/indian-express-malayalam/media/media_files/2025/02/02/ds6Mfwe1tqS8bfS9BsPE.jpg)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജി.തൃഷ : (ഫോട്ടോ: ഫെയ്സ്ബുക്ക്)
ഞായറാഴ്ച അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക ഗിയർ മാറ്റി കളിക്കാൻ തുടങ്ങിയപ്പോഴെല്ലാം തന്റെ ലെഗ് സ്പിന്നിലൂടെ പ്രഹരവുമായി തെലങ്കാനക്കാരി എത്തി. 100 എന്ന ടോട്ടലിലേക്ക് ദക്ഷിണാഫ്രിക്ക എത്തുന്നില്ലെന്ന് ആ ലെഗ് ബ്രേക്ക് ബോളറിലൂടെ ഇന്ത്യ ഉറപ്പാക്കി. ടൂർണമെന്റിൽ വീഴ്ത്തിയത് ഏഴ് വിക്കറ്റ്. വാരിക്കൂട്ടിയത് 309 റൺസ്. ഒടുവിൽ ഇന്ത്യൻ പെൺപട കിരീടം ചൂടുമ്പോൾ ടൂർണമെന്റിലെ താരമായി തയ ഉയർത്തി നിന്നു തൃഷ. അച്ഛൻ സമ്മാനിച്ച പ്ലാസ്റ്റിക് ബാറ്റുകൊണ്ട് രണ്ടാം വയസിൽ ക്രിക്കറ്റ് കളിച്ച് തുടങ്ങിയ ഗോങ്കടി തൃഷ...
ക്രിക്കറ്റ് സ്നേഹം നെഞ്ചിൽ കൊണ്ടുനടന്ന അച്ഛൻ. പിച്ചവെച്ച് തുടങ്ങുന്ന പ്രായത്തിൽ തന്നെ തൃഷയുടെ കൈകളിലേക്ക് അച്ഛൻ ക്രിക്കറ്റ് ബാറ്റ് വച്ചുനൽകി. ഇന്ന് മലേഷ്യയിൽ ഇന്ത്യൻ പെൺപട കിരീടം ചൂടിയപ്പോൾ ടൂർണമെന്റിലെ താരമായി മാറി രാജ്യത്തിന്റെ യശസ് ഉയർത്തി ആ അച്ഛന്റെ മകൾ നിൽക്കുന്നു, ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഭാവി തന്റെ കൈകളിൽ ശോഭനം എന്ന് പ്രഖ്യാപിച്ചുകൊണ്ട്...
തൃഷയ്ക്ക് വേണ്ടി കൂടുമാറി കുടുംബം
സ്വകാര്യ കമ്പനിയിലെ ഫിറ്റ്നസ് ട്രെയിനറായിരുന്നു തൃഷയുടെ പിതാവ്. തെലങ്കാനയിലെ ഭദ്രചലത്ത് നിന്ന് സെക്കന്ദരാബാദിലേക്ക് കുഞ്ഞ് തൃഷയേയും കൊണ്ട് കുടുംബം കൂടുമാറി എത്തി. ഒരു ലക്ഷ്യം മാത്രമായിരുന്നു ആ കുടുംബത്തിന്റെ മനസിൽ. മകൾക്ക് മികച്ച ക്രിക്കറ്റ് പരിശീലനം ഉറപ്പാക്കണം. ഏഴാം വയസിൽ സെന്റ് ജോൺസ് ക്രിക്കറ്റ് അക്കാദമിയിൽ ചേർന്ന് തൃഷ തന്റെ ആദ്യ ചുവടുറപ്പിച്ചു...
തൃഷയെ രാജ്യത്തിന്റെ അഭിമാന താരമയി മാറ്റിയെടുത്ത വഴികളെ കുറിച്ച് അച്ഛൻ ജി റാമി റെഡ്ഡി പറയുന്നത് ഇങ്ങനെ, "ബോൾ ഗെയിമുകളിൽ നമ്മുടെ മസിൽ മെമ്മറി പാകപ്പെടുത്തണം എങ്കിൽ എത്ര പന്തുകൾ നേരിട്ട് പരിശീലനം നടത്താൻ പറ്റുമോ അത്രയും പന്തുകൾ നേരിട്ട് പരിശീലിക്കണം. കുഞ്ഞായിരിക്കുമ്പോൾ തങ്ങൾക്ക് ചുറ്റും നടക്കുന്നത് എന്താണോ അത് വേഗത്തിൽ പഠിച്ചെടുക്കാൻ കുട്ടികൾക്കാവും. ബാറ്റിന്റെ മധ്യത്തിൽ പന്ത് കൊള്ളുമ്പോഴുള്ള അനുഭവം ആ കുഞ്ഞ് പ്രായത്തിലെ തൃഷ മനസിലാക്കി തുടങ്ങിയിരുന്നു..."
