/indian-express-malayalam/media/media_files/uyPiZOIdDtEXdwm8TXL4.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ അതിക്രൂരമായ റാഗിങിന് ഇരയായതിന് പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐക്ക് എതിരെയടക്കം വ്യപകമായ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന് നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനവും ആൾക്കൂട്ട വിചാരണയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. ഫെബ്രുവരി 14 മുതൽ 18 വരെയുള്ള നാല് ദിവസങ്ങളിലായി സിദ്ധാർത്ഥന് അതിക്രൂരമായ റാഗിങാണ് നേരിടേണ്ടി വന്നതെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥിയുടെ മൊഴിയടക്കം പുറത്തുവന്നു കഴിഞ്ഞു. ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തിയായിരുന്നു റാഗിങിന്റെ പേരിലുള്ള മനുഷ്യത്വരഹിതമായ പീഢനം.
രണ്ട് ബെൽറ്റുകൾ നശിക്കുന്നതുവരെ അവ ഉപയോഗിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ മർദ്ദിച്ചു. വാലന്റൈൻസ് ദിനത്തിൽ കോളേജിലെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സിദ്ധാർത്ഥനെതിരെയുള്ള അതിക്രമം തുടങ്ങിയതെന്നാണ് വിവരം. പിറ്റേ ദിവസം രാവിലെ വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ വിദ്യാർത്ഥിയെ പോയ വഴിയിൽ നിന്നും തിരികെ വിളിച്ചു വരുത്തിയാണ് ക്രൂരമായ പീഢനങ്ങൾക്ക് ഇരയാക്കിയത്. ഇതിന് പിന്നാലെ ഫെബ്രുവരി 18 ന് ഉച്ചയോടെ സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സഹപാഠികൾ കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രഹൻ സിദ്ധാര്‍ത്ഥിന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് എസ്എഫ്ഐ നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയതെന്നാണ് വിവരം. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം പൂക്കോട് സിദ്ധാര്‍ത്ഥന്റെ മരണത്തിൽ പ്രധാന പ്രതിയായ ഒരാള്‍ കൂടി കസ്റ്റഡിയിലായി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് പാലക്കാട് നിന്നും അന്വേഷണ സംഘം പിടികൂടിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്‍പി ടിഎന്‍ സജീവൻ പറഞ്ഞു. ആദ്യം പ്രതി ചേര്‍ത്ത 12പേരില്‍ ഒരാളാണ് അഖില്‍. മറ്റു പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കുന്ന കാര്യം പരിഗണിക്കുമെന്നും വിശദമായ ചോദ്യം ചെയ്യലിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
എന്നാൽ സംഭവത്തിൽ സിപിഎമ്മിനെതിരെ ഗുരുതര വിമർശനമാണ് സിദ്ധാർത്ഥന്റെ കുടുംബം ഉന്നയിക്കുന്നത്. പ്രധാന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ് ആരോപിച്ചു. പിടികൂടിയ ആറു പേരിൽ പ്രധാന പ്രതികൾ ഇല്ല. കോളേജിൽ നിന്നും 12 പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സീനിയേഴ്സായ എസ്എഫ്ഐക്കാർ ലഹരി ഉപയോഗിക്കുമെന്ന് മകൻ പറഞ്ഞിരുന്നു. മരണ ശേഷം മകന്‍റെ സുഹൃത്തുകളും ഇക്കാര്യം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട 12പേരും എസ്എഫ് ഐക്കാരാണെന്നും മുഖ്യപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാത്തത് പാർട്ടിയുടെ സമ്മർദ്ദം കാരണമാണെന്നും പിതാവ് ആരോപിച്ചു.
സിദ്ധാർത്ഥന്റെ മരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇത് ഒരു കോളേജിൽ മാത്രമല്ല സംസ്ഥാനത്തെ പല കോളേജുകളിലുമുള്ള സ്ഥിതിയാണ്. സിദ്ധാർത്ഥന്റെ മരണം സംഭവിച്ചതുകൊണ്ട് മാത്രമാണ് വിവരം പുറത്തുവന്നത്. സംഭവത്തിലെ പ്രതികൾ എസ്എഫ്ഐ ക്കാരായതിനാൽ അവരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അത്തരത്തിലുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സതീശൻ വ്യക്തമാക്കി.
മരണവുമായി ബന്ധപ്പെട്ട് നേരത്തെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്എഫ്ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ
സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്നലെ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.