/indian-express-malayalam/media/media_files/y4f1WqV4fsCjDHruLMdy.jpg)
എക്സ്‌പ്രസ് ഫൊട്ടോ
പൂനെ: പൂനെയിൽ പോർഷെ കാറിടിച്ച് രണ്ട് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർ മരിച്ച സംഭവത്തിൽ, അമിതവേഗത്തിൽ കാറോടിച്ച കൗമാരക്കാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. സുരേന്ദ്ര കുമാര്‍ അഗർവാൾ എന്നയാളെയാണ് പൂനെ സിറ്റി പൊലിസ് കസ്റ്റഡിയിലെടുത്തത്. കുടുംബ ഡ്രൈവറുടെ മഴിയുടെ അടിസ്ഥാനത്തിൽ, തട്ടിക്കൊണ്ടുപോകലിനും അന്യായമായി തടങ്കലിൽ പാർപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
പൂനെ സിറ്റി പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ അറസ്റ്റ് സ്ഥിരീകരിച്ചു. 42 കാരനായ ഡ്രൈവർ പൊലിസ് സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, കൗമാരക്കാരന്റെ മുത്തച്ഛൻ നിർബ്ബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് ബംഗ്ലാവിലേക്ക് കൊണ്ടുപോകുകയും, മൊബൈൽ ഫോൺ തട്ടിയെടുക്കുകയും തടവിലിടുകയും ചെയ്തുവെന്നാണ് യെരവാഡ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിലെ വിവരം.
കൗമാരക്കാരന്റെ പിതാവും മുത്തച്ഛനും തന്നോട് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിർബ്ബന്ധിച്ചതായി ഡ്രൈവർ പൊലീസിൽ മൊഴി നൽകി. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 17 കാരന്റെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
മെയ് 19ന് കല്യാണി നഗർ ജംഗ്ഷനിൽ വച്ചാണ് അമിത വേഗതയിൽ എത്തിയ പോർഷെ കാർ മോട്ടോർ സൈക്കിളിൽ ഇടിച്ച് രണ്ട് ഐടി എഞ്ചിനീയർമാർ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട മൂന്നാമത്തെ എഫ്ഐആർ ആണ് ശനിയാഴ്ച രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആദ്യം ജാമ്യം അനുവദിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ, പൊലീസിൻ്റെ അഭ്യർത്ഥന പ്രകാരം ജൂൺ 5 വരെ ഒബ്സർവേഷൻ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.
അപകടസമയത്ത് വാഹനം ഓടിച്ചുരുന്നത് കൗമാരക്കാരല്ലെന്ന് വരുത്തി തീർക്കാൻ പിതാവും മുത്തച്ഛനും ശ്രമം നടത്തിയിരുന്നതായി കമ്മീഷണർ അമിതേഷ് കുമാർ അറിയിച്ചു. ഇതോടെ തെളിവു നശിപ്പിക്കൽ നിയമത്തിലെ 201-ാം വകുപ്പും ചുമത്തുമെന്ന് കമ്മീഷണർ വ്യക്തമാക്കി.
മദ്യപിക്കുന്നുണ്ടെന്നും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിഞ്ഞിട്ടും നമ്പർ പ്ലേറ്റില്ലാത്ത കാറും പണവും നൽകിയതിന് കൗമാരക്കാരന്റെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൂടാതെ പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം വിളമ്പിയ രണ്ട് റെസ്റ്റോറൻ്റുകളിലെ അഞ്ച് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 77 വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ (എംവിഎ) വകുപ്പുകളും പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തതിരിക്കുന്നത്. പോർഷെ കാറിൻ്റെ രജിസ്ട്രേഷനായി പൂനെ ആർടിഒയിൽ 1,759 രൂപ ഫീസ് നൽകാതെ സർക്കാരിനെ വഞ്ചിച്ചെന്നാരോപിച്ച് കൗമാരക്കാരന്റെ പിതാവിനെതിരെ ഐപിസി സെക്ഷൻ 420 പ്രകാരവും കേസെടുത്തിട്ടുണ്ട്.
കേസിൽ എംവിഎയുടെ സെക്ഷൻ 5/180, മഹാരാഷ്ട്ര നിരോധന നിയമത്തിലെ സെക്ഷൻ 65 (ഇ) എന്നിവയും പൊലീസ് എടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെയും രണ്ട് റെസ്റ്റോറൻ്റുകളിലെ അഞ്ച് ജീവനക്കാരെയും പ്രത്യേക കോടതി ജൂൺ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അപകടത്തിൽ മധ്യപ്രദേശ് ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവരാണ് മരണപ്പെട്ടത്.
Read More
- ലോക്സഭ തിരഞ്ഞെടുപ്പ് ആറാം ഘട്ടം; 58 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
- കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ഫ്ലാറ്റിലെത്തിച്ചത് ഒരു സ്ത്രീ; മൃതദേഹം കശാപ്പുകാരൻ വെട്ടിനുറുക്കി; സൂത്രധാരൻ മറ്റൊരാൾ
- 'നുണയന്മാരുടെ രാജാവ്'; പ്രധാനമന്ത്രിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
- 'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്‍നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.