/indian-express-malayalam/media/media_files/2025/04/22/Yw6TkI6rWQcbSdOgljt2.jpg)
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരം ശനിയാഴ്ച (ഫൊട്ടൊ കടപ്പാട്-എക്സ്-വത്തിക്കാൻ ന്യൂസ്)
Pope Francis Funeral Updates: വത്തിക്കാൻ സിറ്റി: സ്‌നേഹത്തിന്റെ മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃക ലോകത്തിന് കാട്ടിതന്ന, ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം തന്നെ, റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്‌കാരം.
ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ പൊതുദർശനം നടക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ നിർണായക യോഗത്തിന് ശേഷമാണ് സംസ്‌കാര തീയതി അറിയിച്ചിരിക്കുന്നത്. പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുക.
വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇന്നലെ നടന്ന പ്രത്യേക പ്രാർഥനയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഇപ്പോഴും സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
എല്ലാം മാർപാപ്പയുടെ ആഗ്രഹം പോലെ
സെന്റെ പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ പാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റെ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് അദ്ദേഹത്തിന്റെ ഭൗതീക ശരീരം റോമിൽ അടക്കാൻ വത്തിക്കാൻ തീരുമാനിച്ചത്.
കല്ലറ അലങ്കരിക്കരുതെന്നും കല്ലറയ്ക്ക് പുറത്ത് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രമെ ആലേഖനം ചെയ്യാവൂ എന്നൂം പോപ്പിന്റെ മരണപത്രത്തിൽ പരാമർശിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. സംസ്‌കാര ചടങ്ങുകൾക്കുള്ള പണം പോപ്പ് ബസലിക്കയ്ക്ക് മൂൻകൂറായി കൈമാറിയിരുന്നു. 15 മുതൽ 20 ദിവസത്തിനുള്ളിലാകും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് സിസ്റ്റെൻ ചാപ്പലിൽ നടക്കുക. അതീവ രഹസ്യമായിട്ടാകും 138 കർദിനാൾമാരുടെ കോൺക്ലേവ് ചേരുക.
മരണകാരണം പക്ഷാഘാതവും ഹൃദയാഘാതവും
ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതവും സംഭവിച്ചതാണെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. മാർപാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്. 89-ാം വയസിലാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. പിന്നീട്, സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കുമ്പോഴാണ് വിയോഗം. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്.
731-741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള ആദ്യത്തെ മാർപാപ്പയായിരുന്നു. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
Read More
- പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതവും; മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ
- Pope Francis Dies: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ?; സാധ്യതപ്പട്ടികയിൽ എട്ട് പേർ
- Pope Francis Dies: ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹം ബാക്കിയാക്കി ഫ്രാൻസിസ് മാർപാപ്പയുടെ മടക്കം
- Pope Francis Dies: അവസാന സന്ദേശത്തിലും സമാധാനത്തിന് ആഹ്വാനം; നിത്യതയിൽ ഫ്രാൻസിസ് മാർപാപ്പ
- ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
- സാന്ത്വനത്തിന്റെ നറുപുഞ്ചിരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.