/indian-express-malayalam/media/media_files/Q4pDmFXl3VbtiVdyBeAg.jpg)
മാലിദ്വീപ് (ഫയൽ)
ദ്വീപിന്റെ മനോഹാരിതയിൽ ആപേക്ഷികമായ സമ്പദ് വ്യവസ്ഥയെ ആശ്രയിച്ച് പോരുന്ന രാജ്യമാണ് മാലിദ്വീപ്. ഈ ചെറിയ ദ്വീപ് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമാണ് ടൂറിസം. ഇന്ത്യൻ വിനോദസഞ്ചാരികളാണ് മാലിയിലേക്ക് എത്തുന്നവരിൽ ഭൂരിഭാഗവും എന്നു തന്നെ പറയാം. അതായത് മാലിയുടെ സാമ്പത്തിക രംഗത്തെ പുരോഗതിക്ക് ഒരു പരിധി വരെ ശ്രോതസ്സാകുന്നത് ഇന്ത്യയാണ് എന്നതാണ് യാഥാർത്ഥ്യം. കോവിഡ് -19 പിടിമുറുക്കിയ കാലയളവിന് ശേഷം മാലിദ്വീപിന്റെ വിനോദസഞ്ചാരത്തിന്റെ പ്രധാന ഉറവിട വിപണിയായി ഇന്ത്യ ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വസ്തുതകൾ നിലനിൽക്കെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൂന്ന് മാലിദ്വീപ് ഉപമന്ത്രിമാർ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വലിയ വിവാദങ്ങളിലേക്കാണ് എത്തി നിൽക്കുന്നത്. ഇതേ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിലേക്ക് വരെ കാര്യങ്ങൾ എത്തുമ്പോൾ അതിനെ വളരെ ആശങ്കയോടെയാണ് മാലി ഭരണകൂടം കാണുന്നത്. വിവാദത്തിന്റെ ആക്കം കുറയ്ക്കുന്നതിനായി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ മൂന്ന് മന്ത്രിമാരേയും മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. ഇപ്പോഴത്തെ വിവാദങ്ങൾ മാലിയിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്കിനെ ദോഷകരമായി ബാധിക്കുമോ എന്നുള്ള ആശങ്കയാണ് മന്ത്രിമാർക്കെതിരെ ഉടനടി നടപടിയെടുക്കാൻ മാലി ഭരണകൂടത്തെ പ്രേരിപ്പിച്ചത് എന്ന് വേണം മനസ്സിലാക്കാൻ.
മാലിദ്വീപിലെ ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള ദ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ഡാറ്റ വിശകലനം അനുസരിച്ച്, 2023-ൽ ദ്വീപ് രാഷ്ട്രത്തിലെത്തിയ ആകെ വിനോദസഞ്ചാരികളുടെ എണ്ണത്തിലെ 11.2 ശതമാനവും ഇന്ത്യക്കാരാണ്. 11.1 ശതമാനം വിഹിതവുമായി റഷ്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. മാലിദ്വീപിലേക്കുള്ള ഇന്ത്യൻ യാത്രക്കാരുടെ പങ്ക് 2018-ൽ വെറും 6.1 ശതമാനമായിരുന്നു, എന്നാൽ അടുത്ത കുറച്ച് വർഷങ്ങളിൽ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർദ്ധനവാണ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് സമയത്തും അതിനുശേഷവും മാലിയിലേക്കുള്ള യാത്രാ പ്രവാഹത്തിൽ വന്ന മാറ്റങ്ങളിലൂടെ 2020, 2021, 2022 വർഷങ്ങളിൽ, മാലിദ്വീപിന്റെ ഉറവിട വിപണികളുടെ പട്ടികയിൽ ഇന്ത്യയെ ഒന്നാമതെത്തിച്ചിരുന്നു. ഈ വർഷങ്ങളിൽ വിനോദസഞ്ചാരികളുടെ കണക്ക് യഥാക്രമം 11.3 ശതമാനം, 22.1 ശതമാനം, 14.4 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാൽ നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാലിദ്വീപിലെ ടൂറിസം വ്യവസായം ആശങ്കയിലാണെന്നാണ് ഏവിയേഷൻ കൺസൾട്ടൻസിയായ സിഎപിഎ ഇന്ത്യ അഭിപ്രായപ്പെടുന്നത്. വിവാദത്തിന്റെ ചൂട് കുറയ്ക്കാൻ മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് മാലിദ്വീപ് നടപടിയെടുത്തിട്ടുണ്ടെങ്കിലും, വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ദ്വീപ് രാഷ്ട്രത്തെ അവധിക്കാല കേന്ദ്രമാക്കി മാറ്റുന്നതിൽ നിന്നും ഒഴിവാക്കാനുള്ള ആഹ്വാനങ്ങളാണ് ഇന്ത്യയിലെ സോഷ്യൽ മീഡിയയിലാകെ നിറയുന്നത്.
