/indian-express-malayalam/media/media_files/UFeynraie1BinLGQOTTE.jpg)
ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 50 സീറ്റുകളായി ബിജെപി മൂന്നാമതും ഭരണം നിലനിർത്തി. ഹരിയാനയിൽ അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി അടുത്തതായി മഹാരാഷ്ട്രയെയാണ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ തകർപ്പൻ ഫലമുണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷ. മഹാരാഷ്ട്രയിൽ കോൺഗ്രസിന് ശക്തമായ അടിത്തറയില്ലാത്തത് ബിജെപിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.
ഹരിയാനയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ചൊവ്വാഴ്ച പുലർച്ചെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സൂചന നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം ഒരിക്കൽ കൂടി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ തെളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയ്ക്കു ശേഷവും വിജയം തുടരുമെന്നും മഹാരാഷ്ട്രയിൽ ബിജെപി വലിയ വിജയം നേടുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിന്റെ പകുതിയും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നതിനാൽ, ഹരിയാനയിലെ പോലെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുകളിൽ ഭരണവിരുദ്ധത വലിയ വിഷയമാകുമെന്ന് ബിജെപി നേതാക്കൾ പ്രതീക്ഷിക്കുന്നില്ല. ഹരിയാനയിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരുന്നു. എന്നാൽ, മഹാരാഷ്ട്ര കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്. ആറ് പാർട്ടികൾ ഉൾപ്പെടുന്ന രണ്ട് സഖ്യങ്ങൾ തമ്മിലാണ് മത്സരം.
ഇരു മുന്നണികളിലും പാർട്ടികൾ തമ്മിലുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കമുണ്ട്. എല്ലാ പാർട്ടികൾക്കും അവരുടെ നേതാക്കളെയും സഖ്യകക്ഷികളെയും ഉൾക്കൊള്ളേണ്ടതിനാൽ, വലിയൊരു മോഹികൾക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് നഷ്ടപ്പെടും. ടിക്കറ്റ് ലഭിക്കാത്തവരെ സഖ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കാൻ ഇടയുണ്ട്.
ഓരോ പാർട്ടിക്കും അവരുടെ സിറ്റിങ് മണ്ഡലങ്ങൾ നിലനിർത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. അതായത്, ശിവസേനയ്ക്ക് 40, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (എൻസിപി) 41 സീറ്റുകൾ. എന്നാൽ, ആകെയുള്ള 288 സീറ്റുകളിൽ 102 എണ്ണത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എൻസിപി 85-90 സീറ്റുകളെന്ന ആവശ്യം മുന്നോട്ടു വയ്ക്കാൻ സാധ്യതയുണ്ട്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസങ്ങൾക്കിടയിൽ രണ്ടുതവണ സംസ്ഥാനം സന്ദർശിച്ചു. കഴിഞ്ഞയാഴ്ച മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത ഷാ, അവരുടെ മനോവീര്യം ഉയർത്താനും ശ്രമിച്ചു. തിരഞ്ഞെടുപ്പിനായി പാർട്ടിയുടെ ഉന്നത നേതൃത്വം എല്ലാ സംഘപരിവാർ സംഘടനകളുടെയും സഹായം തേടിയിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us