/indian-express-malayalam/media/media_files/2025/02/02/zYMPnxkbYA47N7lNG9fL.jpg)
ഇംഗ്ലണ്ടിനെതിരെ അഭിഷേക് ശർമയുടെ സെഞ്ചുറി ആഘോഷം : (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
ഓപ്പണർ അഭിഷേക് ശർമയുടെ റെക്കോർഡുകൾ കടപുഴക്കിയ സെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ടിന് മുൻപിൽ കൂറ്റൻ വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് ആണ് ഇന്ത്യ കണ്ടെത്തിയത്. ട്വന്റി20യിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച സ്കോറാണ് അഭിഷേക് വാങ്കഡെയിൽ കണ്ടെത്തിയത്.
ശുഭ്മാൻ ഗില്ലിന്റെ 126 റൺസ് എന്ന റെക്കോർഡ് സ്കോർ മറികടന്നാണ് അഭിഷേക് ട്വന്റി20യിലെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ തന്റെ പേരിലാക്കിയത്. ട്വന്റി20യിൽ ഒരു ഇന്നിങ്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സ് പറത്തുന്ന താരവുമായി അഭിഷേക്. 13 സിക്സ് ആണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് വന്നത്. 16 സിക്സ് പറത്തിയ രോഹിത് ആണ് ഒന്നാമത്.
ട്വന്റി20യിലെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധ ശതകം, വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി എന്നീ നേട്ടങ്ങൾ അഭിഷേക് തന്റെ പേരിലാക്കി. അർധ ശതകം കണ്ടെത്താൻ അഭിഷേകിന് വേണ്ടി വന്നത് 17 പന്ത് മാത്രം. യുവരാജ് സിങ്ങിന്റെ പേരിലാണ് ട്വന്റി20യിലെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധ ശതകത്തിന്റെ റെക്കോർഡ്.
37 പന്തിലാണ് അഭിഷേക് സെഞ്ചുറി തികച്ചത്. രോഹിത് ശർമയുടെ പേരിലാണ് ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡ്. ഒടുവിൽ 54 പന്തിൽ നിന്ന് 135 റൺസ് എടുത്താണ് അഭിഷേക് ക്രീസ് വിട്ടത്. ഏഴ് ഫോറും 13 സിക്സും അഭിഷേകിന്റെ ബാറ്റിൽ നിന്ന് പറന്നു. ആദിൽ റാഷിദിന്റെ ഗൂഗ്ലിയിൽ ഡീപ്പ് കവറിൽ ആർച്ചറിന് ക്യാച്ച് നൽകിയതോടെയാണ് അഭിഷേകിന്റെ ക്ലാസിക് ഇന്നിങ്സിന് തിരശീല വീണത്.
View this post on InstagramA post shared by Team india (@indiancricketteam)
പവർപ്ലേയിൽ 15 കടന്ന് റൺറേറ്റ്
ആദ്യ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് ആണ് ഇന്ത്യ അടിച്ചെടുത്തത്. 15.83 ആണ് പവർപ്ലേയിലെ ഇന്ത്യയുടെ റൺറേറ്റ്. ഏഴ് മുതൽ 15 വരെയുള്ള ഓവറിൽ ഇന്ത്യ നേടിയത് 99 റൺസ്. എന്നാൽ ഈ മധ്യഓവറുകളിൽ നാല് വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. റൺറേറ്റ് 11 ആയിരുന്നു. 16 ഓവറിൽ ഇന്ത്യൻ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 കടന്നു.
ഒരു വശത്ത് മിന്നും ബാറ്റിങ്ങുമായി അഭിഷേക് പിടിച്ചുനിൽക്കുമ്പോൾ മറുവശത്ത് ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്താൻ ഇംഗ്ലണ്ടിനായി. തിലകിന്റേയും അഭിഷേകിന്റേയും സെഞ്ചുറി കൂട്ടുകെട്ടിന് ശേഷം മറ്റൊരു മികച്ച കൂട്ടുകെട്ട് കണ്ടെത്താൻ ഇന്ത്യയെ ഇംഗ്ലണ്ട് അനുവദിച്ചില്ല.
