/indian-express-malayalam/media/media_files/2024/12/29/clD7kNQKcJ9Nfl8KzJE9.jpg)
വിമാനം റഷ്യ വെടിവെച്ചിട്ടതെന്ന് അസർബൈജാൻ
ന്യൂഡൽഹി: കസാക്കിസ്ഥാനിൽ തകർന്ന വിമാനം റഷ്യ വെടിവെച്ചിട്ടതാണെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്. അസർബൈജാൻ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രസിഡന്റ് അലിയേവ് സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുകയും അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരണങ്ങൾ പ്രചരിപ്പിച്ച് സത്യത്തെ വളച്ചൊടിക്കാൻ റഷ്യയിലെ 'ചില സർക്കിളുകൾ' നടത്തുന്ന ശ്രമങ്ങളെ വിമർശിക്കുകയും ചെയ്തു.
വിമാന അപകടത്തിൽ റഷ്യ കുറ്റം സമ്മതിക്കുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസർബൈജാനോട് ക്ഷമാപണം നടത്തണം. പരുക്കേറ്റ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും പ്രസിഡന്റ് അലിയേവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അപകടത്തിന് പിന്നാലെ പുടിൻ അലിയേവിനോട് മാപ്പ് പറയുകയും ദാരുണമായ സംഭവമെന്ന് പറയുകയും ചെയ്തിരുന്നു. വിമാനം കാസ്പിയൻ കടലിനു കുറുകെ കസാക്കിസ്ഥാനിലേക്ക് തിരിച്ചുവിടുന്നതിന് മുമ്പ് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിൽനിന്ന് വെടിയേറ്റതായാണ് നിഗമനം.
67 യാത്രക്കാരുമായി അസർബയ്ജാന്റെ തലസ്ഥാനമായ ബാക്കുവിൽനിന്ന് റഷ്യൻ റിപ്പബ്ലിക്കായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്നിയിലേക്ക് ബുധനാഴ്ച യാത്രതിരിച്ച എംബ്രയർ 190 വിമാനമാണ് തകർന്നത്. കസാക്കിസ്ഥാനിലെ അക്താവുവിനടുത്താണ് ദുരന്തമുണ്ടായത്. ഗ്രോസ്നിയിൽ എത്തുംമുമ്പ് കസാക്കിസ്ഥാനിലേക്ക് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. യുക്രെയ്ൻ ആക്രമണവും മൂടൽമഞ്ഞും കാരണമാണ് അക്താവുവിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിച്ചതെന്ന് റഷ്യൻ വ്യോമയാന ഏജൻസി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.