/indian-express-malayalam/media/media_files/2025/05/17/U6occb7t7BM65V2htt45.jpg)
തഹാവൂർ റാണ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ തിഹാർ ജയിലിലെ ഹൈ റിസ്ക് തടവുകാരുള്ള ഒരു വാർഡിലാണ് പാർപ്പിച്ചിരിക്കുന്നത്. റാണയുടെ അടുത്ത സെല്ലുകളിൽ ആറ് ഹൈ റിസ്ക് തടവുകാരുണ്ട്, അതിൽ ഗുണ്ടാസംഘ തലവന്മാരുണ്ട്. പക്ഷേ ഓരോരുത്തരും പ്രത്യേക സെല്ലിലാണ്, അതിനാൽ പരസ്പരം ആശയവിനിമയം നടത്താൻ കഴിയില്ല.
റാണ ജയിലിലെ 1784-ാം നമ്പർ തടവുകാരനാണ്. റാണയെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കിൽ ജയിലിലെ മറ്റു ബ്ലോക്കുകളെ അപേക്ഷിച്ച് തടവുകാരുടെ എണ്ണം വളരെ കുറവാണ്. റാണയെ പാർപ്പിച്ചിരിക്കുന്ന വാർഡ് ഒരു പ്രത്യേക വാർഡാണെന്നും മറ്റ് വാർഡുകളിലെ ഒരു തടവുകാരനെയും ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും തിഹാർ ജയിലിലെ വൃത്തങ്ങൾ പറഞ്ഞു.
"റാണ ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കൂ. അദ്ദേഹത്തിന് രണ്ട് ആവശ്യങ്ങളുണ്ടായിരുന്നു: പുസ്തകങ്ങളും ഒരു വെസ്റ്റേൺ ടോയ്‌ലറ്റും," വൃത്തങ്ങൾ പറഞ്ഞു. റാണയ്ക്ക് ആറ് പുതപ്പുകളും ഒരു ഫാനും അനുവദിച്ചിട്ടുണ്ട്.
"രാവിലെ 7 മണിയോടെ പ്രഭാതഭക്ഷണമായി ചായ, ബിസ്കറ്റ്, ബ്രെഡ്, ഡാലിയ (പൊടിച്ച ഗോതമ്പ്) എന്നിവ നൽകും. ഉച്ചഭക്ഷണത്തിന് ദാൽ, ചോറ്, സബ്സി, വൈകുന്നേരം ചായയ്‌ക്കൊപ്പം സ്നാക്സ്, അത്താഴത്തിന് ചോറും സബ്സിയും ദാലും നൽകും. പക്ഷേ അദ്ദേഹം അധികം കഴിക്കാറില്ല," വൃത്തങ്ങൾ പറഞ്ഞു.
"റാണയുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കാൻ അദ്ദേഹത്തിന്റെ സെല്ലിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, അദ്ദേഹം 24×7 നിരീക്ഷണത്തിലാണ്. ഈ സെല്ലിൽ പ്രത്യേക പാചകക്കാർ ഉണ്ട്. ഭക്ഷണം തയ്യാറാക്കിയ ശേഷം, വിളമ്പുന്നതിന് മുമ്പ് ജയിൽ ജീവനക്കാർ രുചിച്ചുനോക്കാറുണ്ട്," വൃത്തങ്ങൾ പറഞ്ഞു.
2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് തഹാവൂർ റാണ. കനേഡിയൻ പൗരത്വമുള്ള പാക്കിസ്ഥാൻ മുൻ ആർമി ഡോക്ടറാണ്. മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാക്കിസ്ഥാൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി തഹാവൂർ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.