/indian-express-malayalam/media/media_files/vA96k9mTDmobQEygkngb.jpg)
56 വർഷങ്ങൾക്കു ശേഷം തോമസ് ചെറിയാനെ കണ്ടെടുത്തു, ഇനിയും കണ്ടെത്തപ്പെട്ടിട്ടില്ലാത്ത 89 പേർ കാണാമറയത്ത്...
AN-12 വിമാന അപകടം ബാക്കിവെച്ചതെന്ത്?
മൻ അമൻ സിംഗ് ചിന്ന എഴുതുന്നു
1968 ഫെബ്രുവരി 7.
അന്ന്, ജമ്മു കാശ്മീരിലെ ഉധംപൂരിലുള്ള എയർ മോണിറ്ററിംഗ് കൺട്രോൾ സെൻ്ററിൽ ട്രാൻസ്പോർട്ട് പൈലറ്റായിരുന്നു രമേഷ് ചന്ദ്ര അഗർവാൾ എന്ന 23കാരൻ. വടക്കൻ സെക്ടറിൽ പറക്കുന്ന വിമാനങ്ങളുടെ റേഡിയോ സംപ്രേക്ഷണം നിരീക്ഷിക്കുന്നതിൻ്റെ ചുമതല അഗർവാളിനായിരുന്നു. ഒരു വർഷം മുൻപ് മാത്രം ജോലിയിൽ പ്രവേശിച്ച രമേഷ് ചന്ദ്രയെ സംബന്ധിച്ച്, വളരെ സാധാരണമായൊരു നോൺ-ഫ്ലൈറ്റിംഗ് ഡ്യൂട്ടി ദിവസം മാത്രമായിരുന്നു അത്. സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിച്ച രണ്ട് അൻ്റോനോവ് AN-12 വിമാനങ്ങളും അന്ന് പതിവ് യാത്രയിലായിരുന്നു.
“അന്ന് രാവിലെ, ചണ്ഡീഗഢിൽ നിന്ന് ലേയിലേക്കും തിരിച്ചും AN-12ന് യാത്ര ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് AN-12 വിമാനം ചണ്ഡീഗഢിൽ നിന്ന് ലേയിലേക്ക് പുറപ്പെട്ടു. രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും ഉച്ചയോടെ ആകാശം മേഘാവൃതമായി. വിമാനം പറന്നുയർന്നതിന് ശേഷം, താൻ ചണ്ഡിഗഡിലേക്ക് തന്നെ മടങ്ങുകയാണെന്ന് AN-12ന്റെ പൈലറ്റ് എയർഫീൽഡ് അധികൃതരെ അറിയിച്ചു. അതായിരുന്നു ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് അവസാനമായി കേട്ട സന്ദേശം,” അരമേഷ് ചന്ദ്ര അഗർവാൾ പറയുന്നു.
അതായിരുന്നു ഉധംപൂർ എഎംസിസിയ്ക്ക് AN-12യിൽ നിന്നും ലഭിച്ച അവസാന സന്ദേശം. അതിനുശേഷം AN-12 എവിടെപോയി? ഉധംപൂർ എഎംസിസി ഉടനെ തന്നെ, വിമാനം ഇറങ്ങിയോ എന്നു പരിശോധിക്കാൻ ചണ്ഡീഗഡ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു.
“വിമാനം ഇതുവരെ ഇറങ്ങിയിട്ടില്ലെന്ന് അവർ അറിയിച്ചതോടെ പരിഭ്രാന്തി പരന്നു,” അഗർവാൾ ആ ദിവസം ഓർക്കുന്നു.
AN-12, സീരിയൽ നമ്പർ ബ്രാവോ ലിമ 534 എന്ന വിമാനത്തിന് എന്തു സംഭവിച്ചു? എവിടെ അപ്രത്യക്ഷമായി? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രം...
വൈകാതെ എയർഫോഴ്സിന് ആ ചോദ്യത്തിന് വേദനിപ്പിക്കുന്നൊരു ഉത്തരം കിട്ടി. 'ഫെബ്രുവരി ഏഴിന്, ഉച്ചകഴിഞ്ഞ് 3 മണിയോടെ സ്പിതി താഴ്‌വരയിലെ ഒരു പർവതത്തിൽ വിമാനം തകർന്നുവീണിരിക്കുന്നു. ഇന്ത്യൻ എയർഫോഴ്സിന്റെ 6 ക്രൂ അംഗങ്ങളും 92 ആർമി ഉദ്യോഗസ്ഥരുമടക്കം വിമാനത്തിൽ ഉണ്ടായിരുന്ന 98 പേരും കൊല്ലപ്പെട്ടിരിക്കുന്നു.' ലേയിലെ സർക്കാർ ട്രഷറിയിലേക്കായി കൊണ്ടുപോയ 30 ലക്ഷം രൂപയും വിമാനത്തിൽ ഉണ്ടായിരുന്നു.