അതിവേഗം പടരുന്ന വിവാദമായി പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ മാറിയിരിക്കുന്നത് മാലിദ്വീപിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കുന്നതടക്കമുള്ള ഇന്ത്യക്കാരുടെ തീരുമാനത്തെ സ്വാധീനിക്കാമെന്നും സി എ പി എ കൂട്ടിച്ചേർത്തു.
വിവാദം കടുത്തതോടെ ഒരു പ്രധാന ഓൺലൈൻ ട്രാവൽ ബുക്കിംഗ് പോർട്ടലായ-ഈസ് മൈ ട്രിപ്പ്-മാലദ്വീപിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകളുടെ വിൽപ്പന താൽക്കാലികമായി നിർത്തിച്ചതായാണ് വിവരം. ഇന്ത്യയ്ക്കും മാലിദ്വീപിനുമിടയിലെ ആഴ്ചയിലുള്ള 60 വിമാന സർവ്വീസുകളിൽ 50 ഓളം വിമാനങ്ങൾ ഇന്ത്യൻ വിമാനക്കമ്പനികളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളാണ് നിലവിൽ ഇന്ത്യയ്ക്കും മാലിദ്വീപിനുമിടയിൽ സർവീസ് നടത്തുന്നത്. എന്നാൽ വിവാദത്തെത്തുടർന്ന് ഇതുവരെ ഒരു ഇന്ത്യൻ വിമാനക്കമ്പനിയും മാലിദ്വീപ് ഷെഡ്യൂളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ലോകത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കെല്ലാം യാത്ര ചെയ്യാറുള്ള ഇന്ത്യൻ ടൂറിസ്റ്റുകൾ വിനോദസഞ്ചാര മേഖലയെ പ്രധാന സാമ്പത്തിക ശ്രോതസ്സായി കണക്കാക്കുന്ന രാജ്യങ്ങളുടെ വരുമാനത്തിൽ വലിയ സംഭാവന നൽകുന്ന വിഭാഗമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ ബഹിഷ്ക്കരണം വരികയാണെങ്കിൽ അത് മാലിയേയും ദോഷകരമായി ബാധിക്കുമെന്ന് സി എ പി എ ഇന്ത്യ പറയുന്നു. ഓരോ വർഷം കഴിയുമ്പോഴും ഇന്ത്യൻ ടൂറിസ്റ്റുകളുടെ വിദേശ യാത്രകളിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ഈ സാഹചര്യത്തിൽ, നിലവിലെ വിവാദങ്ങൾ ഇന്ത്യയിലെ മാലി ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങൾ ഗൗരവമുള്ളതാണ്. ഫൂക്കറ്റ് തീരത്ത് ഒരു വിനോദസഞ്ചാര കപ്പൽ മറിഞ്ഞതിനെത്തുടർന്ന് 2018 ൽ തായ്‌ലൻഡുമായും, 2018-ലും 2014-ലും മലേഷ്യയുമായി ബന്ധപ്പെട്ടും സമാനമായ രീതിയിലെ ഒരു ബഹിഷ്ക്കരണ ക്യാമ്പയിൻ ചൈനയിൽ നടന്നതായും സി എ പി എ ചൂണ്ടിക്കാട്ടുന്നു. മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ദുബായി എന്നിവയുൾപ്പെടെ വിനോദസഞ്ചാര മേഖലയെ പ്രധാന വരുമാന മാർഗ്ഗമായി കാണുന്ന രാജ്യങ്ങളുടെ വലിയ ഉറവിട വിപണിയാണ് ഇന്ത്യയെന്നും സി എ പി എ ഇന്ത്യ വ്യക്തമാക്കുന്നു.
Read More
- മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ പിണക്കുന്നതെങ്ങനെ? സോഷ്യൽ മീഡിയ യുദ്ധം എന്തിന്?
- ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.