/indian-express-malayalam/media/media_files/BgBhui1OyIa2aOuPb5Rp.jpg)
വയനാട് ഉരുൾപൊട്ടൽ; അതിതീവ്ര ദുരന്തമെന്ന് കേന്ദ്രം
ന്യൂഡൽഹി: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്രദുരന്തമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. വയനാട് ദുരന്തത്തെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മന്ത്രിസഭാ സമിതി ഈ വിലയിരുത്തലാണ് നടത്തിയതെന്ന് കാണിച്ച് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കത്തയച്ചു.
ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായത്. അന്ന് മുതൽ തന്നെ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോൾ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി പിന്നീട് കേരളത്തിന്റെ ആവശ്യം.
മന്ത്രിസഭാ സമിതി ഈ വിലയിരുത്തൽ തന്നെയാണ് നടത്തിയതെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന റവന്യൂ സെക്രട്ടറിക്കാണ് കത്തയച്ചത്. പാർലമെന്റിൽ എംപിമാർക്ക് നൽകിയ മറുപടിയിലും കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി പ്രത്യേക ധനസഹായം അനുവദിക്കണമെന്നും സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ട് വരികയാണ്. എന്നാൽ കത്തിൽ പ്രത്യേക ധനസഹായത്തിൽ ഇപ്പോഴും പ്രഖ്യാപനമില്ല. ദുരന്തത്തെ നേരിടാൻ ഇതിനോടകം തന്നെ എസ്ഡിആർഎഫിലേക്ക് മതിയായ പണം കൈമാറിയിട്ടുണ്ട്. പണം ചെലവഴിക്കേണ്ടത് സംസ്ഥാന ദുരന്തനിവാരണനിധിയിൽ നിന്നാണെന്നും കത്തിൽ പറയുന്നു. ഇനി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ കത്തിൽ ഒരു വ്യക്തതയില്ല.
കേന്ദ്ര സഹായമില്ലെങ്കിലും ദുരന്തബാധിതരെ പുനരധിവസിപ്പിക്കും- മുഖ്യമന്ത്രി
വയനാട് ഉരുൾപൊട്ടലിൽ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ കണക്കുകൾ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകിയെന്നും ചൂണ്ടിക്കാട്ടി.
ബിജെപിയെ കേരളം അംഗീകരിക്കാത്തതാണ് പകയ്ക്ക് കാരണം. കേന്ദ്രം സഹായം നൽകിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗൺഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More
- നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റ് അനുമതി നൽകി
- സ്കോട്ട്ലൻഡ് നദിയിൽ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം;മരിച്ചത് 22 കാരി
- യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
- വിമാനം റഷ്യ വെടിവെച്ചിട്ടതെന്ന് അസർബൈജാൻ;ക്ഷമാപണം നടത്തണമെന്ന് ആവശ്യം
- ഒരു വർഷം: ഏഴ് അപകടങ്ങൾ; 2024 വ്യോമയാന അപകടങ്ങളുടെ വർഷം
- ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് അപകടം; 179 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.