AN-12ന്റെ അവസാനത്തെ ആ പറക്കൽ വർഷങ്ങളോളം ഇന്ത്യൻ വ്യോമയാന ചരിത്രത്തെ വേട്ടയാടിയ വലിയ നിഗൂഢതയായി തുടർന്നു. 2003 ജൂലൈയിലാണ് ആ നിഗൂഢതയുടെ നിഴൽ ആദ്യം നീങ്ങിയത്. മണാലി ആസ്ഥാനമായുള്ള അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അലൈഡ് സ്‌പോർട്‌സിൽ നിന്നുള്ള ഒരു സംഘം അപകടസ്ഥലത്തു നിന്നും ഒരു സൈനികൻ്റെ ഭൗതിക അവശിഷ്ടങ്ങൾ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി മേഖലയിലെ ധാക്കയെന്ന മഞ്ഞുമൂടിയ പ്രദേശത്തുനിന്നുമാണ് തണുത്തുറഞ്ഞ രീതിയിൽ ശിപായി ബേലി റാമിൻ്റെ മൃതദേഹം കണ്ടെടുത്തത്. വിമാനം തകർന്ന് 35 വർഷങ്ങൾക്ക് ശേഷമായിരുന്നു ആ കണ്ടെടുപ്പ്. AN-12ൻ്റെ തകർച്ചയ്ക്ക് ആദ്യമായി ലഭിച്ച സ്ഥിരീകരണം കൂടിയായിരുന്നു അത്.
അതിനുശേഷം, ഓപ്പറേഷൻ പുനരുത്ഥൻ -1ൻ്റെ ഭാഗമായി സൈന്യത്തിൻ്റെ ഡോഗ്ര സ്കൗട്ട്സ് പ്രദേശത്തെ തിരച്ചിൽ ഏറ്റെടുത്തു. വിമാനത്തിന്റെയും അപകടത്തിൽ മരണപ്പെട്ടവരുടെയും കൂടുതൽ അവശിഷ്ടങ്ങൾക്കായി അവർ വർഷങ്ങളോളം മഞ്ഞുമലകളിൽ തിരച്ചിൽ നടത്തി. വർഷങ്ങളെടുത്ത് തിരച്ചിൽ സംഘം അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പയനിയർ ഹർദാസ് സിംഗ്, ലാൻസ് നായിക് കമൽ സിംഗ്, ക്രാഫ്റ്റ്‌സ്മാൻ എം എൻ ഫുകാൻ, ഹവിൽദാർ ജഗ്മൽ സിംഗ് എന്നിവരുടെ മൃതശരീരങ്ങളാണ് സംഘം രണ്ടാം ഘട്ടത്തിൽ കണ്ടെത്തിയത്.
തുടർന്ന്, ഈ വർഷം സെപ്റ്റംബർ 29ന്, ഓപ്പറേഷൻ പുനരുത്ഥൻ -1 വീണ്ടും ലക്ഷ്യം കണ്ടു. AN-12ൽ ഉണ്ടായിരുന്ന നാല് പേരുടെ അവശിഷ്ടങ്ങൾ കൂടി അവർ കണ്ടെത്തിയിരിക്കുകയാണ്. ശിപായി നാരായൺ സിംഗ്, പയനിയർ മൽക്കൻ സിംഗ്, മുൻഷി എന്നിവരെയാണ് മഞ്ഞുപുതഞ്ഞ മലകളിൽ നിന്നും സംഘം കണ്ടെടുത്തത്, ഒപ്പം മലയാളിയായ തോമസ് ചെറിയാനെയും. ആർമിയിൽ ക്രാഫ്റ്റ്സ്മാനായിരുന്നു തോമസ് ചെറിയാൻ.
