/indian-express-malayalam/media/media_files/lXXkH5fmTWQY2oYoNEkL.jpg)
ആർജി കർ മെഡിക്കൽ കോളേജിലെ പത്ത് ഡോക്ടമാർമാരെ പുറത്താക്കി
കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ബംഗാളിലെ ആർജി കർ മെഡിക്കൽ കോളജിലെ 10 ഡോക്ടർമാരെ പുറത്താക്കി. കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വിശ്വസ്തരും അടുപ്പക്കാരുമായ ഡോക്ടർമാരെയാണ് പുറത്താക്കിയത്. ഇവരിൽ സീനിയർ റസിഡന്റ്സ്, ഇന്റേൺസ് തുടങ്ങിയവരും ഉൾപ്പെടുന്നതായി മെഡിക്കൽ കോളജ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
യുവ ഡോക്ടറുടെ കൊലപാതകം, കോളജിലെ സാമ്പത്തിക ക്രമക്കേടുകൾ എന്നിങ്ങനെ രണ്ടു കേസുകളിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. സാമ്പത്തിക ക്രമക്കേട് കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത ഹൗസ് സ്റ്റാഫ് ആശിഷ് പാണ്ഡെ, മറ്റൊരു ഹൗസ് സ്റ്റാഫായ വനിതാ ഡോക്ടർ ആയുഷി താപ എന്നിവർ പുറത്താക്കിയവരിൽ ഉൾപ്പെടുന്നു. സാമ്പത്തിക ക്രമക്കേടിൽ സന്ദീപ് ഘോഷിനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡോ. സൗരവ് പാൽ, അഭിഷേക് സെൻ, നിർജൻ ബാഗ്ചി, ശരീഫ് ഹസൻ, നീലാഗ്‌നി ദേബനാഥ്, അമരേന്ദ്ര സിങ്, സത്പാൽ സിങ്, തൻവീർ അഹമ്മദ് ഖാസി എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റു ഡോക്ടർമാർ. മെഡിക്കൽ കോളജിലെ സഹവിദ്യാർത്ഥികളെ തോൽപ്പിക്കുമെന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തൽ, പ്രത്യേക പാർട്ടിയിൽ ചേരാൻ നിർബന്ധിക്കൽ, ലൈംഗിക അതിക്രമം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ഉത്തരവിൽ പറയുന്നത്.
അതേസമയം, ആർജി കർ മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് സിബിഐ. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും ഹൗസ് സ്റ്റാഫ് ആശിഷ് പാണ്ഡെയും അടങ്ങുന്ന അച്ചുതണ്ട് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകി പണം സമ്പാദിച്ചുവെന്നാണ് കണ്ടെത്തൽ.
എളുപ്പത്തിൽ വിജയിക്കാനായി മെഡിക്കൽ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകി ആശിഷ് പാണ്ഡെ വഴിയാണ് സന്ദീപ് ഘോഷ് പണം സമ്പാദിച്ചിരുന്നത്. പാണ്ഡെയെ ചോദ്യം ചെയ്തപ്പോഴാണ് സിബിഐക്ക് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ആശിഷ് പാണ്ഡെയുടെ നിർദേശാനുസരണമാണ് മെഡിക്കൽ വിദ്യാർത്ഥികളുടെ വിജയത്തിൽ സന്ദീപ് ഘോഷ് തീരുമാനമെടുത്തിരുന്നത്.
സന്ദീപ് ഘോഷിന്റെയും ആശിഷ് പാണ്ഡെയുടേയും ബാങ്ക് അക്കൗണ്ടുകൾ സിബിഐ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇവർക്കു പുറമെ സന്ദീപ് ഘോഷിന് സ്വാധീനമുള്ള വെസ്റ്റ് ബംഗാൾ മെഡിക്കൽ കൗൺസിലിലെ ഏതാനും പേരും സിബിഐയുടെ നിരീക്ഷണത്തിലാണ്. ക്രമക്കേടിൽ ഇവർക്കും പങ്കാളിത്തമുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ.
Read More
- ജാർഖണ്ഡിൽ വിജയം നേടാൻ ബിജെപി നൽകിയ 5 വാഗ്ദാനങ്ങൾ എന്തൊക്കെയാണ്?
- മഞ്ഞാഴങ്ങളിൽ പുതഞ്ഞ പ്രിയപ്പെട്ടവരെ കാത്ത്; കാത്തിരിപ്പ് അവസാനിപ്പിക്കാനെങ്കിലും അവർക്കൊരു 'ക്ലോഷർ' വേണം!
- മരിച്ച മകന്റെ ബീജം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്
- ബലാത്സംഗക്കൊല; ഒൻപതുകാരിയുടെ മരണത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ കത്തിച്ചു
- ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 30പേർ കൊല്ലപ്പെട്ടു; സംസ്ഥാനത്തെ ഏറ്റവും വലിയ ഏറ്റുമുട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.