/indian-express-malayalam/media/media_files/AD4zmHoISFnGRiHgnYho.jpg)
ധർമ്മേന്ദ്ര പ്രധാനെ മുൻനിർത്തിയായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നീറ്റ് ചോദ്യപേപ്പർ ചോർച്ചയുയർത്തി ബിജെപിയേയും കേന്ദ്ര സർക്കാരിനേയും രൂക്ഷമായി വിമർശിച്ചത്
ഡൽഹി: ബജറ്റ് സമ്മേളനത്തിൽ നീറ്റ് പരീക്ഷാ വിവാദം ഉയർത്തി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മുൻനിർത്തിയായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നീറ്റ് ചോദ്യപേപ്പർ ചോർച്ചയുയർത്തി ബിജെപിയേയും കേന്ദ്ര സർക്കാരിനേയും രൂക്ഷമായി വിമർശിച്ചത്. വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന് മാത്രമല്ല മറിച്ച് കൂട്ടായ ഉത്തരവാദിത്വമാണ് ഉള്ളതെന്നും രാഹുൽ പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിലെ ചോദ്യോത്തര വേളയിലായിരുന്നു നീറ്റ് വിവാദം സംബന്ധിച്ച ഭരണ-പ്രതിപക്ഷ വാക്പോര്.
ചോദ്യ പേപ്പർ ചോർച്ചാ വിഷയത്തിൽ കോൺഗ്രസ് എംപി മാണിക്കം ടാഗോറും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും വിമർശനം ഉന്നയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 70 ചോദ്യ പേപ്പർ ചോർച്ചകൾ നടന്നുവെന്ന മാണിക്കം ടാഗോറിന്റെ അവകാശവാദത്തെ എതിർത്ത ധർമ്മേന്ദ്ര പ്രധാൻ, ഇതിന് തെളിവില്ലെന്ന് സഭയിൽ വ്യക്തമാക്കി.
“കേസുകൾ ഇപ്പോഴുമുണ്ട്... ബഹുമാനപ്പെട്ട സുപ്രീം കോടതി കേൾക്കുകയും എല്ലാ കാര്യങ്ങളും (തെളിവുകൾ) പുറത്തു വരികയും ചെയ്തു, എല്ലാ ചോദ്യങ്ങളും സുപ്രീം കോടതിയുടെ മുമ്പിൽ വെച്ചിരിക്കുന്നു. ബഹുമാനപ്പെട്ട സിജെഐ (ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ) ബെഞ്ചിൽ അധ്യക്ഷനാണ്, ”വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എൻടിഎ സ്ഥാപിതമായതിന് ശേഷം 240-ലധികം പരീക്ഷകൾ നടത്തിയിട്ടുണ്ട്. നാല് കോടിയിലധികം വിദ്യാർത്ഥികളാണ് പരീക്ഷകളിൽ പങ്കെടുത്തതെന്ന് തനിക്ക് പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയാൻ കഴിയുമെന്നും പ്രധാൻ കൂട്ടിച്ചേർത്തു.
ചോദ്യ പേപ്പർ ചോർച്ച കാരണം എൻടിഎയുടെ വിശ്വാസ്യത തകർന്നെന്നും 24 ലക്ഷം വിദ്യാർത്ഥികളെ വിഷയം പ്രതികൂലമായി ബാധിച്ചെന്നും മാണിക്കം ടാഗോർ പറഞ്ഞു. “അസാധാരണങ്ങളായ ക്രമക്കേടുകളുടെ ചില വിവരങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടുണ്ട്, 4,700 കേന്ദ്രങ്ങളിൽ പട്നയിലെ ഒരു കേന്ദ്രത്തിൽ മാത്രമാണ് അപാകത കാണുന്നത്. ബിഹാർ പോലീസും സി.ബി.ഐ.യും ഇക്കാര്യം സജീവമായി തന്നെ അന്വേഷിക്കുന്നുണ്ട്,” വിദ്യാഭ്യാസ മന്ത്രി മറുപടിയായി പറഞ്ഞു.
നമ്മുടെ പരീക്ഷാ സമ്പ്രദായത്തിൽ വളരെ ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ ഇതിലൂടെ വ്യക്തമായിട്ടുണ്ട്. ഇത് നീറ്റിന്റെ മാത്രമല്ല മറ്റ് പ്രധാന പരീക്ഷകളുടെയും വിശ്വാസ്യത സംബന്ധിച്ചുയർന്നിരിക്കുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ ഇവിടെ നടക്കുന്നതിന്റെ ഗൗരവ സ്വഭാവം മന്ത്രിക്ക് മനസ്സിലായെന്ന് ഞാൻ കരുതുന്നില്ല. വിദ്യാർത്ഥികൾ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ അങ്ങേയറ്റം ആശങ്കാകുലരാണ്. ഇന്ത്യൻ പരീക്ഷാ സമ്പ്രദായം ഒരു തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഈ രാജ്യത്ത് ഉണ്ടെന്നതാണ് യഥാർത്ഥ വിഷയമെന്നും രാഹുൽ വിമർശിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.