/indian-express-malayalam/media/media_files/NIOQ7vFitT0iO9qlQeTL.jpg)
കെ.മാധവി ലത (ഫയൽ ചിത്രം)
ഹൈദരാബാദ്: പോളിംഗ് ബൂത്തിലെത്തി ബുർഖ ധരിച്ച സ്ത്രീകളുടെ മുഖം കാണണമെന്ന് ആവശ്യപ്പെട്ട ഹൈദാരാബാദ് മണ്ഡലം ബിജെപി സ്ഥാനാർത്ഥി മാധവി ലതയുടെ നടപടി വിവാദത്തിൽ. പർദ്ദ ധരിച്ച സ്ത്രീകളോട് അവ മാറ്റി മുഖം കാണിക്കാൻ മാധവി ലത ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരാതിയുമായി അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഹൈദരാബാദിൽ മാധവി ലതയും ഒവൈസിയും തമ്മിലാണ് ഇത്തവണ ഏറ്റുമുട്ടുന്നത്.അമൃത വിദ്യാലയത്തിൽ സ്വന്തം വോട്ട് രേഖപ്പെടുത്തിയ ശേഷം നിരവധി പോളിംഗ് ബൂത്തുകൾ സന്ദർശിച്ച ലത, അസംപൂരിലെ ഒരു പോളിംഗ് ബൂത്തിലെത്തിയാണ് സ്ത്രീകളുടെ ബുർഖ മുഖത്ത് നിന്നും മാറ്റി പരിശോധന നടത്തിയത്.
ലതയുടെ നടപടി പോളിംഗ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും സ്ഥാനാർത്ഥിയെന്ന നിലയിൽ യഥാർത്ഥ വോട്ടറാണോ വോട്ട് ചെയ്യുന്നതെന്ന് തനിക്ക് കൂടി ബോധ്യപ്പെടണ്ടേ എന്നായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ പ്രതികരണം. സ്ത്രീകളുടെ ഐഡി കാർഡുകൾ പരിശോധിച്ച ശേഷമായിരുന്നു ബുർഖ മാറ്റാൻ ആവശ്യപ്പെട്ടത്.
#WATCH | Telangana: bjp candidate from Hyderabad Lok Sabha constituency, Madhavi Latha visits a polling booth in the constituency. Voting for the fourth phase of #LokSabhaElections2024 is underway. pic.twitter.com/BlsQXRn80C
— ANI (@ANI) May 13, 2024
തിരിച്ചറിയൽ കാർഡുകൾ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്നും ലത പോളിംഗ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകളുണ്ടെന്നും നിരവധി വോട്ടർമാരുടെ പേരുകൾ കാണാതായെന്നും അവർ പിന്നീട് ആരോപിച്ചു. ലതയ്‌ക്കെതിരെ മലക്‌പേട്ട് പോലീസ് സ്‌റ്റേഷനിൽ 171 സി (തെരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനം), 186 (പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ), 505 (1) (സി) (പ്രേരണയുണ്ടാക്കാനുള്ള ഉദ്ദേശം) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് വരണാധികാരിയായ ഹൈദരാബാദ് കളക്ടർ വ്യക്തമാക്കി.
നേരത്തെയും മാധവി ലത നിരവധി വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്. ഏപ്രിൽ 17 ന്, ശ്രീരാമനവമി റാലിക്കിടെ അവർ ഒരു പള്ളിയുടെ ദിശയിലേക്ക്അമ്പ് എയ്യുന്നതായി ആക്ഷൻ കാണിച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മാപ്പ് പറയുകയും വീഡിയോ ക്ലിപ്പ് അപൂർണ്ണമാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.