തോമസ് ചെറിയാന്റെയും കൂടെ കണ്ടെത്തപ്പെട്ടവരുടെയും കുടുംബങ്ങളുടെ പതിറ്റാണ്ടുകളോളം നീണ്ടൊരു കാത്തിരിപ്പിന് അവസാനമാവുമ്പോഴും, AN-12ൻ്റെ അവസാനയാത്രയ്ക്കിടെ ഹിമാലയത്തിന്റെ മഞ്ഞാഴങ്ങളിൽ എവിടെയോ ഉറഞ്ഞുപോയ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന എത്രയോ കുടുംബങ്ങൾ ഇനിയും രാജ്യത്തുണ്ട്. പതിറ്റാണ്ടുകൾക്കിപ്പുറവും ആ ദിവസത്തെ കുറിച്ചും AN-12ൻ്റെ അവസാനയാത്രയെ കുറിച്ചും വളരെ കുറച്ചു വിവരങ്ങൾ മാത്രമേ എയർ ഫോഴ്സിന് അറിയൂ. സമസ്യ പോലെ AN-12നു പിന്നിലെ ദുരൂഹത ബാക്കിയാവുന്നു.
കൂട്ടുകാരനു പകരക്കാരനായി മരണത്തിലേക്കു പോയ പ്രൺ നാഥ് മൽഹോത്ര
25 സ്ക്വാഡ്രൺ ഹിമാലയൻ ഈഗിൾസിന്റെ സ്‌ക്വാഡ്രൺ ലീഡറായ പ്രൺ നാഥ് മൽഹോത്ര ചണ്ഡിഗഢിൽ നിന്ന് ലേയിലേക്കും തിരിച്ചും ഒരു യാത്ര പൂർത്തിയാക്കിയതിനു ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു, ചെന്നിട്ടുവേണം ഭാര്യ ഷമ്മിക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ. എന്നാൽ, വിചാരിച്ച പോലെ പ്രൺ നാഥിന് എയർ ബേസിൽ നിന്നും ഇറങ്ങാനായില്ല. AN-12ന്റെ സഹ പൈലറ്റാവുക എന്നതായിരുന്നു ആ ദിവസം പ്രൺ നാഥിനെ കാത്തിരുന്ന ഉത്തരവാദിത്തം.
അഞ്ച് പതിറ്റാണ്ടുകൾക്കുശേഷം, പ്രൺ നാഥ് മൽഹോത്രയുടെ മകൻ സാജിദ് മൽഹോത്ര തന്റെ പിതാവിന്റെ ആ അവസാനയാത്രയെ കുറിച്ച് ഓർക്കുന്നതിങ്ങനെ. “അദ്ദേഹംഎയർ ബേസിൽ നിന്ന് വീട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ്, ഉച്ചതിരിഞ്ഞ് ലേയിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന വിമാനത്തിന്റെ കോ-പൈലറ്റ് തൻ്റെ കുട്ടിക്ക് അസുഖമാണെന്ന് അദ്ദേഹത്തോട് പറയുന്നത്. അദ്ദേഹത്തിനു പകരം ഡ്യൂട്ടിയിൽ കയറാമോ എന്നു തിരക്കി. ആദ്യം അച്ഛൻ ആ അഭ്യർത്ഥന നിരസിച്ചു. അന്നു വീണ്ടും പറക്കാൻ അദ്ദേഹത്തിനു ബുദ്ധിമുട്ടു തോന്നി. മാത്രമല്ല, കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ വേഗം എത്താമെന്ന് അദ്ദേഹം അമ്മയ്ക്ക് വാക്കു നൽകിയിരുന്നു. എന്നാൽ, പുനരാലോചനയിൽ കോ- പൈലറ്റിന്റെ അഭ്യർത്ഥന അദ്ദേഹം ഏറ്റെടുത്തു," ടെലിഫോൺ സംഭാഷണത്തിൽ സാജിദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. യുഎസിലെ സിൻസിനാറ്റിയിൽ താമസിക്കുകയാണ് സാജിദ് ഇപ്പോൾ.
കാണാതായ AN-12 വിമാനത്തിൽ നാവിഗേറ്റർ ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് മാൻ സിംഗ് ബെയ്ൻസും ഉണ്ടായിരുന്നു. അപകടദിവസം മാൻ സിംഗിനെ 25 സ്ക്വാഡ്രൺ ഏരിയയ്ക്ക് അരികെ ഒരു സ്കൂട്ടറിൽ കണ്ട ഓർമയാണ് സഹപ്രവർത്തകനും റിട്ട. വിങ് കമാൻഡറുമായ ഡി എസ് ബജ് വ പങ്കിടുന്നത്. “ഞാൻ അവനെ കൈകാണിച്ചു വിളിച്ചു, പക്ഷേ അവൻ കേട്ടില്ല. പിന്നീട് സ്ക്വാഡ്രൺ കഫറ്റീരിയയിൽ വച്ചു കണ്ടപ്പോൾ ഞാൻ കുറേ വിളിച്ചിട്ട് കേട്ടില്ലല്ലോ എന്നു ഞാനവനോട് പറഞ്ഞു. താനെന്തോ ആശങ്കയിലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.”