നാലാം വയസിൽ പിച്ചിൽ പരിശീലനം
തൃഷയ്ക്ക് നാല് വയസ് പ്രായമുള്ളപ്പോൾ തന്നെ അച്ഛൻ ഒരു കോൺക്രീറ്റ് പിച്ച് ഒരുക്കി കൊടുത്തു. ഭദ്രാദി ജൂനിയർ കോളജിലെ നെറ്റ്സിലും തൃഷ പരിശീലനം നടത്തി. നൂറും ഇരുന്നൂറുമല്ല...ആയിരം ബോളുകളാണ് തൃഷയ്ക്ക് അച്ഛൻ എറിഞ്ഞു നൽകിയത്.
"എട്ടാം വയസിലാണ് കുട്ടികൾ കൂടുതലായും ക്രിക്കറ്റ് പരിശീലനത്തിലേക്ക് കടക്കുന്നത്. എന്നാൽ ആ പ്രായത്തിൽ ടീമിൽ ഇടംപിടിക്കാനുള്ള മത്സരം കനത്തതാകും. അതുകൊണ്ട് തൃഷയ്ക്ക് രണ്ടാം വയസ് മുതൽ പരിശീലനം നൽകാൻ ഞാൻ തീരുമാനിച്ചിരുന്നു. ഒരു ജീവിതം മാത്രമാണ് നമുക്കുള്ളത്...ഞാനവൾക്ക് ഏറ്റവും നല്ല ജീവിതം നൽകാൻ തീരുമാനിച്ചു," ബാർബി ഡോളിന് പകരം മകളുടെ കൈകളിലേക്ക് പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റ് വെച്ച് നൽകിയ പിതാവ് പറയുന്നു.
മൂന്ന് മണിക്കൂർ പഠനം, ആറ് മണിക്കൂർ കളി
കായിക താരമാകാനുള്ള സ്വപ്നത്തിന് മുൻപിൽ പാതി വഴിയിൽ വീണ് പോയൊരാളായിരുന്നു തൃഷയുടെ പിതാവ്. അതുകൊണ്ട് തൃഷയുടെ വഴികൾ ഒരിടത്തും തെറ്റുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. ഭക്ഷണം ക്രമീകരിച്ചു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് തന്നെ തൃഷയ്ക്ക് വേണ്ട പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.
മൂന്ന് മണിക്കൂറായിരുന്നു സ്കൂളിൽ പഠനത്തിനായി തൃഷ മാറ്റിവെച്ചത്. ബാക്കി ആറ് മണിക്കൂർ ക്രിക്കറ്റ് പരിശീലനത്തിനായും. വിവിഎസ് ലക്ഷ്മൺ, മിതാലി രാജി എന്നീ താരങ്ങളെ വളർത്തിയ സെന്റ് ജോൺസ് അക്കാദമിയിലെത്തിയ തൃഷയുടെ ഹാൻഡ്-ഐ കോർഡിനേഷൻ പരിശീലകൻ ജോൺ മനോജിന്റെ ശ്രദ്ധ പിടിച്ചു. എട്ടാം വയസിൽ ഹൈദരാബാദിനായി തൃഷ അണ്ടർ 16 കളിച്ചു. 11ാം വയസിൽ അണ്ടർ 19, അണ്ടർ 23 ടീമുകളിലും ഇടം നേടി..
ഹൈദരാബാദ്, സൌത്ത് സോൺ ടീമുകളിലൂടെ വളർന്ന തൃഷ 2021 അണ്ടർ 19 ക്രിക്കറ്റ് ചലഞ്ചേഴ്സിൽ ഇന്ത്യ ബി ടീമിനൊപ്പം ഇറങ്ങി. 2023ൽ ഇന്ത്യ വനിതാ അണ്ടർ 19 ട്വന്റി20 ലോക കിരീടം ചൂടുമ്പോഴും ഫൈനലിലെ ടോപ് സ്കോററായി നിന്നത് തൃഷയാണ്. ഇന്ത്യയുടെ സീനിയർ വനിതാ ക്രിക്കറ്റ് ടീമിലേക്കുള്ള തൃഷയുടെ വരവ് ഇനി അകലെയല്ല. ഒരു അച്ഛൻ കണ്ട സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിനങ്ങൾ..
Read More
- Under 19 Twenty20 World Cup: കൗമാരക്കപ്പ് വീണ്ടും റാഞ്ചി പെൺപട; അണ്ടർ 19 ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യൻ മുത്തം
- ടീമുള്ള 'ദ് ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റ് എന്താണ്?
- സികെ നായിഡു ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ; തുടക്കത്തിലേ അടിപതറി കർണാടക
- Ind vs Eng 5th T20: സഞ്ജുവിന് നിർണായകം; ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടി20 നാളെ; ടീമിൽ മാറ്റം?
- കോഹ്ലിയെ വെറുതെ വിടു; ഇപ്പോൾ രഞ്ജി ട്രോഫി കളിക്കേണ്ട ആവശ്യമില്ലെന്ന് അമ്പാട്ടി റായിഡു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us