/indian-express-malayalam/media/media_files/2025/01/02/UbIyzD1Dcx1btlT4Cm8j.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ ടിഡിപി നേതാവും ആന്ധാപ്രദേശ് മുഖ്യമന്ത്രിയുമായി എൻ ചന്ദ്രബാബു നായിഡു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയാണ് രാജ്യത്ത് ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രി. സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സമാഹരിച്ച കണക്കുകൾ പ്രകാരമുള്ള സ്വത്തു വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
932 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്. 15.38 ലക്ഷം രൂപ ആസ്തിയുള്ള മമതയേക്കാൾ ആറായിരം മടങ്ങ് അധികമാണ് നായിഡുവിന്റെ ആസ്തി. രാജ്യത്തെ സമ്പന്നരായ 10 മുഖ്യമന്ത്രിമാരിൽ അഞ്ചു പേർ പ്രാദേശിക പാർട്ടികളിൽ നിന്നും മൂന്നു പേർ ബിജെപിയിൽ നിന്നും രണ്ടു മുഖ്യമന്ത്രിമാർ കോൺഗ്രസിൽ നിന്നുമുള്ളവരാണ്.
ഏറ്റവും കുറവ് ആസ്തിയുള്ള അഞ്ചു മുഖ്യമന്ത്രിമാരിൽ നാലു പേർ ഇന്ത്യ സഖ്യത്തിൽ നിന്നാണ്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി, 31 മുഖ്യമന്ത്രിമാരിൽ രണ്ടുപേരൊഴികെ മറ്റെല്ലാവരും കോടീശ്വരന്മാരാണ്.
നാല് മുഖ്യമന്ത്രിമാർ വരുമാനമില്ലാത്തവരായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും സമ്പന്നരായ മുഖ്യമന്ത്രിമാരിൽ രണ്ടാം സ്ഥാനത്തുള്ള അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും വരുമാനം പൂജ്യമായി പ്രഖ്യാപിച്ചവരിലുണ്ട്. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ, സിക്കിം മുഖ്യമന്ത്രി പിഎസ് തമാങ്, മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ എന്നിവരാണ് വരുമാനമില്ലാത്ത മറ്റു മുഖ്യമന്ത്രിമാർ.
31 മുഖ്യമന്ത്രിമാരിൽ ഒമ്പത് പേർ മാത്രമാണ് സത്യവാങ്മൂലത്തിൽ, തൊഴിൽ വരുമാന സ്രോതസ്സായി രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ള 22 പേരും രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളാണ് വരുമാന സ്രോതസ്സായി രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ആകെ ആസ്തി 332 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആസ്തി 51 കോടി രൂപയാണ്.
ഏറ്റവും കുറവ് ആസ്‌തിയുള്ളവരിൽ മൂന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 1.19 കോടി രൂപയാണ് പിണറായി വിജയന്റെ മോത്തം ആസ്തി. കേരളത്തിലെ 51.6 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയാണ് പിണറായി വിജയന്റെ ഏറ്റവും വിലയേറിയ സ്വത്ത്. 35.35 ലക്ഷം രൂപയുടെ വീടും, 22.21 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും 3.31 ലക്ഷം രൂപയുടെ ബോണ്ടുകളും ഓഹരികളും, 3.3 ലക്ഷം രൂപയുടെ സ്വർണവും 2.89 ലക്ഷം രൂപയുടെ പോസ്റ്റൽ സേവിങ്സുമാണ് പിണറായി വിജയനുള്ളത്. ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയാണ് ഏറ്റവും കുറവ് ആസ്‌തിയുള്ളവരിൽ രണ്ടാം സ്ഥാനത്ത് 55.24 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
Read More
- കന്യാകുമാരിയിലേക്കാണോ യാത്ര? ഗ്ലാസ് ബ്രിഡ്ജ് കാണാതെ മടങ്ങരുത്
- ആൾക്കൂട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി 10 മരണം; നിരവധി പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് മേയർ
- പുതുവർഷ ദിനത്തിൽ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്
- മൻമോഹൻ സിങ്ങിന് ഭാരതരത്നം; വിവാദങ്ങൾ മുറുകുന്നു
- മണിപ്പൂർ കലാപം; പുതുവർഷത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.