ചണ്ഡീഗഢ് എയർഫോഴ്സ് സ്റ്റേഷൻ ആ ദിവസം പതിവുപോലെ സജീവമായിരുന്നുവെന്ന് വിങ് കമാൻഡർ ഗ്രെവാൾ ഓർക്കുന്നു. “അംബാല എയർബേസിൽ നിന്നുള്ള ചില നാറ്റ് ഫൈറ്റർ പൈലറ്റുമാർ അവരുടെ വാർഷിക ഫ്ലൈയിംഗ് മണിക്കൂർ പൂർത്തിയാക്കാൻ ആവുമെന്ന പ്രതീക്ഷയിൽ ലേയിലേക്കുള്ള യാത്രയ്ക്കായിഎത്തിയിരുന്നു. എന്നാൽ വിമാനം നിറഞ്ഞു കവിഞ്ഞതിനാൽ അവർക്ക് ആ യാത്ര നഷ്‌ടമായി. ക്യാപ്റ്റൻ ഫ്ളൈറ്റ് ലെഫ്റ്റനൻ്റ് ഹർകെവാൾ സിംഗ് അവരില്ലാതെ യാത്ര തുടങ്ങിയതിൽ, ചില നാറ്റ് പൈലറ്റുമാർ അവരുടെ അലോസരം പ്രകടിപ്പിക്കുക പോലും ചെയ്തു.” എന്നാൽ, തലനാരിഴയ്ക്ക് മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു ആ നാറ്റ് ഫൈറ്റർ പൈലറ്റുമാർ.
AN-12 ടേക്ക് ഓഫ്
എയർഫോഴ്സ് ജീവനക്കാരും സൈനികരും അവരുടെ സാമഗ്രികളും ട്രഷറിയിലേക്കുള്ള പണവുമായി ഉച്ചയ്ക്ക് 1.56 നാണ് ചണ്ഡീഗഢിൽ നിന്ന് വിമാനം പറന്നുയർന്നത്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് എയർ ഫോഴ്സിലെത്തിയ ഈ സോവിയറ്റ് നിർമ്മിത വിമാനത്തിനു ക്രൂവിനെ കൂടാതെ 100 പേരെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. പൈലറ്റ്, കോ-പൈലറ്റ്, നാവിഗേറ്റർ, ഫ്ലൈറ്റ് എഞ്ചിനീയർ, ഫ്ലൈറ്റ് ഗണ്ണർ എന്നിവരുൾപ്പെടെ 98 പേരാണ് അന്ന് വിമാനത്തിൽ ഉണ്ടായിരുന്നത്. മിക്ക സൈനികരും ആർമി സർവീസ് കോർപ്സ്, കോർപ്സ് ഓഫ് ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാർ, ആർമി മെഡിക്കൽ കോർപ്സ് എന്നിവയിൽ നിന്നുള്ളവരായിരുന്നു, കൂടാതെ പയനിയർ കോർപ്സ്, മിലിട്ടറി ഇൻ്റലിജൻസ് എന്നിവയിൽ നിന്നുള്ള ചിലരും വിമാനത്തിൽ ഉണ്ടായിരുന്നു, ഒപ്പം നാല് സൈനിക ഉദ്യോഗസ്ഥരും.
മിനിറ്റുകൾ കഴിയുന്തോറും ലേയിലെ കാലാവസ്ഥ മോശമാകാൻ തുടങ്ങി. 1968 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സമാഹരിച്ച രേഖകളിൽ, അപകടസമയത്ത് ആറോളം പാരിസ്ഥിതിക മാറ്റങ്ങൾ ജമ്മു കാശ്മീനെ ബാധിച്ചിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ജനുവരിയിൽ കാലാവസ്ഥയിൽ വലിയരീതിയിൽ മാറ്റങ്ങളുണ്ടായി, കനത്ത മഞ്ഞുവീഴ്ചയും. അതുമൂലം രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ശ്രീനഗർ ഒറ്റപ്പെട്ട അവസ്ഥ വരെ എത്തി. ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, മഞ്ഞുവീഴ്ചയുടെ തീവ്രത അൽപ്പം കുറഞ്ഞെങ്കിലും സമാനമായ കാലാവസ്ഥ തന്നെ ഫ്രെബുവരി ആദ്യവാരവും നിലനിന്നിരുന്നു.
