/indian-express-malayalam/media/media_files/5up9HsjgWPOeGZwB78un.jpg)
മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്താനാണ് തീരുമാനമെന്നും സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് വ്യക്തമാക്കി
തിരുവനന്തപുരം: സിബിഐ അന്വേഷണം പേരിൽ മാത്രം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും തങ്ങളെ ചതിച്ചുവെന്ന് പൂക്കോട് വെറ്റനിറി സര്‍വ്വകലാശാലയിൽ മരണപ്പെട്ട സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ടെന്നും ഇതിനെതിരെ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്താനാണ് തീരുമാനമെന്നും സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് വ്യക്തമാക്കി.
കേരള സർക്കാർ തന്നെയും കുടുംബത്തേയും ചതിക്കുകയും പൊലിസ് അന്വേഷണം അട്ടിമറിക്കുകയും ചെയ്തിരിക്കുകയാണ്. സിബി ഐ അന്വേഷണവും അവർ അട്ടിമറിക്കാൻ ശ്രമിച്ചു.സിദ്ധാര്‍ത്ഥനെ ചതിച്ച പെൺകുട്ടികളെ അസ്റ്റ് ചെയ്യാനോ അവർക്കെതിരെ നടപടിയെടുക്കാനോ പൊലീസ് തയ്യാറായില്ല കേസിലെ പ്രധാന കുറ്റാരോപിതനായ അക്ഷയിനെ സംരക്ഷിക്കുന്നത് മുൻമന്ത്രിയും സിപിഎം നേതാവുമായ എം എം മണിയാണെന്നനും ജയപ്രകാശ് ആരോപിച്ചു.
20 ദിവസമായി പല തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും കിട്ടാത്ത സിബിഐ പേപ്പർ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടി എടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയത് ആഭ്യന്തര സെക്രട്ടറിയാണെന്നും മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തര വാദിത്വമുണ്ടെന്നും സിദ്ധാർത്ഥന്റെ പിതാവ് കുറ്റപ്പെടുത്തി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോക്കെതിരേയും രൂക്ഷമായ വിമർശനങ്ങളാണ് സിദ്ധാർത്ഥന്റെ പിതാവ് ഉന്നയിച്ചത്.
ആർഷോ പൂക്കോട് വരാറുണ്ടെന്ന് അക്ഷയ് പറഞ്ഞിട്ടുണ്ടെന്നും 8 മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുളള ആർഷോ അത് അറിഞ്ഞിട്ടില്ലെന്ന് പറയാനാവില്ല. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ആർഷോയുടെ കൂടി അറിവോടെയായിരിക്കുമെന്നും അതിനാൽ കേസിൽ ആർഷോയേയും പ്രതി ചേർത്ത് അന്വേഷണം നടത്തണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
സിദ്ധാർത്ഥന്റെ കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്പെൻഷനിലായ ആയ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും നേരത്തേ തന്നെ ജയപ്രകാശ് ആരോപിച്ചിരുന്നു. താൻ മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയുള്ള സിബിഐ അന്വേഷണ പ്രഖ്യാപനത്തിലും സംശയമുണ്ട്. ഇത് പ്രതിഷേധങ്ങളുടെ വാമൂടി കെട്ടാനാണോ എന്ന് സംശയിക്കുന്നു. കഴിഞ്ഞ മാസം ആദ്യം തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും തുടർ നടപടികൾ ഒന്നും തന്നെയുണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ പൊലീസും കേസിലെ അന്വേഷണം അവസാനിപ്പിച്ചൂവെന്നും ജയപ്രകാശ് പറഞ്ഞു.
ഇതുവരെ കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല. ആന്റി റാഗിംഗ് സ്ക്വാഡ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇപ്പോൾ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നു. കേസിൽ അട്ടിമറി നടത്താനുള്ള നീക്കത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. പ്രതികളായവരെ തിരിച്ചെടുത്ത വി.സിയുടെ തീരുമാനങ്ങൾക്കെതിരെ ഗവർണർക്ക് പരാതി നൽകാനാണ് തീരുമാനമെന്നും ജയപ്രകാശ് വ്യക്തമാക്കി.
വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന് നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനവും ആൾക്കൂട്ട വിചാരണയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 14 മുതൽ 18 വരെയുള്ള നാല് ദിവസങ്ങളിലായി സിദ്ധാർത്ഥന് അതിക്രൂരമായ റാഗിങാണ് നേരിടേണ്ടി വന്നതെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥിയുടെ മൊഴിയടക്കം പുറത്തുവന്നിട്ടുണ്ട്.
ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തിയായിരുന്നു റാഗിങിന്റെ പേരിലുള്ള മനുഷ്യത്വരഹിതമായ പീഢനം. രണ്ട് ബെൽറ്റുകൾ നശിക്കുന്നതുവരെ അവ ഉപയോഗിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ മർദ്ദിച്ചു. വാലന്റൈൻസ് ദിനത്തിൽ കോളേജിലെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സിദ്ധാർത്ഥനെതിരെയുള്ള അതിക്രമം തുടങ്ങിയതെന്നാണ് വിവരം. പിറ്റേ ദിവസം രാവിലെ വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ വിദ്യാർത്ഥിയെ പോയ വഴിയിൽ നിന്നും തിരികെ വിളിച്ചു വരുത്തിയാണ് ക്രൂരമായ പീഢനങ്ങൾക്ക് ഇരയാക്കിയത്. ഇതിന് പിന്നാലെ ഫെബ്രുവരി 18 ന് ഉച്ചയോടെ സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സഹപാഠികൾ കണ്ടെത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.