രണ്ടാം വിക്കറ്റിൽ 115 റൺസ് ആണ് അഭിഷേകും തിലകും ചേർന്ന് കണ്ടെത്തിയത്. അതിന് ഇരുവരും എടുത്തത് 43 പന്തുകൾ മാത്രം. അതിൽ 89 റൺസും വന്നത് അഭിഷേക് ശർമയിൽ നിന്ന്. ഈ 89 റൺസ് വന്നത് 28 പന്തിൽ നിന്നാണ് എന്നതും അഭിഷേകിന്റെ ബാറ്റിങ് കരുത്ത് കാണിക്കുന്നു.
സ്കോറിങ്ങിന്റെ വേഗം കൂട്ടി ദുബെ
സൂര്യകുമാർ യാദവും സഞ്ജുവിന് പിന്നാലെ പരമ്പരയിലെ അവസാന മത്സരത്തിലും നിരാശപ്പെടുത്തി. മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്താണ് ക്യാപ്റ്റൻ കൂടാരം കയറിയത്. ബ്രൈഡന്റെ പന്തിൽ ലെഗ് സൈഡിൽ ഫിൽ സോൾട്ടിന് ക്യാച്ച് നൽകിയാണ് സൂര്യകുമാർ മടങ്ങിയത്.
സൂര്യ മടങ്ങിയതിന് പിന്നാലെ അഭിഷേകിനൊപ്പം നിന്ന് ശിവം ദുബെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 13 പന്തിൽ നിന്ന് 30 റൺസ് ആണ് ദുബെ നേടിയത്. മൂന്ന് ഫോറും രണ്ട് സിക്സും ദുബെയിൽ നിന്ന് വന്നു. ബ്രൈഡൻ തന്നെയാണ് ദുബെയുടെ വിക്കറ്റും പിഴുതത്.
അഭിഷേകും ദുബെയും ചേർന്ന് 18 പന്തിൽ നിന്ന് 37 റൺസിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. അതിൽ അഭിഷേകിന്റെ സമ്പാദ്യമായി വന്നത് ആറ് റൺസ് മാത്രം. 15ാം ഓവറിൽ ഹർദിക് പാണ്ഡ്യയ മാർക്ക് വുഡും മടക്കി. ആറ് പന്തിൽ നിന്ന് ഒൻപത് റൺസ് മാത്രമാണ് ഹർദിക് നേടിയത്. തൊട്ടടുത്ത പന്തിൽ റിങ്കു സിങ്ങിനെ വിക്കറ്റിന് മുൻപിൽ ആർച്ചർ കുടുത്തി. റിങ്കുവും ആറ് പന്തിൽ നിന്ന് നേടിയത് ഒൻപത് റൺസ്.
Read More
- Abhishek Sharma Century: വാങ്കഡേയിൽ 'അഭിഷേക് ഷോ'; 37 പന്തിൽ സെഞ്ചുറി
- India Vs England Twenty20: വീണ്ടും നിരാശപ്പെടുത്തി സഞ്ജു; അഞ്ചാം വട്ടവും വീണത് ഷോർട്ട് പിച്ച് പന്തിൽ
- India Women Cricket Team: രണ്ടാം വയസിൽ പ്ലാസ്റ്റിക് ബാറ്റിൽ പരിശീലനം; മകളിലൂടെ സ്വപ്നം കയ്യെത്തിപ്പിടിച്ച ഒരു അച്ഛൻ
- Under 19 Twenty20 World Cup: കൗമാരക്കപ്പ് വീണ്ടും റാഞ്ചി പെൺപട; അണ്ടർ 19 ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യൻ മുത്തം
- ടീമുള്ള 'ദ് ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റ് എന്താണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.