എന്നാൽ വിമാനം വിദഗ്ധരുടെ കൈകളിലായിരുന്നു. 30 വയസ്സുള്ള പൈലറ്റ് ഫ്ളൈറ്റ് ലെഫ്റ്റനൻ്റ് ഹർകെവാൾ സിംഗ്, വടക്കുകിഴക്കൻ മേഖലയിലൂടെ അസാധാരണമായ സാഹചര്യങ്ങളിൽ പലതവണ വിമാനം പറത്തിയ വ്യക്തിയും വ്യോമസേനയുടെ മെഡൽ ജേതാവും ആയിരുന്നു. ക്യാപ്റ്റനായ സ്ക്വാഡ്രൺ ലീഡർ മൽഹോത്രയുടെ പ്രായവും അന്ന് മുപ്പതുകളിൽ ആയിരുന്നു.
ഡക്കോട്ട ബെൽറ്റിലും AN-12വിമാനത്തിലും ഹർകെവാൾ സിംഗ് നടത്തിയ 3,441 മണിക്കൂർ പറക്കലിൽ 2,255 മണിക്കൂറും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലായിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമി എന്നറിയപ്പെട്ടിരുന്ന ജോയിൻ്റ് സർവീസസ് വിംഗിൻ്റെ 'ബ്രാവോ' സ്ക്വാഡ്രണിൽ നിന്ന് ബിരുദം നേടിയ ഹർകെവാൾ സിംഗ് 1958ലാണ് ഇന്ത്യൻ എയർഫോഴ്സിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. സ്ക്വാഡ്രൺ ലീഡർ പദവിയിലേക്കുള്ള പ്രമോഷൻ കാത്തിരിക്കുന്ന സമയത്തായിരുന്നു ദൗർഭാഗ്യകരമായ ഈ അപകടം നടന്നത്.
ലഡാക്കിലെ അതിവേഗം മോശമാവുന്ന കാലാവസ്ഥയിൽ വിമാനം നാവിഗേറ്റ് ചെയ്യാൻ അവരെ സഹായിച്ചത് ഇരുപതുകളുടെ അവസാനപാദത്തിലായിരുന്ന ഫ്ളൈറ്റ് ലെഫ്റ്റനൻ്റ് ബെയ്ൻസ് ആയിരുന്നു. ആറു വർഷത്തോളം സർവീസുണ്ടായിരുന്നു ബെയ്ൻസിന്. ബെയ്ൻസ് വിവാഹിതനായിട്ട് അപ്പോൾ കഷ്ടിച്ച് രണ്ട് വർഷം ആവുന്നേ ഉണ്ടായിരുന്നുള്ളൂ.
മഞ്ഞിൽ മറഞ്ഞുപോയ AN-12നെ തേടി
വിമാനം കാണാതായെന്നു മനസ്സിലായതോടെ, AN-12 കണ്ടെത്താനായി എയർഫോഴ്സ് മറ്റൊരു വിമാനത്തെ നിയോഗിച്ചു. എന്നാൽ മോശം കാലാവസ്ഥ കാരണം ദൗത്യം മുഴുമിപ്പിക്കാനാവാതെ ആ വിമാനത്തിനു ചണ്ഡീഗഡ് ബേസിലേക്ക് തന്നെ മടങ്ങേണ്ടി വന്നു.
തൻ്റെ പിതാവ് കോ-പൈലറ്റിനു പകരക്കാരനായി പോയത് ആദ്യം വലിയ ആശയക്കുഴപ്പത്തിനു ഇടയാക്കിയിരുന്നുവെന്ന് സാജിദ് പറയുന്നു.
"അച്ഛന്റെ പേരല്ല, മറ്റൊരു പൈലറ്റിന്റെ പേരായിരുന്നു സ്ക്വാഡ്രൺ രേഖകളിൽ ആദ്യം ഉണ്ടായിരുന്നത്. വിമാനം കാണാതായതായി പ്രഖ്യാപിച്ചപ്പോൾ, മുതിർന്ന ഉദ്യോഗസ്ഥർ ആ പൈലറ്റിന്റെ കുടുംബത്തെ വിവരം അറിയിക്കാനായി അദ്ദേഹത്തിന്റെ വസതിയിലെത്തി. അവരെ അമ്പരപ്പിച്ചുകൊണ്ട്, വാതിൽ തുറന്നത് അതേ പൈലറ്റ്! പിന്നീടാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്. അദ്ദേഹത്തിനു പകരം എൻ്റെ അച്ഛൻ ആണ് വിമാനത്തിലുള്ളതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു."
