/indian-express-malayalam/media/media_files/z9jldUfSROYLjI3lGC57.jpg)
ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയുടെ പ്രതിനിധി അൻവറുൾ അസിമാണ് ബംഗാളിൽ കൊല്ലപ്പെട്ടത്
കൊൽക്കത്ത: ബംഗ്ലാദേശ് പാർലമെന്റ് അംഗമായ അൻവറുൾ അസിമിനെ കൊൽക്കത്തയിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഒരു സ്ത്രീയെ ഉപയോഗിച്ച് പ്രലോഭിപ്പിച്ചാണ് കൊലപാതകികൾ അദ്ദേഹത്തെ ന്യൂ ടൗൺ ഏരിയയിലെ വാടക ഫ്ലാറ്റിലേക്ക് എത്തിച്ചതെന്നും, ഒരു കശാപ്പുകാരൻ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി കളഞ്ഞുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയുടെ പ്രതിനിധിയാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. മൂന്ന് തവണ എംപിയായിരുന്ന അസിമിൻ്റെ കൊലപാതകത്തിൽ അവരുടെ കണ്ടെത്തലുകൾ ശേഖരിക്കാൻ ധാക്ക മെട്രോപൊളിറ്റൻ പൊലീസിൻ്റെ ഒരു സംഘം കൊൽക്കത്ത സന്ദർശിക്കാനിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സിഐഡി സംഘം ഉടൻ ബംഗ്ലാദേശും സന്ദർശിക്കും.
അൻവറുൾ അസിമിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒരു കശാപ്പുകാരൻ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി കളഞ്ഞുവെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ബംഗ്ലാദേശി എം.പിയുടെ ശരീരഭാഗങ്ങൾ ഇനിയും കണ്ടെടുക്കാനായിട്ടില്ല.
അസിമിൻ്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ മുഹമ്മദ് അക്തറുസ്സമാൻ ആണ് കൊലപാതകത്തിൻ്റെ സൂത്രധാരനെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പശ്ചിമ ബംഗാളിലും ധാക്കയിലും പൊലീസ് നടത്തിയ സമാന്തര അന്വേഷണത്തെ തുടർന്ന് നാല് പേരാണ് അറസ്റ്റിലായത്. മറ്റു രണ്ട് പേർക്കൊപ്പം ഒരു സ്ത്രീയേയും ഇറച്ചിക്കടക്കാരനേയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ബംഗ്ലാദേശ് വംശജനായ യുഎസ് പൗരനായ അക്തറുസ്സമാൻ, ന്യൂ ടൗണിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കൊലപാതകം നടത്താൻ പദ്ധതിയിടുകയായിരുന്നു. ഇയാൾ പിന്നീട് സിലാസ്തി റഹ്മാൻ, കശാപ്പുകാരൻ, മറ്റു രണ്ട് പേർ എന്നിവരെ വാടകയ്ക്ക് എടുത്തിരുന്നു. ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശി എം.പി അസിം മെയ് 13ന് ഫ്ലാറ്റിൽ കൊല്ലപ്പെട്ടതിന് ശേഷം അക്തറുസ്സമാൻ ഇന്ത്യ വിട്ടതായാണ് സംശയികുന്നത്. ബുധനാഴ്ച ബംഗ്ലാദേശിൽ ഒരു യുവതിയെയും മറ്റു രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു.
Read More
- 'നുണയന്മാരുടെ രാജാവ്'; പ്രധാനമന്ത്രിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
- 'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.