/indian-express-malayalam/media/media_files/DnFjrm0u8YDg6EXJKWcc.jpg)
നരേന്ദ്രമോദിയുടെ സമീപകാല അദാനി-അംബാനി പരാമർശ വിവാദത്തിലും പ്രധാനമന്ത്രിയെ രാഹുൽ വിമർശിച്ചു
ലക്നൗ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തില്ലെന്ന് രാഹുൽ ഗാന്ധി. ഉത്തർ പ്രദേശിൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്നും യുപിയിലെ ജനങ്ങൾ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്രതിപക്ഷമെന്ന നിലയിൽ സമാജ് വാദി പാർട്ടിയും കോൺഗ്രസും തങ്ങൾ നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങളെല്ലാം തന്നെ ചെയ്തിട്ടുണ്ടെന്നും കനൗജ് മണ്ഡലത്തിൽ അഖിലേഷ് യാദവിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
താനും അഖിലേഷ് യാദവും ഇന്ത്യാ സഖ്യവും കഴിഞ്ഞ രണ്ട് വർഷത്തിനിടെ തങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഭാരത് ജോഡോ യാത്ര, നഫ്രത് കെ ബസാർ മേ മൊഹബത് കി ദുകാൻ (വിദ്വേഷത്തിനിടയിലും സ്നേഹം പ്രചരിപ്പിക്കാൻ), ന്യായ് യാത്രയും ഇന്ത്യാ സഖ്യത്തിന്റെ യോഗങ്ങളും എടുത്തുപറഞ്ഞുകൊണ്ട് രാഹുൽ പറഞ്ഞു.
“നിങ്ങൾ ഇത് കുറിച്ച് വെച്ചോളുക, നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല, ഉത്തർപ്രദേശിൽ ബിജെപിക്ക് ഏറ്റവും വലിയ സീറ്റ് നഷ്ടം സംഭവിക്കും, കാരണം സംസ്ഥാനത്തെ ജനങ്ങൾ ഒരു മാറ്റത്തിനായി തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു" രാഹുൽ പറഞ്ഞു. കന്നൗജ് ലോക്‌സഭാ മണ്ഡലത്തിൽ അഖിലേഷ് യാദവിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഇന്ത്യൻ സഖ്യത്തിലെ മറ്റ് പാർട്ടികൾ എന്നിവരോട് യോഗത്തിൽ രാഹുൽ അഭ്യർത്ഥിച്ചു.
നരേന്ദ്രമോദിയുടെ സമീപകാല അദാനി-അംബാനി പരാമർശ വിവാദത്തിലും പ്രധാനമന്ത്രിയെ രാഹുൽ വിമർശിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിലെ ആയിരക്കണക്കിന് പ്രസംഗങ്ങളിൽ നരേന്ദ്ര മോദി അദാനിയെയും അംബാനിയെയും പരാമർശിച്ചിട്ടില്ലെന്ന് ഗാന്ധി പറഞ്ഞു. “ആരെങ്കിലും ഭയപ്പെടുമ്പോൾ, അവന്റെ വിശ്വാസമനുസരിച്ച് അവനെ രക്ഷിക്കാൻ കഴിയുന്ന വ്യക്തിയുടെ പേര് അവൻ എടുത്തു പറയുന്നത് സാധാരണയാണ്. അതേ കാരണത്താൽ തന്നെ രക്ഷിക്കാൻ വരണമെന്ന് അഭ്യർത്ഥിച്ച് നരേന്ദ്ര മോദി തന്റെ രണ്ട് സുഹൃത്തുക്കളുടെ പേരുകളും ഇപ്പോൾ ഉപയോഗിച്ചിരിക്കുകയാണ്" രാഹുൽ പറഞ്ഞു.
മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 22 വ്യക്തികളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന് 22 പേരെ (കോടീശ്വരന്മാർ) ആക്കാമെങ്കിൽ കോടിക്കണക്കിന് സാധാരണക്കാരെ ലക്ഷപതികളാക്കാനാണ് ഇന്ത്യാ സഖ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച സമയത്ത് കനൗജിലെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യോഗത്തെ അഭിസംബോധന ചെയ്തത്. "ഞാൻ ഇവിടെ നിന്ന് മത്സരിച്ചാലും ഇല്ലെങ്കിലും, ഒരിക്കലും കനൗജിലെ ജനങ്ങളെ ഉപേക്ഷിച്ചിട്ടില്ല," യാദവ് പറഞ്ഞു. 2012ൽ അദ്ദേഹം സീറ്റ് ഒഴിഞ്ഞതോടെ ഭാര്യ ഡിംപിളാണ് കനൗജിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
Read More
- ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം
- അദാനിയും അംബാനിയും നിറയുന്ന രാഹുൽ- മോദി പോർവിളികൾ
- അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും: എൻഡിഎ 150 കടക്കില്ലെന്ന് രാഹുൽ ഗാന്ധി
- കന്യാകുമാരിക്കടുത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.