“അമ്മ കാര്യങ്ങൾ അറിഞ്ഞപ്പോൾ ആ പ്രദേശത്ത് ഒരു വിമാനം എങ്ങനെ കാണാതാകും എന്നതായിരുന്നു അമ്മയുടെ സംശയം. വിമാനം കാണാതായി എന്ന സത്യത്തെ ഉൾകൊള്ളാൻ അമ്മയ്ക്ക് സാധിച്ചില്ല. ഞങ്ങൾ രണ്ടുപേരും കൊച്ചുകുട്ടികളായിരുന്നു അന്ന്. എന്റെ സഹോദരന് ആ മാർച്ചിൽ ഒരു വയസ്സ് ആവുകയേ ഉണ്ടായിരുന്നുള്ളൂ," സാജിദ് പറഞ്ഞു.
രേഖകളിൽ AN-12 മിസ്സിംഗ് കേസ് രേഖപ്പെടുത്തപ്പെട്ടതിങ്ങനെ
1968-ലെ ഈ സംഭവത്തിൻ്റെ രേഖകൾ വിരളമാണെങ്കിലും, ആ വർഷം ഫെബ്രുവരി 13ന്റെ ലോക്‌സഭാ ആർക്കൈവ്‌സിൽ ചില വിവരങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്നത്തെ പ്രതിരോധ മന്ത്രി സ്വരൺ സിംഗ് കാണാതായ വിമാനത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ എംപിമാരുമായി പങ്കിട്ടിരുന്നു. “1968 ഫെബ്രുവരി 7ന് ലേയിൽ നിന്ന് ചണ്ഡീഗഢിലേക്കുള്ള യാത്രാമധ്യേ 14:54 മണിക്കൂർ മുതൽ ഇന്ത്യൻ എയർഫോഴ്സിന്റെ ഒരു ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കാണാതായെന്നും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും സഭയെ അറിയിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു. ചണ്ഡീഗഢിൽ നിന്ന് ലേയിലേക്കുള്ള പതിവുയാത്രയിലായിരുന്നു വിമാനം. 13:56 മണിക്കൂറിലാണ് വിമാനം ചണ്ഡീഗഢിൽ നിന്ന് പറന്നുയർന്നത്."
"ലേയിലേക്കുള്ള ദൂരത്തിൻ്റെ നാലിൽ മൂന്ന് ഭാഗവും പിന്നിട്ട ക്യാപ്റ്റനെ ലാൻഡിംഗിന് അനുകൂലമല്ലാത്ത കാലാവസ്ഥയാണെന്ന് ലേ എയർഫീൽഡ് അധികൃതർ അറിയിച്ചിരുന്നു. അതിനാൽ ക്യാപ്റ്റൻ ചണ്ഡിഗഢിലേക്ക് തന്നെ തിരികെ മടങ്ങാൻ തീരുമാനിച്ചു. കുറച്ച് കഴിഞ്ഞ്, താൻ ചണ്ഡിഗഢിൽ നിന്ന് 75 മൈൽ അകലെയാണെന്ന് ക്യാപ്റ്റൻ ഗ്രൗണ്ട് കൺട്രോളിനെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് വിമാനത്തിൽ നിന്നും ഒരു സന്ദേശം പോലും എത്തിയില്ല. അപ്പോഴും, വിമാനത്തിൽ ഏകദേശം 2.5 മണിക്കൂർ പറക്കാനുള്ള ഇന്ധനം ബാക്കിയുണ്ടായിരുന്നു.” പ്രദേശത്തെ സിവിൽ, ആർമി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കാലാവസ്ഥ തെളിഞ്ഞാലുടൻ തിരച്ചിൽ ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാണാതായ AN-12 തിരയാനുള്ള ശ്രമങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ നടന്നിരുന്നു, എന്നാൽ പ്രതികൂല സാഹചര്യങ്ങൾ, എല്ലാ തിരച്ചിൽ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ എയർ ഫോഴ്സിനെ നിർബന്ധിതരാക്കി.
