/indian-express-malayalam/media/media_files/2024/12/28/5zxDxJWNQtvcTHB68vK1.jpg)
NItish Kumar Reddy, Nitish's Father Photograph: (Instagram, Screenshot)
മെൽബണിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിൽ തകർച്ച മുൻപിൽ കണ്ട് നിൽക്കുന്ന സമയം. എന്നാൽ ഇന്ത്യൻ റെഡ് ബോൾ ക്രിക്കറ്റിലെ പുത്തൻ താരോദയത്തിന്റെ വരവറിയിക്കലാണ് പിന്നെ എംസിജെയിൽ കണ്ടത്. ടെസ്റ്റ് കരിയറിലെ നിതീഷ് റെഡ്ഡിയുടെ ആദ്യ സെഞ്ചറി. ആ സെഞ്ചുറി എത്തിയതാവട്ടെ ടീം ഏറ്റവും ആവശ്യപ്പെടുന്ന ഘട്ടത്തിലും. എന്നാൽ മെൽബൺ വരെ എത്തി നിൽക്കുന്ന നിതീഷിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.
നിതീഷിന്റെ ഈ വിജയത്തിന് പിന്നിൽ വിട്ടുവീഴ്ച്ചയില്ലാതെ മകന് വേണ്ടി പൊരുതിയ ഒരു അച്ഛനുണ്ട്. ജീവിക്കാനുള്ള പണം കയ്യിലില്ലാത്തതിന്റെ പേരിൽ, മകന് പരിശീലനത്തിനുള്ള പണം കയ്യിലില്ലാത്തതിന്റെ പേരിൽ പൊട്ടിക്കരഞ്ഞ ഒരു അച്ഛൻ. മെൽബണിൽ നിതീഷ് തന്റെ സ്കോർ മൂന്നക്കം കടത്തിയപ്പോൾ ആ അച്ഛന്റെ കണ്ണ് നിറഞ്ഞൊഴുകിയിട്ടുണ്ടാവും എന്നുറപ്പ്.
നമ്മുടെ കഥയിൽ നമ്മളായിരിക്കില്ലെ ഹീറോ. എന്നാൽ നിതീഷിന്റെ കഥയിൽ അച്ഛനാണ് ഹീറോ. മുത്യാല റെഡ്ഡി. അച്ഛന്റെ കഠിനാധ്വാനമാണ് നിതീഷിന്റെ വിജയത്തിന് ഊർജം നൽകിയത്. തനിക്ക് വേണ്ടിയുള്ള അച്ഛന്റെ കഷ്ടപ്പാടുകൾ എല്ലാം കണ്ട നിതീഷിന് ആ മനുഷ്യന്റെ സ്വപ്നങ്ങൾ എത്തിപ്പിടിക്കുന്നതിൽ ഉഴപ്പാൻ സാധിക്കുമായിരുന്നില്ല.
ജോലിക്ക് പോവാതെയായിരുന്നു നിതീഷിനേയും കൊണ്ട് ക്രിക്കറ്റ് സ്വപ്നങ്ങൾ നെഞ്ചിലേറ്റി ആ അച്ഛൻ നടന്നത്. അതിന്റെ പേരിൽ കുടുംബത്തിൽ നിന്നുൾപ്പെടെ അദ്ദേഹത്തിന് പഴി കേൾക്കേണ്ടി വന്നു. മെൽബണിൽ ആ ത്യാഗങ്ങൾക്കെല്ലാമുള്ള പ്രതിഫലം. രാജ്യാന്തര ക്രിക്കറ്റിൽ ഈ വർഷം ഒക്ടോബറിലാണ് നിതീഷ് അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് അരങ്ങേറ്റം പെർത്തിലും.
പെർത്തിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണെന്ന് നിതീഷ് എന്നെ വിളിച്ച് പറഞ്ഞു. ഞെട്ടി നിൽക്കുകയായിരുന്നു ഞാൻ. പത്ത് മിനിറ്റോളം എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. സത്യമാണോ പറയുന്നത് എന്ന് ഞാൻ അവനോട് വീണ്ടും ചോദിച്ചു, ആ സ്വപ്ന നിമിഷത്തെ കുറിച്ച് നിതീഷിന്റെ അച്ഛൻ പറയുന്നത് ഇങ്ങനെ.
ആദ്യം ഞാൻ ക്രിക്കറ്റ് ഗൌരവത്തിലെടുത്തിരുന്നില്ല. എന്നാൽ അച്ഛൻ എനിക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു. ഒരു ദിവസം കയ്യിൽ പണമില്ലാത്തതിന്റെ പേരിൽ അച്ഛൻ പൊട്ടിക്കരയുന്നത് ഞാൻ കണ്ടു. ഇതോടെ എന്റെ മനസ് മാറി. ക്രിക്കറ്റിനെ ഞാൻ ഗൌരവത്തോടെ സമീപിക്കാൻ തുടങ്ങി. എന്റെ ഇന്ത്യൻ ജേഴ്സി ഞാൻ അച്ഛന്റെ കയ്യിൽ കൊടുത്തു. അദ്ദേഹത്തിന്റെ മനസിൽ അപ്പോഴുണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു, നിതീഷ് പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് നിതീഷ് പേരെടുത്തെങ്കിലും വിശാഖപട്ടണത്തെ മധുരവാഡയിൽ വാടക വീട്ടിലാണ് ഇപ്പോഴും നിതീഷും കുടുംബവും താമസിക്കുന്നത്. ഐപിഎല്ലിൽ ആറ് കോടി രൂപയ്ക്കാണ് നിതീഷിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. നിതീഷിനെ സ്വന്തമാക്കാൻ മറ്റ് ഫ്രാഞ്ചൈസികൾ 15 ലക്ഷം രൂപ വരെ ഓഫർ ചെയ്തിരുന്നു എന്ന് പിതാവ് പറയുന്നു. എന്നാൽ തന്നെ താനാക്കി മാറ്റിയ ഫ്രാഞ്ചൈസിക്കൊപ്പം നിൽക്കാൻ ആണ് നിതീഷ് തീരുമാനിച്ചത്. ഏതാനും മത്സരത്തിൽ മോശം പ്രകടനം വന്നാലും ഹൈദരാബാദ് തന്നിലുള്ള വിശ്വാസം കളിയില്ലെന്ന് അവൻ വിശ്വസിക്കുന്നു. അവന്റെ ആ വിശ്വാസത്തെയാണ് ഞാനും പിന്തുണയ്ക്കുന്നത്, നിതീഷിന്റെ പിതാവ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us