/indian-express-malayalam/media/media_files/2025/05/08/WIN4ukJoNx8Dd3ZLko7U.jpg)
ഇന്ത്യ ഇല്ലാതാക്കിയ ഭീകരക്യാമ്പുകൾ ഏതൊക്കെ ?
Operation Sindoor, Indian Army Strike on Pakistan:ന്യൂഡൽഹി: കേവലം, ഇരുപത്തിയഞ്ച് മിനിറ്റിനുള്ളിൽ ഇരുത്തിയഞ്ച് മിസൈലുകൾ ഉപയോഗിച്ച് ഒൻപത് ഭീകര ക്യാമ്പുകളാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം നിർവീര്യമാക്കിയത്. പതിറ്റാണ്ടുകളായി ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ തീവ്രവാദ സംഘടകളുടെ സുപ്രധാനമായ പരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്. ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ ഒൻപത് ഭീകരക്യാമ്പുകൾ ഏതൊക്കെ, അവയുടെ പ്രത്യേകതകൾ എന്തൊക്കെ പരിശോധിക്കാം
മസ്ജിജ് വാ മർകസ് തൈബ
ലഷ്‌കർ-ഇ-തൊയ്‌ബെയുടെ ആസ്ഥാനമാണ് മസ്ജിദ് വാ മർകസ് തൈബ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിനടുത്തുള്ള മുരിദ്കെ എന്ന പട്ടണത്തിലാണ് മസ്ജിദ് വാ മർകസ് തൈബ സ്ഥിതി ചെയ്യുന്നത്. . പാകിസ്ഥാന്റെ 'ഭീകര നഴ്‌സറി' എന്നറിയപ്പെടുന്ന 82 ഏക്കർ വിസ്തൃതിയുള്ള ഈ വിശാലമായ സമുച്ചയം, ഇന്ത്യൻ മണ്ണിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സുഗമമാക്കുന്നതിലും ഉള്ള പങ്കിന്റെ പേരിൽ വളരെക്കാലമായി ഇന്ത്യൻ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. 2000-ലാണ് മസ്ജിദ് വാ മർകസ് തൈബ സ്ഥാപിക്കപ്പെടുന്നത്.
അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ ഇതിന്റെ നിർമാണത്തിന് ഒരുകോടി രൂപ സംഭാവന നൽകിയെന്നും ആരോപണമുണ്ടായിരുന്നു. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് മസ്ജിദ് വാ മർകസ് തൈബ.
2008 ലെ മുംബൈ ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനാണ് മർകസ് ഉപയോഗിച്ചിരുന്നത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ മാർഗനിർദേശപ്രകാരം ഇന്റലിജൻസ് പരിശീലനം നേടിയ അജ്മൽ കസബ് ഉൾപ്പെടെയുള്ളവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
സവായ്‌നാല ക്യാമ്പ്
പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിലാണ് സവായ്‌നാല ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ അതിർത്തിയിൽ നിന്ന് കേവലം 30 കിലോമീറ്റർ മാത്രം അകലെയാണ് ഈ ഭീകരവാദികളുടെ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പാക്ക് അധിനിവേശ കശ്മീരിൽ ലഷ്‌കർ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണിത്.
കഴിഞ്ഞ ഒക്ടോബറിൽ സോൻമാർഗിലും ഗുൽമാർഗിലും ഏപ്രിൽ 22 ന് പഹൽഗാമിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിലെ തീവ്രവാദികൾ ഇവിടെ പരിശീലനം നേടിയതായി സൈന്യം ബുധനാഴ്ച പറഞ്ഞു. 1990-കളിലാണ് ഈ ഭീകരവാദ പരിശീലനകേന്ദ്രം തുറക്കുന്നത്.
സയ്യിദ്ന ബിലാൽ ക്യാമ്പ്
പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് ഈ ക്യാമ്പും സ്ഥിതി ചെയ്തിരുന്നത്. ജെയ്ഷെ-ഇ-മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രമായ ഈ ക്യാമ്പ് 2000ത്തിലാണ് സ്ഥാപിതമായത്. കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് തീവ്രവാദികളുടെ ഫോണുകളിൽ നിന്ന് ലഭിച്ച ഫോട്ടോകൾ സൂചിപ്പിക്കുന്നത് പാകിസ്ഥാൻ പ്രത്യേക സേനയായ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് ഈ ക്യാമ്പിൽ തീവ്രവാദികൾക്ക് പരിശീലനം നൽകിയെന്നാണ്.
ബർണാല ക്യാമ്പ്
നിയന്ത്രണരേഖയിൽ നിന്ന് കേവലം ഒൻപത് കിലോമീറ്റർ മാത്രം അകലെയുള്ള ഈ ക്യാമ്പ് നുഴഞ്ഞുകയറ്റക്കാർക്കുള്ള ലോഞ്ച്പാഡ് എന്നാണ് അറിയപ്പെടുന്നത്. 1990കളിലാണ് ഈ ക്യാമ്പ് സ്ഥാപിച്ചത്.
