scorecardresearch

Pope Francis Dies: ഇനിയില്ല, സാന്ത്വനത്തിന്റെ നറുപുഞ്ചിരി: ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ

Pope Francis Dies: സാമൂഹിക അനീതികൾക്കെതിരെ ശബ്ദമുയർത്തിയിരുന്ന ഫ്രാൻസിസ് മാർപാപ്പ തൻറെയും സഭയുടെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും മാപ്പ് ചോദിക്കേണ്ടിടത്ത് ചോദിക്കാനും മടി കാട്ടിയിട്ടില്ല

Pope Francis Dies: സാമൂഹിക അനീതികൾക്കെതിരെ ശബ്ദമുയർത്തിയിരുന്ന ഫ്രാൻസിസ് മാർപാപ്പ തൻറെയും സഭയുടെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും മാപ്പ് ചോദിക്കേണ്ടിടത്ത് ചോദിക്കാനും മടി കാട്ടിയിട്ടില്ല

author-image
Lijo T George
New Update
Pope Francis

ഫ്രാൻസിസ് മാർപാപ്പ. ചിത്രം : ഇന്സ്റ്റഗ്രാം

Pope Francis Dies: 'നാം യുവാക്കൾക്ക് പ്രത്യാശ പുനഃസ്ഥാപിക്കണം, വൃദ്ധരെ സഹായിക്കണം, ഭാവിയിലേക്ക് തുറന്നിരിക്കണം, സ്‌നേഹം പ്രചരിപ്പിക്കണം. ദരിദ്രർക്കിടയിൽ ദരിദ്രരായിരിക്കണം. ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തി സമാധാനം പ്രസംഗിക്കണം.'-ഫ്രാൻസിസ് മാർപാപ്പയുടെ ഈ വാക്കുകളിൽ അദ്ദേഹത്തിൻറ ജീവിത വീക്ഷണം പ്രകടമാണ്. പ്രത്യാശയുടെ തീരത്തുകൂടി നടന്നയാളാണ് ഫ്രാൻസിസ് മാർപാപ്പ. തൻറെ ജീവിതക്കാലം മുഴുവൻ അദ്ദേഹം ലോകത്തിന് പകർന്നുനൽകിയതും പ്രത്യാശയുടെ പുതുവെളിച്ചമായിരുന്നു. 

Advertisment

ഒരിക്കൽ ഫ്രാൻസിസ് മാർപാപ്പ യുവതീ-യുവാക്കളോട് ഇങ്ങനെ പറഞ്ഞു 'ഒരു വ്യക്തിയുടെ ജീവിതം മുള്ളുകളും കളകളും നിറഞ്ഞ ഒരു ദേശത്താണെങ്കിലും, നല്ല വിത്തുകൾ വളരാൻ എപ്പോഴും ഒരു ഇടമുണ്ട്'.എല്ലാ മനുഷ്യനിലും നന്മയുടെ ഇടങ്ങളുണ്ടെന്ന് അദ്ദേഹം പഠിപ്പിച്ചു. എല്ലാവരിലും കുറവുകളുണ്ട്. എല്ലാം തികഞ്ഞ ആരുമില്ല. ആരെയും എഴുതിതള്ളാൻ പാടില്ലായെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചോതി. അടിച്ചമർത്തപ്പെട്ടവൻറെയും പാർശ്വവത്കരിക്കപ്പെട്ടവൻറയും ശബ്ദമാകാൻ ഫ്രാൻസിസ് മാർപാപ്പക്ക് കഴിഞ്ഞതും എന്നും പ്രത്യാശയോടെ ലോകത്തെ സമീപിച്ചതുകൊണ്ടാണ്.

മുറിവേറ്റവരെ കരുതിയ ഇടയൻ

അടിച്ചമർത്തപ്പെട്ടവൻറെ ശബ്ദമാകാൻ എന്നും ഫ്രാൻസിസ് മാർപാപ്പക്ക് കഴിഞ്ഞിരുന്നു. മുറിവേറ്റവന് വേണ്ടിയാണ് അദ്ദേഹത്തിൻറ നാവ് എന്നും ചലിച്ചുകൊണ്ടിരുന്നത്. അതിൽ നിറമോ, വർണ്ണമോ, മതമോ ഒന്നും അദ്ദേഹത്തിന് ബാധകമല്ലായിരുന്നു. ദരിദ്ര രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ എതിർത്ത അതേ സ്വരത്തിൽ തന്നെ അദ്ദേഹം വികസിത രാജ്യങ്ങളിലെ അസമത്വത്തിനെതിരെയും ശബ്ദം ഉയർത്തി. അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ് അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം ചെയ്യുന്ന നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. 

