/indian-express-malayalam/media/media_files/2025/04/24/dPWe83h24pYxHIZmjmEB.jpg)
സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം എങ്ങനെ പാക്കിസ്ഥാനെ ബാധിക്കും?
Jammu Kashmir Terrorist Attack: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പാക്കിസ്ഥാന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സ്രഷ്ടിക്കുമെന്ന്് വിലയിരുത്തൽ. ഭീകരാക്രമണത്തിന് പാകിസ്ഥാൻ സഹായം നൽകിയെന്ന് ആരോപിച്ച് ഇന്ത്യ അഞ്ച് നടപടികളാണ് പ്രഖ്യാപിച്ചത്.
അട്ടാരി അതിർത്തി അടയ്ക്കുക. പാക് പൗരൻമാർക്ക് യാത്ര വിലക്ക്. പാക്ക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യവിടുക. നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുക എന്നിവയ്ക്ക് ഒപ്പം പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗത്തിന് ശേഷം പ്രഖ്യാപിച്ച തീരുമാനങ്ങളിൽ പാകിസ്ഥാന് ഏറ്റവും വലിയ പ്രഹരമാകാൻ പോകുന്നതും സിന്ധുനദീജല കരാർ റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ നടപടിയാണ്.
എന്താണ് സിന്ധു ജല ഉടമ്പടി
സിന്ധു നദി, അതിന്റെ പോഷകനദികൾ എന്നിവയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാർ. 1960 സെപ്റ്റംബർ 19 ന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയിൽ വച്ച് ഒപ്പുവച്ച ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്ലജ് എന്നിവയുടെ ജലത്തിന്റെ പൂർണ്ണ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചെനാബ്, ഝലം എന്നിവയിലെ ജലത്തിന്റെ നിയന്ത്രണം പാകിസ്ഥാനുമാണ്.
ഇതു പ്രകാരം സിന്ധു നദീജല സംവിധാനത്തിലെ മൊത്തം ജലത്തിന്റെ ഏകദേശം 20 ശതമാനം ഇന്ത്യയ്ക്കും ബാക്കി 80 ശതമാനം പാകിസ്ഥാനും ഉപയോഗിക്കാൻ കഴിയും. ഇന്ത്യയിൽ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തിൽ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാർ പ്രകാരം ചെയ്തിരുന്നത്.
ലോകബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ഒമ്പത് വർഷത്തോളം നീണ്ട ചർച്ചകൾക്ക് ഒടുവിലായിരുന്നു കരാർ സാധ്യമായത്. ആഗോള തലത്തിൽ വലിയ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള കരാർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പല തവണ വഷളായപ്പോഴും പുനഃപരിശോധിച്ചിരുന്നില്ല. 65 വർഷത്തിനു ശേഷം ഇന്ത്യ പാകിസ്ഥാന് മേൽ ഏൽപ്പിച്ചിരിക്കുന്ന വലിയ പ്രഹരമായാണ് കരാർ റദ്ദാക്കലിനെ കാണുന്നത്.
ആഗോളതലത്തിൽ ശ്രദ്ധനേടിയ കരാർ
അതിർത്തി കടന്നുള്ള ജലം പങ്കിടലിൽ ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏക കരാറാണ് സിന്ധു നദീജല ഉടമ്പടി. അയൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന്യം കൂടിയായിരുന്നു കരാർ ഉയർത്തിക്കാട്ടിയത്.
സിന്ധു നദീജല ഉടമ്പടി പ്രകാരം ഉത്ഭവത്തിന് അപ്പുറത്ത് ജലപ്രവാഹം ലഭിക്കുന്ന പാകിസ്ഥാന് അനുകൂലമായിരുന്നു കരാർ. സിന്ധു നദീജല സംവിധാനത്തിന്റെ ഏകദേശം 80 ശതമാനം വെള്ളം പാകിസ്ഥാന് ഉപയോഗിക്കാൻ കഴിയും. 1944 ലെ യുഎസ് മെക്സികോ ജല ഉടമ്പടി പ്രകാരം മെക്സിക്കോയ്ക്ക് ലഭിക്കുന്നതിനേക്കാൾ ഏകദേശം 90 മടങ്ങ് കൂടുതലാണ് പാകിസ്ഥാന് ലഭിക്കുന്നത്.
/indian-express-malayalam/media/media_files/2025/04/24/HFcxzRl01mYNuTJCC1Qj.jpg)
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പ്രകൃതിവിഭവങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അടിവരയിടുന്ന കരാർ ആഗോളതലത്തിൽ പലപ്പോഴും പരാമർശിക്കപ്പെടുന്ന ഒന്നായിരുന്നു.1965-ലെയും 1971-ലെയും ഇന്ത്യ പാക് യുദ്ധ കാലത്ത് പോലും കരാർ തുടർന്നു. 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യ കരാറിൽ നിന്ന് പിന്മാറിയിരുന്നില്ല.
കുടിവെള്ളം മുട്ടും
പാകിസ്ഥാന്റെ കിഴക്കൻ മേഖലയിലെ ജലലഭ്യത പൂർണമായും ബാധിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതായിരിക്കും ഈ തീരുമാനം. സിന്ധു നദിയിൽ നിന്നും അതിന്റെ പോഷകനദികളിൽ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാൻ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചാൽ പാകിസ്ഥാൻ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.
പാകിസ്ഥാനിലെ പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതിൽ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. വെള്ളം ലഭ്യത കുറയുന്ന നിലയുണ്ടായാൽ പഞ്ചാബിലെ കാർഷിക മേഖല പ്രതിസന്ധിയിലാകും സാമ്പത്തിക വെല്ലുവിളികൾ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനിൽ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാൽ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Read More
- Jammu Kashmir Terror Attack: ഇന്ത്യ തിരിച്ചടിയ്ക്ക് തയ്യാറെടുക്കുന്നോ ? മിസൈലുകൾ പരീക്ഷിച്ച് നാവികസേന
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
- പഹൽഗാമ ഭീകരാക്രമണം: കടുത്ത നടപടികളിലേക്ക് നീങ്ങി ഇന്ത്യ; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി
- വിവാഹം, ഹണിമൂൺ, ശവസംസ്കാരം; ആ യാത്ര ഒരു പേടിസ്വപ്നമായി മാറുമെന്ന് ഒരിക്കലും കരുതിയില്ല: നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ
- പഹൽഗാം ഭീകരാക്രമണം; കടുത്ത നടപടികളുമായി ഇന്ത്യ; പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം
- പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; അച്ഛനെ വെടിവെച്ചത് എന്റെ കൺമുമ്പിൽ: നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആരതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.