/indian-express-malayalam/media/media_files/YqFFzwGIosZEaiC2SF33.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ‌്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. ജയിലിന് പുറത്തെ റോഡിൽ ആം ആദ്മി പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. നിരവധി സ്ത്രീകൾ റോഡിൽ കിടന്നും പ്രതിഷേധിച്ചു. ഡൽഹിയിൽ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.
ഏപ്രിൽ 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവിറക്കിയത്. കെജ്‌രിവാളിൻ്റെ 'നിസ്സഹകരണ സ്വഭാവം' ചൂണ്ടിക്കാട്ടി 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടിരുന്നു. കെജ‌്‌രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ഇതു നിസ്സഹകരണമായി കണക്കാക്കണം എന്നുമായിരുന്നു ഇ.ഡി ആവശ്യപ്പെട്ടത്.
മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളിലെ വിവരം കണ്ടെത്തുന്നതിന് പാസ്‌വേഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കെജ്‌രിവാൾ നൽകുന്നില്ലെന്നും ഇ.ഡി ചൂണ്ടിക്കാണിച്ചിരുന്നു. കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിച്ചോദിക്കാതെ, ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടത്.
കെജ്‌രിവാൾ അന്വേഷണത്തന് സഹകരിച്ചില്ലെന്നും പാസ്‌വേഡുകൾ നൽകിയിട്ടില്ലെന്നും ഇ.ഡിക്കായി ഹാജരായ അഭിഭാഷകൻ എസ്.വി. രാജു കോടതിയിൽ ഉന്നയിച്ചു. കെജ്‍രിവാളിന് ജയിലിൽ പുസ്തകങ്ങൾ എത്തിച്ചുനൽകണമെന്നും കോടതി നിർദേശിച്ചു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങൾ ജയിലിൽ വായിക്കാൻ അനുവദിക്കണമെന്ന അപേക്ഷയിലായിരുന്നു നിർദേശം.
അരവിന്ദ് കെജ്‌രിവാളിന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം ഇ.ഡി ആപ്പിളിന്റെ സഹായം തേടിയിരുന്നു. കെജ്‌രിവാളിന്റെ ഐഫോണിലേക്ക് ആക്‌സസ് നേടാൻ സഹായിക്കുന്നതിനായാണ് ആപ്പിളുമായി ബന്ധപ്പെട്ടത്. കെജ്‌രിവാളിന്റെ പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെയോ ഡെസ്‌ക്‌ടോപ്പുകളുടെയോ രൂപത്തിലുളള തെളിവുകളൊന്നും ഇഡിയുടെ കൈവശമില്ല. അതേ സമയം മുഖ്യമന്ത്രിയുടേതടക്കം നാല് മൊബൈൽ ഫോണുകൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
മാർച്ച് 21ന് അറസ്റ്റ് ചെയ്യപ്പെട്ട രാത്രിയിൽ, കെജ്‌രിവാളിന്റെ വസതിയിൽ നിന്ന് 70,000 രൂപയും കണ്ടെത്തിയിരുന്നു.തന്റെ ഫോൺ ഡാറ്റയും ചാറ്റുകളും ആക്‌സസ് ചെയ്യുന്നതിലൂടെ, എഎപിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തെയും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇഡിക്ക് ലഭിക്കുമെന്ന് ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രി പറഞ്ഞതായി കേസുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
Read More:
- കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.