/indian-express-malayalam/media/media_files/sOTSRQFOcD64rj13AfWl.jpg)
പ്രതീകാത്മക ചിത്രം
വ്യോമയാന മേഖലയിൽ നിരവധി അപകടങ്ങൾ സംഭവിച്ച വർഷമാണ് കടന്നു പോകുന്നത്. ഒരുപക്ഷെ ഇത്രയധികം വിമാന അപകടങ്ങൾ ഉണ്ടായിട്ടുള്ള വർഷം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 181 പേരുമായി യാത്ര ചെയ്ത വിമാനം തകർന്ന് 179 പേർ കൊല്ലപ്പെട്ടതാണ് ഒടുവിലായി റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ അപകടം.
അസർബൈജാൻ എയർലൈൻസ് വിമാനാപകടം ലോകത്തെ നടുക്കിയ മറ്റൊരു വലിയ ദുരന്തമായിരുന്നു. 2024ൽ സംഭവിച്ച പ്രധാന വിമാന അപകടങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
ജെജു എയർലൈൻസ് അപകടം
ഡിസംബർ 29 ന് ബാങ്കോക്കിൽ നിന്ന് 181 പേരുമായി പുറപ്പെട്ട ജെജു എയർലൈൻസ് ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ശ്രമത്തിനിടെ റൺവേയിൽ നിന്ന് തെന്നിമാറി മതിലിൽ ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. ലാൻഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തിൽ 179 പേർ മരിച്ചു.
BREAKING: Video shows crash of Jeju Air Flight 2216 in South Korea. 181 people on board pic.twitter.com/9rQUC0Yxt8
— BNO News (@BNONews) December 29, 2024
യാത്രക്കാരിൽ 173 ദക്ഷിണ കൊറിയക്കാരും രണ്ട് തായ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്. ലാൻഡിങ് ഗിയർ തുറക്കാതെ വിമാനം ലാൻഡ് ചെയ്യുന്നതും ഒടുവിൽ പൊട്ടിത്തെറിക്കുന്നതും അപകട ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ രണ്ട് പേർ മാത്രമാണ് രക്ഷപെട്ടതെന്ന് സ്ഥിരീകരിച്ചു. പിൻ ഭാഗമൊഴികെ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം കത്തിയമർന്നു.
പിഎഎൽ എയർലൈൻസ് എയർ കാനഡ വിമാനാപകടം
ഡിസംബർ 29 ന് കാനഡയിലെ ഹാലിഫാക്സ് വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന് തീപിടുത്തം. റൺവേയിലേക്ക് പറന്നിറങ്ങിയ വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകർന്നതായിരുന്നു അപകടകാരണം. തകർന്ന ലാൻഡിങ് ഗിയർ റൺവേയിൽ തൊട്ടതോടെ തീപിടിക്കുകയായിരുന്നു. ജെജു എയർ വിമാനം 2216 വിമാനത്തിന് തീപിടിച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തില്ല.
അസർബൈജാൻ എയർലൈൻസ് വിമാനാപകടം
2024 ഡിസംബർ 25-ന് റഷ്യയിൽ ഇറങ്ങേണ്ടിയിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാനിൽ ക്രാഷ്-ലാൻഡ് ചെയ്തതിനെ തുടർന്ന് 38 പേർ മരിച്ചു. അക്തൗവിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് വിമാനം തകർന്നത്. സംഭവത്തിൽ അസെർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനോട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മാപ്പ് പറഞ്ഞു.
JUST IN:- The man in this video survived the Azerbaijan Airlines Flight 8243 Airplane crash. “His currently being treated with a wound on his face” - Wife claims pic.twitter.com/9O5Sh68qlZ
— GlobalMediaTv (@global_mediatv) December 26, 2024
റഷ്യൻ വ്യോമമേഖലയിൽ വച്ച് അപകടം നടന്നതിലാണ് അസർബൈജാനോട് പുടിൻ ക്ഷമ ചോദിച്ചത്. വിമാനാപകടത്തിന് പിന്നിൽ റഷ്യൻ വിമാന വിരുദ്ധ സംവിധാനമാണെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ജപ്പാൻ എയർലൈൻസ് അപകടം
ജനുവരി രണ്ടാം തീയതി ടോക്കിയോയിലെ ഹനേഡ എയർപോർട്ടിലെ റൺവേയിൽ ഒരു ജപ്പാൻ എയർലൈൻസ് യാത്രാവിമാനം ജാപ്പനീസ് കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ച് തീപിടിച്ചു. ജപ്പാൻ എയർലൈൻസ് വിമാനത്തിലെ 379 യാത്രക്കാരും ജീവനക്കാരും തീപിടിത്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ കോസ്റ്റ് ഗാർഡ് വിമാനത്തിലെ അഞ്ച് പേർ മരിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രാവിമാനം കത്തി അമർന്നെങ്കിലും മുഴുവൻ യാത്രക്കരെയും പുറത്ത് എത്തിക്കാനായി.
അലാസ്‌ക എയർലൈൻസ് അപകടം
ജനുവരി ആറാം തീയതി പോർട്‌ലാൻഡിൽ നിന്ന് കാലിഫോർണിയയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിന്റെ എമർജൻസി വാതിൽ അടർന്നു വീണു. വിമാനം അടിയന്തരമായി നിലത്തിറക്കിയതോടെ വൻ ദുരന്തം ഒഴിവായി. ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങൾക്ക് ശേഷം വിമാനത്തിന്റെ ഒരു ജനൽ ഉൾപ്പടെയുള്ള ഫ്യൂസ്ലേജിന്റെ ഒരു ഭാഗം അടർന്നു പോവുകയായിരുന്നു. 177 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്നും ലാൻഡിങ് സുരക്ഷിതമായി നടത്തിയെന്നും അധികൃതർ പറഞ്ഞു.
റഷ്യൻ സൈനിക വിമാന അപകടം
ജനുവരി 24-ന് ഉക്രേനിയൻ യുദ്ധത്തടവുകാരെ കൊണ്ടുപോകുകയായിരുന്ന റഷ്യൻ സൈനിക വിമാനം ബെൽഗൊറോഡിന് സമീപം ഉക്രേനിയൻ മിസൈൽ വെടിവച്ചു വീഴ്ത്തി. ആറ് ജീവനക്കാരും 65 ഉക്രേനിയൻ സൈനികരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 74 പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു.
സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴി അപകടം
മെയ് 21ന് സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുപ്പതിലധികം പേർക്ക് പരക്കേറ്റു. സിംഗപ്പൂർ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തെ തുടർന്ന് വിമാനം ബാങ്കോക്കിൽ അടിയന്തിര ലാൻഡിങ് നടത്തി. ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന വിമാനമാണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.