/indian-express-malayalam/media/media_files/uploads/2017/10/IMFimf.jpg)
പാക്കിസ്ഥാന് നൽകിയ വായ്പയിൽ നിബന്ധനകളുമായി ഐ.എം.എഫ്.
ന്യൂയോർക്ക്: ഇന്ത്യ - പാക് സംഘർഷത്തിനിടെ, ഇന്ത്യയുടെ എതിർപ്പിനെ മറികടന്ന് പാക്കിസ്ഥാന് നൽകിയ വായ്പയിൽ നിബന്ധനകൾ മുന്നോട്ടുവെച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്). വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുമ്പ് പതിനൊന്ന് നിബന്ധനകൾ പാക്കിസ്ഥാൻ പാലിക്കണമെന്ന് ഐ.എം.എഫ് നിർദേശം നൽകി. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം സാമ്പത്തിക മേഖലയ്ക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് പുതിയ നിബന്ധനകൾ മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാന്റെ പുതിയ 17.6 ട്രില്യൺ ഡോളർ വരുന്ന ബജറ്റിന് പാർലമെന്റിന്റെ അംഗീകാരം നേടണം എന്നുൾപ്പെടെയാണ് ഐഎംഎഫ് മുന്നോട്ട് വെച്ചിരിക്കുന്ന നിർദേശങ്ങൾ. ഇതിന് പുറമെ വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീർക്കുന്നതിനായി സർചാർജ് വർധന, മൂന്ന് വർഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിയ്ക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കുക എന്നിവയും നിബന്ധനകളിൽ ഉൾപ്പെടുന്നു. ഇന്ത്യ - പാകിസ്ഥാൻ സംഘർഷം തുടരുന്ന നിലയുണ്ടായാൽ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികൾ ലക്ഷ്യം കാണുന്നതിൽ ഭീഷണി നേരിടും എന്നും ഐഎംഎഫ് അടിവരയിടുന്നു.
പാകിസ്ഥാനിലെ എല്ലാ സംസ്ഥാനങ്ങളിലും കൃഷി വരുമാന നികുതി ജൂണിന് മുൻപ് നടപ്പാക്കണം. ഭരണപരമായ നയരൂപീകരണത്തിന് ഗവേണൻസ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ദീർഘകാല പദ്ധതികളുടെ രൂപരേഖ തയ്യാറാക്കണം. ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരണം തുടങ്ങിയ നിർദേശങ്ങളും ഐഎംഎഫ് മുന്നോട്ട് വയ്ക്കുന്നു.
നേരത്തെ,പാക്കിസ്ഥാന് ഐഎംഎഫ് വായ്പ നൽകുന്നതിനെതിരെ എതിർത്തുകൊണ്ട് ശക്തമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് പാക്കിസ്ഥാൻ ഈ തുക ഉപയോഗിക്കുന്നതെന്ന് ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ അറിയിച്ചിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് വായ്പ നൽകിയ പണം പാക്കിസ്ഥാൻ ഉപയോഗിക്കുന്നതിനാൽ ഐഎംഎഫ് ഇക്കാര്യത്തിൽ പുനരാലോചന നടത്തണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു.
Read More
- പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; വ്ളോഗറായ യുവതി അറസ്റ്റിൽ
- വിദേശത്തേക്കുള്ള പ്രതിനിധി സംഘം; കോൺഗ്രസ് നിർദേശിച്ച പേരുകൾ വെട്ടി, ഇടം നേടി തരൂർ
- പാക് ഭീകരത തുറന്നുകാട്ടാൻ പ്രതിനിധികൾ വിദേശത്തേക്ക്; തരൂരും കനിമൊഴിയും സംഘത്തിൽ
- അധികം ഭക്ഷണം കഴിക്കാറില്ല, ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ; തിഹാർ ജയിലിലെ തഹാവൂർ റാണയുടെ ജീവിതം
- മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി; ആരാണ് തഹാവൂർ റാണ?
- സൽമാൻ റുഷ്ദിയെ ആക്രമിച്ച കേസ്; പ്രതിക്ക് 25 വർഷം തടവ് ശിക്ഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.