/indian-express-malayalam/media/media_files/2025/04/21/pope-francis-002-358397.jpg)
Pope Francis Dies
Pope Francis Last message: മനുഷ്യത്വത്തിന്റെ മഹനീയ മാതൃക ലോകത്തിന് കാട്ടിതന്ന മഹാഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സമൂഹം മാറ്റിനിർത്തിയവരെ തനിക്കൊപ്പം ചേർത്തുനിർത്താനാണ് തന്റെ ഇടയജീവിതത്തിൽ ഉടനീളം അദ്ദേഹം ശ്രമിച്ചത്. പ്രത്യാശയുടെയും സഹനത്തിന്റെ ഉദ്ദാത്തമായ ദർശനങ്ങളാണ് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തത്. വാക്കുകൾക്കപ്പുറം കരുതലും സ്‌നേഹവും പ്രവർത്തിയിലൂടെ കാട്ടിതന്ന മഹായിടയൻ വിടവാങ്ങുമ്പോൾ, അദ്ദേഹം ബാക്കിവെച്ച ദർശനങ്ങൾ എന്നും ലോകത്തിന് വലിയൊരു പാഠപുസ്തകം തന്നെയാണ്.
സ്‌നേഹിക്കാൻ പഠിപ്പിച്ച ഇടയശ്രേഷ്ഠൻ
ലോകസമാധാനത്തിന് വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ എന്നും ഉദ്‌ഘോഷിച്ചത്. ലോകത്തിന്റെ ഏതുകോണിലും ഉണ്ടാകുന്ന സംഘർഷങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. പരസ്പരം ക്ഷമിക്കാനും മറ്റുള്ളവർക്ക് കരുതൽ നൽകാനുമാണ് അദ്ദേഹം എന്നും പഠിപ്പിച്ചത്. ഈസ്റ്റർ ദിനത്തിലെ തന്റെ അവസാന സന്ദേശത്തിലും അദ്ദേഹം സമാധാനത്തിനുവേണ്ടിയാണ് വാദിച്ചത്.
ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രത്യക്ഷപ്പെട്ടത് വിശ്വാസികൾക്ക് വലിയ ആശ്വാസമായിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ ഈസ്റ്റർ ദിനത്തിൽ അദ്ദേഹത്തെ കാണാനും ആശിർവാദം സ്വീകരിക്കാനും എത്തിച്ചേർന്നിരുന്നു. ലോഗ്ഗിയ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ട് ഈസ്റ്റർ ആശംസ നേർന്നു. പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ ഹാപ്പി ഈസ്റ്റർ എന്നായിരുന്നു പോപ്പ് ഫ്രാൻസിസ് പറഞ്ഞത്. അദ്ദേഹത്തിന്റെ പരമ്പരാഗത ഈസ്റ്റർ സന്ദേശം വായിച്ചത് വത്തിക്കാൻ ആർച്ച് ബിഷപ്പ് ആയിരുന്നു.
മതസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള ബഹുമാനം എന്നിവയില്ലാതെ സമാധാനം ഉണ്ടാകില്ല എന്ന് പോപ്പ് തന്റെ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. 'ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നിരവധി സംഘർഷങ്ങളിൽ കൊല്ലാനുള്ള ആഗ്രഹം എത്ര വലുതാണ്. ഗസ്സയിലെ സംഘർഷം മരണത്തിനും നാശത്തിനും കാരണമാവുകയും ദയനീയമായ മാനുഷിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു- പാപ്പാ പ്രസംഗത്തിൽ പറഞ്ഞു.
ആഗോളതലത്തിൽ വളർന്നുവരുന്ന ജൂതവിരുദ്ധത ആശങ്കജനകമാണെന്ന് പോപ്പ് സന്ദേശത്തിൽ പറഞ്ഞു. എല്ലാ ഇസ്രായേലി ജനതയ്ക്കും പലസ്തീൻ ജനതയ്ക്കും വേണ്ടിയുള്ള എന്റെ സാമീപ്യം ഞാൻ പ്രകടിപ്പിക്കുന്നു .വെടിനിർത്തലിന് ആഹ്വാനം ചെയ്യുക, ബന്ദികളെ മോചിപ്പിക്കുക, സമാധാനപരമായ ഭാവി ആഗ്രഹിക്കുന്ന പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ വരിക.'' എന്നും സന്ദേശത്തിൽ പോപ്പ് ഫ്രാൻസിസ് പറഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പോപ്പ് ഫ്രാൻസിസ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മാർച്ച് 23നാണ് മാർപാപ്പ വത്തിക്കാനിൽ തിരിച്ചെത്തിയത്. അതിനു ശേഷം വളരെ കുറഞ്ഞ അവസരങ്ങളിൽ മാത്രമാണ് പോപ്പ് പൊതുചടങ്ങിൽ പങ്കെടുത്തത്. ദുഃഖവെള്ളിയാഴ്ചയിലെയും വലിയ ശനിയാഴ്ചയിലെയും പ്രധാന ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
Read More
- ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
- സാന്ത്വനത്തിന്റെ നറുപുഞ്ചിരി
- റോബർട്ട് വാദ്രയ്ക്കെതിരായ ഇ.ഡി നടപടിയിൽ കോൺഗ്രസ് മൗനം പാലിക്കുന്നത് എന്തുകൊണ്ട്?
- കർണാടക മുൻ ഡിജിപി വീട്ടിൽ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹം; ഭാര്യയെ സംശയിച്ച് പൊലീസ്
- സുപ്രീം കോടതിക്കെതിരെ വിവാദ പ്രസ്താവനകൾ വേണ്ട; നേതാക്കൾക്ക് നദ്ദയുടെ താക്കീത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.