ഭീതിയോടെയും പ്രാർത്ഥനകളോടെയും കുടുംബം
കാണാതായ പ്രിയപ്പെട്ടവരെ ഓർത്ത് യാത്രികരുടെ കുടുംബങ്ങൾ പരിഭ്രാന്തരായി. ആ സമയത്ത് പുറത്തുവന്ന കിംവദന്തികൾ കുടുംബാംഗങ്ങളുടെ അവസ്ഥ കൂടുതൽ വഷളാക്കി. “വിമാനം നിർബന്ധിതമായി പാകിസ്ഥാനിൽ ഇറക്കിയെന്നും യാത്രക്കാരെല്ലാം അവിടെ തടവിലാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അമ്മ അച്ഛന് കത്തെഴുതും, പക്ഷേ പോസ്റ്റ് ചെയ്യില്ല. എന്തുകൊണ്ടാണ് അമ്മ പുനർവിവാഹം കഴിക്കാത്തതെന്ന് ഞാൻ പിൽക്കാലത്ത് ചോദിച്ചിട്ടുണ്ട്. എന്നെയാണ് ഇതുപോലെ കാണാതെ പോയിരുന്നെങ്കിൽ നിന്റെ അച്ഛനും ഇതു തന്നെ ചെയ്യുമായിരുന്നു എന്നായിരുന്നു അമ്മയുടെ മറുപടി," ” മൽഹോത്രയുടെ മകൻ സാജിദ് പറയുന്നു.
ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് ഹർകെവാൾ സിംഗിന്റെ സഹോദരങ്ങളും സഹോദരൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വർഷങ്ങളോളം കാത്തിരുന്നു. അപകടത്തിന് നാല് വർഷത്തിന് ശേഷം, നാവിഗേറ്ററായ ഫ്ളൈറ്റ് ലെഫ്റ്റനൻ്റ് ബെയ്ൻസിന്റെ ഭാര്യ പർമീന്ദറും മകൻ റിച്ചിയും ചണ്ഡീഗഢ് വിട്ട് കാനഡയിലേക്ക് കുടിയേറി. ബെയ്ൻസിൻ്റെ വൃദ്ധരായ മാതാപിതാക്കൾ, എന്നെങ്കിലും ഒരിക്കൽ മകനെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഗുരുദ്വാരകളും പ്രാർത്ഥനകളുമായി തുടർന്നു. 1977ൽ പിതാവും, 1983ൽ മാതാവും മരണപ്പെടുന്നതുവരെ ആ കാത്തിരിപ്പും നീണ്ടു. ബെയ്ൻസിന്റെ അഞ്ച് സഹോദരങ്ങൾ ഇന്ന് യുഎസിലും യുകെയിലുമൊക്കെയാണ് താമസം.
“എൻ്റെ അമ്മയ്ക്ക് തുച്ഛമായ പെൻഷൻ മാത്രമേ ലഭിച്ചിരുന്നുള്ളൂ, അതുവച്ച് ഞങ്ങൾക്ക് കഷ്ടിച്ച് ജീവിച്ചുപോവാം എന്നുമാത്രം. എന്നാൽ പ്രസിഡൻ്റ് വി വി ഗിരിയുടെ ഭാര്യ ഞങ്ങൾക്ക് ഫരീദാബാദിൽ ഗ്യാസ് ഏജൻസി അനുവദിച്ചു തന്നു. എന്നെയും എൻ്റെ സഹോദരനെയും ഒരു ബോർഡിംഗ് സ്കൂളിൽ ചേർത്തു," സാജിദ് കൂട്ടിച്ചേർത്തു.
2003-ൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് ശേഷം, മൽഹോത്ര "മരിച്ചതായി അനുമാനിക്കപ്പെട്ടു" എന്ന പ്രഖ്യാപനം വന്നു. 1996 മുതലാണ് പെൻഷൻ പ്ലാനുകളിൽ മാറ്റം വന്നത്, പ്രവർത്തന മേഖലകളിലെ മരണത്തിന് ഉയർന്ന പെൻഷൻ വാഗ്ദാനം ചെയ്യപ്പെട്ടു. ഫോർവേഡ് ഏരിയകളിലെ എയർ മിഷനുകളിലെ മരണങ്ങളും ഇതിൽ ഉൾപ്പെട്ടതിനാൽ, മൽഹോത്രയുടെ ഭാര്യ ഷമ്മി അതിന് അപേക്ഷിച്ചു. എന്നാൽ, 1968 ലെ ക്രാഷ് "1996 ലെ കട്ട്-ഓഫ് തീയതി" അനുസരിച്ച് യോഗ്യത നേടിയില്ല എന്നതിൻ്റെ അടിസ്ഥാനത്തിൽ ഷമ്മിയുടെ അവകാശവാദം നിരസിക്കപ്പെട്ടു. എന്നാൽ ഷമ്മി നിയമപ്പോരാട്ടം തുടർന്നു. ഒടുവിൽ, 2024 സെപ്തംബറിൽ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിൽ തൻ്റെ അമ്മ ക്ലെയിം കേസിൽ വിജയിച്ചുവെന്ന് സാജിദ് പറയുന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
2003-ൽ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും, വിമാനത്തിന്റെ തകർച്ചയ്ക്കു പിന്നിലെ കാരണം ഇന്നും ദുരൂഹമായി തുടരുന്നു. തകർച്ചയെക്കുറിച്ചുള്ള അന്വേഷണ കോടതിയുടെ റിപ്പോർട്ട് എയർഫോഴ്സ് ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, ആ സംഭവവുമായി ബന്ധപ്പെട്ട് എയർഫോഴ്സിലെ പൈലറ്റുമാർക്ക് വർഷങ്ങളായി അവരുടേതായ സിദ്ധാന്തങ്ങളുണ്ട്.
