/indian-express-malayalam/media/media_files/CesgPGn24WvD0rLKpBC1.jpg)
ചിത്രം: കെഎസ്ഇബി
വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച അട്ടമലയിൽ വൈദ്യുതിയെത്തി. പ്രദേശത്തെ നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായെന്ന് കെഎസ്ഇബി അറിയിച്ചു. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ.വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്.
ചൂരൽമലയിൽ നിന്ന്, താത്കാലിക പാലത്തിലൂടെ ഉപകരണങ്ങൾ അട്ടമലയിൽ എത്തിച്ചാണ് പുനഃസ്ഥാപന പ്രവർത്തനം നടത്തിയത്. കെ.എസ്.ഇ.ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ചൂരൽമല ടൗണിലെ പ്രകാശസംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
കോടികളുടെ നാശനഷ്ടമാണ് കെഎസ്ഇബിക്ക് പ്രദേശത്തുണ്ടായത്. മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിരുന്നു.
ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി പോവുകയും, ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. പലയിടത്തും വൈദ്യുതി കമ്പികൾ പൊട്ടിവീണ നിലയിലാണ്. മേപ്പാടി പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നു. കുറഞ്ഞത് 3.5 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഈ മേഖലയിൽ മാത്രം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us