/indian-express-malayalam/media/media_files/p0chtsBcmkjJ215lxMSX.jpg)
ശ്രീലങ്കൻ മന്ത്രിസഭയിൽ കച്ചത്തീവ് ചർച്ചാ വിഷയമായിട്ടില്ലെന്നും ഇക്കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ലെന്നും ശ്രീലങ്കൻ മന്ത്രി പറഞ്ഞു
കൊളംബോ: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത് കോൺഗ്രസ്, ഡിഎംകെ പാർട്ടികളുടെ വീഴ്ചയാണെന്ന ബിജെപി ആരോപണത്തിൽ വിവാദം തുടരുന്നു. ഈ ഭൂപ്രദേശം തിരിച്ചുപിടിക്കാൻ കേന്ദ്ര സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ പ്രസ്താവനയെ കുറിച്ച് ഇതുവരെ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ശ്രീലങ്കൻ കേന്ദ്രമന്ത്രിയും തമിഴ് വംശജനുമായ ജീവൻ തൊണ്ടമൻ പറഞ്ഞു.
“ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം കച്ചത്തീവ് ദ്വീപ് ശ്രീലങ്കൻ നിയന്ത്രണരേഖയിലാണ്. ശ്രീലങ്കയുമായുള്ള നരേന്ദ്ര മോദിയുടെ വിദേശനയം ജൈവികവും ആരോഗ്യകരവുമാണ്. കച്ചത്തീവ് ദ്വീപിൻ്റെ അധികാരം തിരിച്ചുനൽകാൻ ഇന്ത്യയിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. ഇന്ത്യയിൽ നിന്ന് ഇത്തരമൊരു അഭ്യർത്ഥന ഇതുവരെ ഉണ്ടായിട്ടില്ല. അത്തരമൊരു ആശയവിനിമയം ഉണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയം അതിന് മറുപടി നൽകും, ”പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മന്ത്രിസഭയിലെ മന്ത്രിയായ ജീവൻ തൊണ്ടമാൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
1974ൽ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുവെന്നും ഇത് മറച്ചുവെച്ചു എന്നുമുള്ള ബിജെപി വാദങ്ങൾക്ക്, പ്രദേശം വീണ്ടെടുക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മറുപടി നൽകിയെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ദ്വീപ് വീണ്ടെടുക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് ജയശങ്കർ മറുപടി നൽകിയിരുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഇത് കോടതിയുടെ കീഴിലെ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പന്ത് ഇപ്പോൾ കേന്ദ്രത്തിൻ്റെ കോർട്ടിലാണെന്നും സാധ്യമായ എല്ലാ പരിഹാരങ്ങളും പരിഗണിക്കുമെന്നും ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. "തമിഴ് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മാത്രമാണ് ഈ വിഷയത്തിൽ ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ വിഷയം അതീവ ഗൗരവമായെടുത്തിട്ടുണ്ട്. കച്ചത്തീവ് അനധികൃതമായി ശ്രീലങ്കയ്ക്ക് കൈമാറിയതാണ്," അണ്ണാമലൈ പറഞ്ഞു.
ഒരു പുതിയ സർക്കാരിൻ്റെ ആഗ്രഹപ്രകാരം ദേശീയ അതിർത്തികൾ മാറ്റാൻ കഴിയില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ശ്രീലങ്കൻ മന്ത്രിയും ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “നല്ലതായാലും ചീത്തയായാലും കച്ചത്തീവ് ശ്രീലങ്കയുടെ നിയന്ത്രണരേഖയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. അതിർത്തി നിശ്ചയിച്ചുകഴിഞ്ഞാൽ ഭരണമാറ്റം കൊണ്ട് മാത്രം ആർക്കും മാറ്റം ആവശ്യപ്പെടാൻ കഴിയില്ല. എന്നാൽ ശ്രീലങ്കൻ മന്ത്രിസഭയിൽ കച്ചത്തീവ് ചർച്ചാ വിഷയമായിട്ടില്ല. ഇക്കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ല,” ലങ്കൻ മന്ത്രി പറഞ്ഞു.
“കച്ചത്തീവ് തമിഴ് സമുദായത്തെക്കുറിച്ചാണെങ്കിൽ, അവർ അതിർത്തിയുടെ ഇരുവശത്തും ഉണ്ട്. തമിഴ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നമാണെങ്കിൽ, രണ്ടും ബന്ധിപ്പിക്കുന്നത് അനുചിതവും കൃത്യവുമല്ല. കാരണം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചുള്ള പ്രശ്നം അവർ ഇന്ത്യൻ സമുദ്രത്തിന് പുറത്ത് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടം ട്രോളറുകളെക്കുറിച്ചാണ്. ഇത് അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം നിയമവിരുദ്ധമാണ്, ” ശ്രീലങ്കൻ മന്ത്രി പറഞ്ഞു.
സമുദ്ര മേഖലയിലാകെ വൻ ചൂഷണവും കടൽ വിഭവങ്ങളുടെ ശോഷണവും നടക്കുമ്പോൾ ഇന്ത്യൻ തമിഴ് മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഈ ട്രോളറുകളുടെ ഇരകൾ മുസ്ലീങ്ങളോ സിംഹള മത്സ്യത്തൊഴിലാളികളോ അല്ല, ശ്രീലങ്കയിലെ തമിഴ് മത്സ്യത്തൊഴിലാളികളാണെന്നും ലങ്കൻ മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വിശ്വാസ്യത ഇടിക്കുന്ന നീക്കമാണിതെന്ന് മുൻ നയതന്ത്ര വക്താവ് അനുപമ റോയ് പറഞ്ഞു. നീക്കം സെൽഫ് ഗോളാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
Read More:
- കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.