരെ ചെയ്സ് ചെയ്യുന്ന ടീം 16 ഓവർ വരെ എന്ത് ചെയ്യുന്നു എന്നത് വിഷയമല്ല. എന്നാൽ അതിന് ശേഷം കളി നീണ്ടാൽ ബുമ്രയും ബോൾട്ടും നിങ്ങളെ ജയിക്കാൻ വിടില്ലെന്ന് ഉറപ്പ്. നോക്ക്ഔട്ട് മത്സരങ്ങൾ എങ്ങനെ കളിക്കണം എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. അതും പഞ്ചാബ് കിങ്സിന്റെ സാധ്യതകൾ കുറയ്ക്കുന്നു.
Also Read: സായ്-വാഷിങ്ടൺ കൂട്ടുകെട്ട് തകർത്ത യോർക്കർ; ഗുജറാത്ത് അതോടെ തോറ്റു; ഇനി മുംബൈ-പഞ്ചാബ് പോര്
അഞ്ച് വട്ടം മാത്രമാണ് പഞ്ചാബ് കിങ്സ് പ്ലേഓഫിൽ എത്തിയത്. അതിൽ നിന്ന് നേടിയത് ഒരു ജയം മാത്രം. എന്നാൽ മുംബൈ ഇന്ത്യൻസ് ആവട്ടെ പ്ലേഓഫിലെത്തിയത് 21 വട്ടം. അതിൽ 14 വട്ടം ജയിച്ചു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുൻതൂക്കം ആർക്ക്?
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിക്കാൻ പഞ്ചാബ് കിങ്സിന് സാധിച്ചു. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുംബൈ പരുങ്ങുന്നതാണ് കണ്ടത്. ഇവിടെ ആറ് മത്സരങ്ങളിൽ നിന്ന് മുംബൈ ജയിച്ചത് ഒരു വട്ടം മാത്രം.
ഗൂഗിൾ മാച്ച് വിജയ സാധ്യത നോക്കുമ്പോൾ 58 ശതമാനമാണ് മുംബൈക്കുള്ളത്. ആർസിബിക്കെതിരെ ശ്രേയസ് അയ്യർ വിക്കറ്റ് നഷ്ടപ്പെടുത്തിയ വിധം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഹെയ്സൽവുഡിന് മുൻപിൽ വീണ് ശ്രേയസ് മടങ്ങിയതോടെ പഞ്ചാബ് കിങ്സ് ക്യാപ്റ്റന്റെ ഈഗോ പോക്കറ്റിൽ വെച്ചാൽ മതി എന്നുൾപ്പെടെ പ്രതികരണങ്ങൾ വന്നു.
Also Read: കോഹ്ലിക്കും രോഹിത്തിനും പിന്നാലെ ബുമ്രയും വിരമിച്ചാലോ? പേസറുടെ പ്രതികരണം
ഈ സീസണിൽ 302 പന്തുകൾ നേരിട്ട ശ്രേയസ് പറത്തിയത് 31 സിക്സ് ആണ്. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ മുംബൈക്കെതിരേയും കൂറ്റനടികൾക്ക് ശ്രേയസിന് സാധിച്ചില്ലെങ്കിൽ പഞ്ചാബിന്റെ പ്രതീക്ഷകൾ അസ്തമിക്കും. ഈ സീസണിൽ മുംബൈയുടെ ഫിനിഷറുടെ റോളിലാണ് ഹർദിക്കിന്റെ ബാറ്റിങ്. ഈ സീസണിൽ മുംബൈയുടെ 17-20 ഓവറുകൾക്കിടയിൽ നേരിട്ട 53 പന്തിൽ നിന്ന് 109 റൺസ് ആണ് ഹർദിക് കണ്ടെത്തിയത്. സ്ട്രൈക്ക്റേറ്റ് 205.
പിച്ച് റിപ്പോർട്ട്
ഈ സീസണിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആണ് പല വട്ടം തയ്യാറാക്കിയത്. 200ന് മുകളിൽ സ്കോറുകൾ പലവട്ടം ഇവിടെ പിറന്നു. മത്സരം പുരോഗമിക്കുംതോറും വിക്കറ്റിൽ മാറ്റമില്ലാതെ വന്നതോടെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനും ചെയ്സിങ്ങിൽ മികവ് കാണിക്കാനായി. നാളെ ടോസ് നേടുന്ന ടീം ഇവിടെ ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
പഞ്ചാബ് കിങ്സ് സാധ്യത ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ്, ജോഷ് ഇൻഗ്ലിസ്, ശ്രേയസ് അയ്യർ, നെഹാൽ വധേര, ശശാങ്ക് സിങ്, സ്റ്റോയ്നിസ്, അസ്മതുള്ള ഒമർസായ്, ഹർപ്രീത് ബ്രാർ, ജാമിസൺ, അർഷ്ദീപ് സിങ്.
മുംബൈ ഇന്ത്യൻസ് സാധ്യതാ ഇലവൻ: ബെയർസ്റ്റോ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്റ്നർ, രാജ് ബാവ, ട്രെന്റ് ബോൾട്ട്, ബുമ്ര, ഗ്ലീസൺ.
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ എത്ര മണിക്ക് ആരംഭിക്കും?
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരം ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് പോരിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരം ടിവിയിൽ ലൈവായി ഏത് ചാനലിൽ കാണാം?
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരം ലൈവായി ടിവിയിൽ സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.