അബ്ബാസ് ക്യാമ്പ്
പാക് അധിനിവേശ കശ്മീരിലെ നിയന്ത്രണ രേഖയിൽ നിന്ന് 13 കിലോമീറ്റർ അകലെയും കോട്ലി സൈനിക ക്യാമ്പിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുമാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ജെയ്ഷെ മുഹമ്മദിനായി ചാവേറുകളെ റിക്രൂട്ട് ചെയ്യുന്നത് ഈ ക്യാമ്പിലാണ്. 1990കളിലാണ് ഈ ക്യാമ്പ് സ്ഥാപിതമായത്.
സർജാൽ ക്യാമ്പ്
പാക്കിസ്ഥാൻ പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം നരോവലിലാണ് പ്രത്യേക ഭീകര പരിശീലനത്തിനുള്ള ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. 2025 മാർച്ചിൽ ജമ്മുവിലെ കത്വയിൽ നാല് ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ തീവ്രവാദികൾക്ക് ഇവിടെ പരിശീലനം ലഭിച്ചതായി സൈന്യം പറഞ്ഞു.
സിയാൽകോട്ടിനടുത്തുള്ള സർജാൽ ഗ്രാമത്തിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പ് 1990 കളുടെ അവസാനത്തിലാണ് സ്ഥാപിതമായത്. പഞ്ചാബിനും ഇന്ത്യാ അതിർത്തിക്കും സമീപമുള്ളതിനാൽ നുഴഞ്ഞുകയറ്റത്തിനും ഈ ക്യാമ്പ് ഉപയോഗിക്കുന്നു
മെഹ്മോണ ജോയ ക്യാമ്പ്
പഞ്ചാബ്, ജമ്മു വഴി നുഴഞ്ഞുകയറുന്ന തീവ്രവാദികൾക്കുള്ള പ്രാരംഭ ഇൻഡക്ഷൻ സെന്ററാണ് ഈ ക്യാമ്പ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടയിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. 2000ത്തിന്റെ തുടക്കത്തിൽ ലഷ്‌കർ ഇ തൊയ്ബയും അനുബന്ധ ഗ്രൂപ്പുകളും തങ്ങളുടെ പരിശീലന ക്യാമ്പുകളുടെ ശൃംഖല വികസിപ്പിക്കുന്ന സമയത്താണ് ഈ ക്യാമ്പ് ഉയർന്നുവന്നത്.
ഗുൽപൂർ ക്യാമ്പ്
രജൗരി, പൂഞ്ച് ജില്ലകളിൽ സജീവമായ ലഷ്‌കർ യൂണിറ്റുകളുടെ താവളമായിരുന്നു ഗുൽപൂർ ക്യാമ്പ്. പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ക്യാമ്പ സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിൽ 20 ന് പൂഞ്ചിൽ നടന്ന ആക്രമണത്തിലും 2024 ജൂൺ 9 ന് തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിലും ഉൾപ്പെട്ട തീവ്രവാദികൾക്ക് ഇവിടെ പരിശീലനം നൽകിയിരുന്നുവെന്ന് സൈന്യം പറഞ്ഞു.1990-കളിലാണ് ക്യാമ്പ് സ്ഥാപിച്ചത്.
മർകസ് സുബ്ഹാനല്ല
ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനമാണ് മർകസ് സുബ്ഹാനല്ല. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിലാണ് ഭീകരതാവളം പ്രവർത്തിക്കുന്നത്. പാക് സൈനിക കേന്ദ്രത്തിൽ നിന്ന് നൂറ് കിലോമീറ്റ അകലെയാണ് ഈ സ്ഥാപനം.
Read More
- ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു, പാക്ക് വ്യോമപാത ഉപേക്ഷിച്ച് വിമാനങ്ങൾ
- അതിർത്തിയിൽ പാക് ഷെല്ലാക്രമണം രൂക്ഷം; ഒരു സൈനികന് വീരമൃത്യു
- ഓപ്പറേഷൻ സിന്ദൂർ; കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് കാര്യങ്ങൾ എന്തൊക്കെ?
- ഇന്ത്യയ്ക്കൊപ്പമെന്ന് ഇസ്രായേൽ, ആശങ്ക അറിയിച്ച് യുഎൻ; ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരണവുമായി ലോകനേതാക്കൾ
- ലഷ്കറിന്റെ ആസ്ഥാനം മുതൽ ജെയ്ഷ്-ഇ- മുഹമ്മദിന്റെ ശക്തികേന്ദ്രം വരെ; പിഴവുകളില്ലാതെ ഓപ്പറേഷൻ സിന്ദൂർ
- പഞ്ചാബിൽ വ്യോമസേനാ താവളത്തിന് സമീപം അജ്ഞാത വിമാനം തകർന്നുവീണു; ഒരു മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.