"വികസിത രാജ്യങ്ങളിൽ പോലും, അന്യായമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. നമ്മൾ എപ്പോഴും ശ്രമിക്കേണ്ടത് ഇത്തരം തെറ്റുകൾ തിരുത്താനാണ്. പ്രതീക്ഷ   പുനഃസ്ഥാപിക്കുക,പ്രതിബദ്ധത നിലനിർത്തുക അതുവഴി  ജനങ്ങളുടെ ക്ഷേമം  ഉറപ്പാക്കണം. നല്ല ശമരിയാക്കരൻറ പാത എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം എന്നും ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. 

Advertisment

സാമൂഹിക അനീതികൾക്കെതിരെ ശബ്ദമുയർത്തിയിരുന്ന ഫ്രാൻസിസ് മാർപാപ്പ തൻറെയും സഭയുടെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും മാപ്പ് ചോദിക്കേണ്ടിടത്ത് ചോദിക്കാനും മടി കാട്ടിയിട്ടില്ല. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, അവിടെ 1984 ല്‍ എട്ട് ലക്ഷത്തോളം പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതില്‍ കത്തോലിക്കാ സഭയ്‌ക്കുള്ള പങ്കിന് മാപ്പ് പറഞ്ഞിരിക്കുന്നു. ചെയ്തുപോയ എല്ലാ തെറ്റിനും 2016 നവംബറില്‍ റുവാണ്ടയിലെ കത്തോലിക്ക സഭ മാപ്പുചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാർപാപ്പയും ക്ഷമ ചോദിച്ചത്.

സമാധാനം സ്ഥാപിക്കാൻ ലോകം ചുറ്റിയാൾ

മധ്യസ്ഥനായും സാന്ത്വന സന്ദേശം പകർന്നും ലോകം ചുറ്റിയ ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലുകൾ  ലോകരാഷ്ട്രീയത്തിൽ നിർണായക ഘടകമായിട്ടുണ്ട്.ക്യൂബയും അമേരിക്കയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചത് അദ്ദേഹത്തിൻറെ ഇടപെടലുകളാണ്. അഭയാർഥികളോടു മുഖംതിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു.

ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള ശാസ്ത്രനിരീക്ഷണങ്ങൾ തള്ളിക്കളയാനാവില്ലെന്നു പ്രഖ്യാപിച്ചു. വത്തിക്കാനെ അംഗീകരിക്കാത്ത ചൈനയുടെ പോലും പ്രശംസ നേടി. റഷ്യൻ പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തിയതു സഭാ പിളർപ്പിന്റെ മുറിവുണക്കാനുള്ള ചരിത്രപ്രധാനമായ ശ്രമമായിരുന്നു.

അഭയാർഥികൾക്ക് എന്നും കരുതൽ

അഭയാർഥികളെ എന്നും ചേർത്തുപിടിക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം ശ്രദ്ധയൂന്നി. യൂറോപ്പിൻറയും അമേരിക്കയുടെയും അഭയാർഥികളോടുള്ള സമീപനത്തെ നിശിതമായി പലതവണ അദ്ദേഹം വിമർശിച്ചിട്ടുണ്ട്. 'സ്വയം ക്രിസ്ത്യാനി എന്ന് വിളിച്ച് അഭയാർത്ഥിയെയോ സഹായം തേടുന്ന ഒരാളെയോ പുറത്താക്കുന്നത് കാപട്യമാണ്'- അദ്ദേഹം പലകൂറി വിശ്വാസികളെ ഓർമപ്പെടുത്തി. 

ലോകത്തിൻറെ ഏതുകോണിലും പ്രശ്നങ്ങളുണ്ടായാൽ സാന്ത്വനത്തിന്റെ നറുപുഞ്ചിരിയുമായി ഓടിയെത്തുന്ന ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങുമ്പോൾ ലോകത്തിന് നഷ്ടമാകുന്നത് പ്രതീക്ഷയുടെ വിളക്കുമരമാണ്. എന്നാൽ ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള വിദ്വേഷങ്ങളുടെ മധ്യസ്ഥനായി എന്നും ഓടിയെത്തുന്ന പാവങ്ങളുടെ മാർപാപ്പയായ അദ്ദേഹത്തിൻറ ജീവിതം ലോകത്തിന് എന്നും പാഠപുസ്തകമാണ്. 

Read More

Pope Francis

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: