/indian-express-malayalam/media/media_files/2024/12/29/djNDEIR7YReGTCm3qVym.jpg)
ചിത്രം: കെസിഎ
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന 74-മത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് വന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയ ബജറ്റ് അവതരിപ്പിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ 17,000 പേരെ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നതാണ് പ്രധാന പ്രഖ്യാപനം.
പരിരക്ഷയുടെ നേട്ടം ജില്ല-സംസ്ഥാന പാനല്‍ അമ്പയര്‍മാര്‍, സ്‌കോറര്‍മാര്‍, ജീവനക്കാര്‍, ജില്ലാ ഭാരവാഹികള്‍, കെ.സി.എ ഭാരവാഹികള്‍, കെ.സി.എ അംഗങ്ങള്‍ എന്നിവര്‍ക്ക് ലഭിക്കും. ആദ്യഘട്ടത്തില്‍ ഓണ്‍ഫീല്‍ഡ് പരിക്കുകള്‍ക്കുള്ള ചികിത്സയും ആശുപത്രിവാസവുമാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുക. പിന്നീട് ഇത് മെഡിക്ലെയിമും ലൈഫ് ഇന്‍ഷുറന്‍സും ഉള്‍ക്കൊള്ളുന്ന തരത്തില്‍ വികസിപ്പിക്കും.
പുതുതലമുറയിലെ ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് സ്ഥലങ്ങളില്‍ അത്യാധുനിക ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. തൊടുപുഴയിലെ തേക്കുംഭാഗം തിരുവനന്തപുരം മംഗലപുരം എന്നിവടങ്ങളിലാണ് അക്കാദമി സ്ഥാപിക്കുന്നത്. കൂടാതെ, കൃഷ്ണഗിരിയിലെ വനിതാ അക്കാദമിക്കായി മികച്ച സൗകര്യങ്ങള്‍ ഉള്ള കെട്ടിടസമുച്ചയം നിർമിക്കും.
കൊല്ലം എഴുകോണിലെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുവാനും തീരുമാനമായി. മംഗലപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലെ പ്രധാന കെ.സി.എ. ഗ്രൗണ്ടുകളില്‍ ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കും. രാത്രികാലങ്ങളിലെ ക്രിക്കറ്റ് മത്സരങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 സംഘടിപ്പിക്കാനും തീരുമാനിച്ചു.
കേരള വനിത ക്രിക്കറ്റ് ലീഗ് ആരംഭിക്കുവാനും പദ്ധതിയുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ജില്ലകളില്‍ കൂടി സ്ഥലം വാങ്ങുവാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പാലക്കാട് സ്‌പോര്‍ട്‌സ് ഹബ്ബ് പ്രൊജക്ടിന്റെ കരാര്‍ നടപടികള്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ പൂര്‍ത്തിയാക്കി ടെന്‍ഡറിങ്ങും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
വനിതാ ക്രിക്കറ്റ് ഉന്നമനത്തിനായി നേരത്തെ വകയിരുത്തിയ നാല് കോടിക്ക് പുറമേ അധികമായി രണ്ട് കോടി രൂപ കൂടി ബജറ്റില്‍ വകയിരുത്തി. മുന്‍ ക്രിക്കറ്റ് താരങ്ങള്‍, ഉദ്യോഗസ്ഥര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവര്‍ക്കായി ബിനവലന്റ് ഫണ്ടിനുള്ള നയം നിര്‍ദേശിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു.
കൂടാതെ, അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിക്കായുള്ള നടപടികള്‍ നിയന്ത്രിക്കുന്നതിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. സ്‌കൂള്‍ കുട്ടികളിലെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തിയെടുക്കുന്നതിനായി അടുത്ത അധ്യയന വര്‍ഷത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നുകൊണ്ട് ക്രിക്കറ്റ് @ സ്‌കൂള്‍ പദ്ധതി ആരംഭിക്കുവാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.