/indian-express-malayalam/media/media_files/2025/04/27/xFk5tfxNneNNJovfEs5C.jpg)
ഫയൽ ഫൊട്ടൊ
Jammu Kashmir Pahalgam Terrorist Attack: ന്യൂഡൽഹി: പാക്കിസ്ഥാൻ സ്വദേശിനിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സംഭവത്തിൽ സി.ആർ.പി.എഫ.് ജവാനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സി.ആർ.പി.എഫി.ന്റെ 41 ബറ്റാലിയനിലെ ഉദ്യോഗസ്ഥാനായ മുനീർ അഹമ്മദിനെതിരെയാണ് നടപടി. ജമ്മു സ്വദേശിയായ മുനീറിന്റെ ഭാര്യ തന്നെ പാകിസ്ഥാനിലേക്ക് മടക്കി അയക്കരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാഹ വിവരം പുറത്തറിഞ്ഞത്. പിന്നാലെയാണ് സി.ആർ.പി.എഫ.് നടപടി.
പാക് യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ചത് ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണ് എന്ന് സി.ആർ.പി.എഫ് പത്രക്കുറിപ്പിൽ അറിയിച്ചു. യുവതിയെ വിവാഹം ചെയ്തതിന് അപ്പുറത്ത് വിസാ കാലാവധി തീർന്നിട്ടും പാക് പൗരയെ മനപ്പൂർവം ഇന്ത്യയിൽ താമസിപ്പിച്ചു എന്നത് ഗുരുതരമായ നിയമ ലംഘനമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടി എന്നും സി.പി.ആർ.പി.എഫ് വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥന്റെ പ്രവർത്തി നിയമ വിരുദ്ധവും സേനാംഗങ്ങളുടെ പെരുമാറ്റച്ചട്ട ലംഘനവും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. വിഷയം പുറത്തറിഞ്ഞതിന് പിന്നാലെ മുനീർ അഹമ്മദിനെ ജമ്മുകശ്മീർ മേഖലയിൽ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
പാകിസ്ഥാനിലെ സിയാൽകോട്ട് സ്വദേശിയാണ് മുനീറിന്റെ ഭാര്യ മിനൽ ഖാൻ. വിവാഹത്തിന് അനുമതി തേടി അഹമ്മദ് 2023 ൽ സി.ആർ.പി.എഫിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അഭ്യർത്ഥനയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ്, 2024 മെയ് 24 ന് വിവാഹം കഴിക്കുകയായിരുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പുരോഹിതന്മാർ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് വിവാഹം നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാൻ പൗരർക്കുള്ള വിസ റദ്ദാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്ക് പിന്നാലെ പാക്കിസ്ഥാനിലേക്ക് നാടുകടത്തുന്നതിനായി ചൊവ്വാഴ്ച മിനാൽ ഖാനെ അട്ടാരി അതിർത്തിയിലേക്ക് അയച്ചിരുന്നു. ഇതിനിടെ ഇവർ കോടതിയെ സമീപിക്കുകയും തിരിച്ചയക്കുന്ന നടപടി കോടതി താത്കാലികമായി തടയുകയും ചെയ്തിരുന്നു. കോടതിയുടെ പരിഗണയ്ക്ക് എത്തിയ ശേഷമാണ് സേന വിവാഹവിവരം അറിയുന്നത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ മാരിടൈം അധികൃതർ നാവിഗേഷൻ മുന്നറിയിപ്പ് നൽകി.
നാവികസേന അറബിക്കടലിൽ നടത്തുന്ന പരിശീലനങ്ങൾ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സുരക്ഷ ഉറപ്പാക്കാൻ വാണിജ്യ കപ്പലുകൾ പരിശീലനം നടത്തുന്ന പാത ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. പ്രധാന നഗരങ്ങൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സേനകളോട് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയതായാണ് വിവരം.
Read More
- പഹൽഗാം ഭീകരാക്രമണം; കണക്കുതീർക്കാൻ പൂർണ സജ്ജമായി നാവികസേന
- അതിർത്തിയിലെ പാക്ക് പ്രകോപനം; ശക്തമായ മറുപടി നൽകി ഇന്ത്യ
- പാക്കിസ്ഥാന് കനത്ത പ്രഹരം; ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം തടഞ്ഞ് ഇന്ത്യ
- പഹൽഗാം ഭീകരാക്രമണം; ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ ഇൻറലിജൻസ് റിപ്പോർട്ട് നൽകി
- പാക്കിസ്ഥാന് കനത്ത പ്രഹരം; പാക്ക് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ സമ്പൂർണ വിലക്ക്
- പഹൽഗാം ഭീകരാക്രമണം; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.