“നിർദ്ദിഷ്ട ട്രാക്കിൽ നിന്ന് 30 മൈൽ കിഴക്കുള്ള ഒരു മലമുകളിൽ വിമാനം ഇടിച്ചു. AN-12 വിമാനത്തിൽ പരിമിതമായ ഓക്‌സിജൻ വിതരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, മോശം കാലാവസ്ഥ കാരണം ഓക്‌സിജൻ കുറവായതാവാം അപകടത്തിന് കാരണം,” ട്രാൻസ്പോർട്ട് പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഗർവാൾ പറയുന്നതിങ്ങനെ.
കനത്ത കാറ്റ് വിമാനത്തിന്റെ വഴിതെറ്റിച്ചിരിക്കാം എന്നാണ് ചണ്ഡീഗഡ്-ലേ സെക്ടറിൽ വർഷങ്ങളായി വിമാനം പറത്തുന്ന വിങ് കമാൻഡർ ഗ്രെവാൾ പറയുന്നത്, “ആ അപകടസാധ്യത ക്രൂവിന് പോലും അറിയില്ലായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല. ആ പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവതങ്ങളെല്ലാം താണ്ടി കഴിഞ്ഞെന്നു കരുതി ചിലപ്പോൾ അവർ വിമാനം താഴേക്ക് ഇറക്കാൻ ശ്രമിച്ചതാവാം അപകടകാരണം."
98 പുരുഷന്മാരിൽ ഒമ്പത് പേരുടെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തി കഴിഞ്ഞു. പ്രിയപ്പെട്ടവർക്കു വേണ്ടിയുള്ള ആ 9 കുടുംബങ്ങളുടെ അനന്തമായ കാത്തിരിപ്പിനു കൂടിയാണ് അതോടെ അവസാനമാവുന്നത്. എന്നാൽ ഇനിയും, പ്രിയപ്പെട്ടവർ എവിടെയെന്നറിയാതെ കാത്തിരിക്കുന്നവർ ഏറെയാണ്. കാത്തിരിപ്പ് അവസാനിപ്പിക്കാനെങ്കിലും അവർക്കൊരു 'ക്ലോഷർ' വേണം!
“ഓരോ വേനലിലും, മഞ്ഞുരുകുമ്പോൾ എൻ്റെ പിതാവിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ആ ദിവസങ്ങൾ ഭയത്തോടെ മാത്രമേ ഓർക്കാനാവൂ. 20 വർഷമായി അപകടസ്ഥലം കൃത്യമായി എവിടെയാണെന്ന് കണ്ടെത്തിയിട്ട്. ശേഷിക്കുന്ന മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഇനിയും ശ്രമിക്കണം, ” സാജിദ് പറയുന്നു.
“ഞങ്ങളിൽ ചിലരെ ഹെലികോപ്റ്ററിൽ ക്രാഷ് സൈറ്റിലേക്ക് കൊണ്ടുപോകാൻ ഞാൻ ഇന്ത്യൻ എയർഫോഴ്സിനോട് അഭ്യർത്ഥിക്കുന്നു, ഞങ്ങളുടെ മനസ്സമാധാനത്തിനായി അവിടെ കുറച്ച് പൂക്കൾ ചൊരിയണം. ഒന്നു മാത്രം എനിക്കുറപ്പാണ്, പറക്കാൻ ഏറെയിഷ്ടമുള്ള ആ പർവതങ്ങളിൽ മരിച്ചുവീഴുന്നതോർത്ത് എന്റെ അച്ഛൻ ആശങ്കപ്പെട്ടിട്ടുണ്ടാവില്ല."
Read More
മഞ്ഞിൽ നിന്ന് മണ്ണിലേക്ക്; തോമസ് ചെറിയാന് വീരോചിത യാത്രയയപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.